മൂവാറ്റുപുഴ: ലൈൻഓഫാക്കിയ ശേഷം ഇലക്ട്രിക് പോസ്റ്റിൽ അറ്റകുറ്റപ്പണിക്ക് കയറിയ ലൈന്മാന് ദാരുണാന്ത്യം. നഗരസഭ കാര്യാലയത്തിന് മുൻപിലെ ഇലക്ട്രിക്ക് പോസ്റ്റിൽ ലൂസായി കിടന്ന സർവീസ് വയർ ബന്ധിപ്പിക്കുവാൻ എത്തിയ കറുകടം കൈനാട്ടുമറ്റത്തിൽ എൽദോസ് (40 ) ആണ് ഷോക്കേറ്റ് മരിച്ചത്.

കെസ്ഇബി മുവാറ്റുപുഴ മേജർ സെക്ടർറിലേ ലൈൻ മാനാണ്. ഷോക്കേറ്റ് വൈദ്യുത ലൈനിൽ കുടുങ്ങി കിടന്ന എൽദോസിനെ ഫയർ ഫോഴ്സ് എത്തിയാണ് താഴേ ഇറക്കിയത്. ഉടനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈദ്യത ലൈൻ നന്നാക്കുന്നതിനായി ലൈൻ ഓഫ് ചെയ്തിരുന്നു. എന്നാൽ, വ്യാപാര സ്ഥാപനത്തിൽ ജനറേറ്റർ പ്രവർത്തിപ്പിക്കുകയും , അങ്ങനെ വൈദ്യതി പ്രവഹിച്ചതാകാനാണ് സാധ്യത എന്നുമാണ് ജീവനക്കാരുടെ സംശയം. മൂവാറ്റുപുഴ പൊലീസ് മേൽ നടപടി സ്വീകരിച്ചു.