- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദളിത് കുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും സംഘവും; മുഖ്യമന്ത്രി പറഞ്ഞിട്ടും വൈദ്യുതി കണക്ഷനില്ല
അടൂർ: ബന്ധുവിന്റെ സ്ഥലത്തോടു ചേർന്ന ദളിത് കുടുംബത്തിന്റെ ഭൂമി ചുളുവിലയിൽ തട്ടിയെടുക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ ശ്രമം. വൈദ്യുതി കണക്ഷൻ മുടക്കിയും മറ്റു സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ചും കുടുംബത്തെ പുകച്ചു പുറത്താക്കി ഭൂമി തട്ടിയെടുക്കാനാണ് നീക്കം. ദളിത് കുടുംബത്തിന് സൗജന്യ വൈദ്യുതികണക്ഷൻ നൽകണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിന്
അടൂർ: ബന്ധുവിന്റെ സ്ഥലത്തോടു ചേർന്ന ദളിത് കുടുംബത്തിന്റെ ഭൂമി ചുളുവിലയിൽ തട്ടിയെടുക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ ശ്രമം. വൈദ്യുതി കണക്ഷൻ മുടക്കിയും മറ്റു സമ്മർദതന്ത്രങ്ങൾ പ്രയോഗിച്ചും കുടുംബത്തെ പുകച്ചു പുറത്താക്കി ഭൂമി തട്ടിയെടുക്കാനാണ് നീക്കം.
ദളിത് കുടുംബത്തിന് സൗജന്യ വൈദ്യുതികണക്ഷൻ നൽകണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ചാണ് ഉദ്യോഗസ്ഥന്റെ കളി. മുഖ്യമന്ത്രിയല്ല, വകുപ്പുമന്ത്രി പറഞ്ഞാൽ പോലും വല്ലതും നടക്കണമെങ്കിൽ ഉദ്യോഗസ്ഥർ കനിയണമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ സംഭവം.
ജില്ലാ ആസ്ഥാനത്ത് കഴിഞ്ഞ ഏപ്രിൽ 30നു നടന്ന ജനസമ്പർക്ക പരിപാടിയിൽ കരുവാറ്റ ബൈപ്പാസിനു സമീപം താമസിക്കുന്ന അമ്പനാട്ട് വീട്ടിൽ ശശിയുടെ കുടുംബത്തിന് വൈദ്യുതി കണക്ഷൻ അനുവദിച്ചിരുന്നു. എന്നാൽ, ഇതിനായി പോസ്റ്റ് സ്ഥാപിക്കുന്നത് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനും അയാളുടെ ബന്ധുവും ചേർന്നു തടഞ്ഞതായി പറയുന്നു. ഇതിനു മുൻപ് ഇവർക്ക് കണക്ഷൻ നൽകാൻ ശ്രമിച്ചപ്പോഴും ഇതേ ഉദ്യോഗസ്ഥൻ തടസം നിന്നു. ദളിതനായ ശശി എ.പി.എൽ വിഭാഗത്തിൽപ്പെട്ടയാളാണെന്ന് നേരത്തെ സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനീയർ ഡെപ്യൂട്ടിചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയിരുന്നുവത്രേ. ഇതു വ്യാജമാണെന്ന് കേരളാ ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
എസ്റ്റിമേറ്റ് തുകയായ 54,103 രൂപ ഒടുക്കുന്ന പക്ഷം കണക്ഷൻ നൽകാമെന്നായിരുന്നു അസിസ്റ്റന്റ് എൻജിനീയർ തുളസീധരക്കുറുപ്പിന്റെ റിപ്പോർട്ട്. ജനസമ്പർക്ക പരിപാടിയിൽ ശശി കൊടുത്ത പരാതിയിൽ അന്വേഷണം നടത്തി കുടുംബം ബി. പി. എൽ. ആണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 11-ന് കണക്ഷൻ നൽകാൻ വൈദ്യുതി വകുപ്പിലെ കരാർ ജീവനക്കാർ എത്തിയത്. ഈ സമയം സമീപസ്ഥലത്തിന്റെ ഉടമയായ കെ. എസ്. ഇ. ബി.യിലെ ഒരു ഉദ്യോഗസ്ഥന്റെ ബന്ധു എത്തി പണി തടസപ്പെടുത്തിയെന്നു പറയുന്നു. തുടർന്ന് ഇതേ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതനുസരിച്ച് ജീവനക്കാർ പണി നിർത്തിപോവുകയും ചെയ്തു. ഇവരുടെ 11 സെന്റ് സ്ഥലം തുച്ഛമായ വിലയ്ക്ക് കൈക്കലാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും അതിനായി ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കുകയാണെന്നുമാണ് കൗൺസിലിന്റെ ആരോപണം.
ഇതു കാണിച്ച് കലക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ശശിയും ഭാര്യയും 80 വയസുള്ള മാതാവും ബി. എയ്ക്കും എട്ടാംക്ലാസിലും പഠിക്കുന്ന രണ്ടുമക്കളുമാണ് വീട്ടിലെ താമസം. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഇപ്പോഴും കുട്ടികളുടെ പഠനം. വൈദ്യുതി കണക്ഷൻ അനുവദിക്കുന്നതിനു തടസം നിൽക്കുന്നവർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി വിജയൻ മാമൂട്, ജില്ലാകമ്മിറ്റിയംഗം മോഹനൻ എന്നിവർ ആവശ്യപ്പെട്ടു. ഇവരുടെ എസ്റ്റിമേറ്റ് തുക സർക്കാർ അടച്ചതിനാൽ കണക്ഷൻ കൊടുക്കാൻ തയാറാണെന്ന് ഇപ്പോൾ സെക്ഷൻ അധികൃതർ പറയുന്നുണ്ട്.