- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുവള്ളിയിലെ ശബരിമല വിമാനത്താവള പദ്ധതി അനാവശ്യം; കെ റെയിൽ എത്താത്ത വയാനാട്ടിലേക്കും പാലക്കാട്ടേക്കും ഇടുക്കിയിലേക്കും അതിവേഗ യാത്ര സാധ്യം; തീര മേഖല എതിർത്തപ്പോൾ തകർന്ന സീ പ്ലെയിൻ ആശയത്തിന് പുതു വെർഷൻ; സിൽവർലൈനിലെ കടഭാരം കുറയ്ക്കാൻ 'ഡാം പ്ലെയിൻ'! കെ എസ് ഇ ബി ഫ്‌ളോട്ട് പ്ലെയിൻ സർവിസിന് പ്രതീക്ഷ ഏറെ
തിരുവനന്തപുരം: സീ പ്ലെയിന് എന്ന പഴയ ആശയം ഡാം പ്ലെയിനായി മാറിയേക്കും. വൈദ്യുതി ബോർഡിന്റെ ഡാമുകളിൽ ജല വിമാനങ്ങളും ബോർഡിന്റെ ലാൻഡിങ് സൗകര്യമുള്ള സ്ഥലങ്ങളിൽ ഹെലികോപ്റ്ററുകളും ഇറക്കി ഇതര വരുമാനം കണ്ടെത്താനാണ് നീക്കം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിൽ സീ പ്ലയിൻ എന്ന ആശയം അവതരിപ്പിച്ചിരുന്നു. എന്നാൽ തീര വാസികളുടെ പ്രതിഷേധം മൂലം നടന്നില്ല. ഇതാണ് ഡാം പ്ലെയിനായി കെ എസ് ഇ ബി അവതരിപ്പിക്കുന്നത്. ഇതിന് വേണ്ടി ക്ഷണിച്ച ടെൻഡറിൽ ലഭിച്ചത് 5 താൽപര്യ പത്രങ്ങൾ കെ എസ് ഇ ബി യ്ക്ക് ലഭിച്ചു.
രേഖകളുടെ പരിശോധന പൂർത്തിയാക്കുന്ന മുറയ്ക്ക്, ഉയർന്ന ലാൻഡിങ് ഫീസ് വാഗ്ദാനം ചെയ്ത കമ്പനികളുടെ നിരക്കിൽ എല്ലാ കമ്പനികൾക്കും ലാൻഡിങ് അവകാശം നൽകുന്നതിനു ബോർഡിനോട് ശുപാർശ ചെയ്യാൻ വിദഗ്ധ സമിതി യോഗം തീരുമാനിച്ചു. ഇതോടെ ടെൻഡറിൽ പങ്കെടുത്തവർക്കെല്ലാം സർവ്വീസ് നടത്താമെന്ന സ്ഥിതി വരും. കേരളത്തിന്റെ ടൂറിസം വികസനത്തിലും ഇത് നിർണ്ണായകമായി മാറും. കെ എസ് ഇ ബിയുടെ ഡാമുകളെല്ലാം മികച്ച വിനോദ സഞ്ചാര മേഖലകൾ കൂടിയാണ്.
സീ പ്ലെയിൻ എന്ന ആശയവും വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് ഉമ്മൻ ചാണ്ടി സർക്കാർ ചർച്ചയാക്കിയത്. എന്നാൽ സീ പ്ലെയിനിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി എത്തി. മീനുകളുടെ ആവാസ വ്യവസ്ഥയെ ഇത് തകർക്കുമെന്ന വാദമെത്തി. ഇതോടെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഈ ആക്ഷേപങ്ങളൊന്നും ഡാമിൽ വിമാനം ഇറക്കിയാൽ കേൾക്കേണ്ടി വരില്ല. ശബരിമല വിമാനത്താവളത്തിന്റെ പ്രസക്തി പോലും ചോദ്യം ചെയ്യുന്ന ആശയമായി ഇതു മാറും. ശബരിമല തീർത്ഥാടകർക്ക് വേണ്ടിയാണ് എരുമേലിയിൽ ശബരിമല വിമാനത്താവള പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന് കേന്ദ്രാനുമതി കിട്ടിയിട്ടില്ല.
കെപി യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റിലാണ് ശബരിമല വിമാനത്താവളം ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഈ ഭൂമി സർക്കാരിന്റേതാണെന്നതാണ് വസ്തുത. ഇതിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ ചെറുവള്ളി എസ്‌റ്റേറ്റിലെ വിമാനത്താവള പദ്ധതിക്ക് ഏറെ പ്രതിസന്ധികൾ ഉണ്ട്. ഇതെല്ലാം ഡാമുകളിലെ വിമാനം ഇറക്കൽ പദ്ധതിയോടെ തന്നെ വേണ്ടെന്ന് വയ്ക്കാൻ സർക്കാരിന് കഴിയുമെന്നതാണ് യാഥാർത്ഥ്യം. കെ റെയിലിന് ബദലായി ഡാം പ്ലെയിൻ അവതരിപ്പിക്കാനും കഴിയും.
കെ എസ് ഇ ബിക്ക് പുറമേ ജല വകുപ്പിനുംഡാമുകളുണ്ട്. ഈ ഡാമുകളേയും ജല വിമാന പദ്ധതിക്ക് ഉപയോഗിക്കാം. അങ്ങനെ വന്നാൽ കേരളത്തിൽ ആകെ വിമാനത്താവളം നിർമ്മിക്കാതെ തന്നെ വിമാന സർവ്വീസ് എന്നത് യാഥാർത്ഥ്യമാകുകയും ചെയ്യും. പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒഴിവാക്കാം. ഇതിനുള്ള അനന്ത സാധ്യതയാണ് വൈദ്യുത ബോർഡിന്റെ പദ്ധതി മുമ്പോട്ട് വയ്ക്കുന്നത്. കേരളത്തിലുട നീളം അതിവേഗ യാത്രം സാധ്യമാകും. കെ റെയിൽ കടന്നു ചെല്ലാത്ത ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും പോലും ജല വിമാനങ്ങൾക്ക് പറന്നെത്താൻ കഴിയും.
ശബരിമലയ്ക്ക് തൊട്ടടുത്ത് തന്നെ കെ എസ് ഇ ബിക്ക് നിരവധി ഡാമുകളുണ്ട്. ഇവിടെ ജല വിമാനങ്ങൾക്ക് ഇറങ്ങാനായാൽ വിമാനത്തിൽ എത്താൻ ആഗ്രഹിക്കുന്ന തീർത്ഥാടകർക്ക് പോലും അതിവേഗം ശബരിമലയിൽ എത്താനാകും. ഡാം പ്രദേശത്ത് ഹെലികോപ്ടറിനും ഇറങ്ങാനുള്ള വിശാല സ്ഥലങ്ങൾ നിർമ്മിച്ചെടുക്കാൻ വേഗത്തിൽ കഴിയും. ജലവിമാന വിഭാഗത്തിൽ പിന്നക്കിൾ എയർ പ്രൈവറ്റ് ലിമിറ്റഡും ഹെലികോപ്റ്റർ വിഭാഗത്തിൽ ചിപ്‌സൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡും ആണ് ഏറ്റവും ഉയർന്ന ലാൻഡിങ് ഫീസ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹെലികോപ്റ്റർ ലാൻഡിങ്ങിന് 20,000 രൂപ വരെ കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. വൈദ്യുതി ബോർഡിനു ലഭിക്കുന്ന ലാൻഡിങ് തുകയുടെ അടിസ്ഥാനത്തിൽ, ആവശ്യമായ എല്ലാ അനുമതികളും ലൈസൻസുകളും സമ്പാദിക്കുന്ന മികച്ച ഓപ്പറേറ്റർമാർക്കാണ് ലാൻഡിങ്ങിനുള്ള അവകാശം നൽകുക. വിദഗ്ധ സമിതി 5 താൽപര്യ പത്രങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ രംഗത്ത് മുൻ പരിചയമുള്ള എൻഹാൻസ് ഏവിയേഷൻ സർവീസസ് എൽഎൽപി, ചിപ്‌സൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, പിന്നക്കിൾ എയർ പ്രൈവറ്റ് ലിമിറ്റഡ്, കൈരളി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാർഡിയൻ ഏവിയേഷൻ എന്നിവരാണ് താൽപര്യപത്രം നൽകിയത്.
പ്രധാനമായും ജലത്തിൽ ഇറക്കാവുന്ന സെസ്‌ന 208 ആംഫിബിയൻ, ഡാഹർ കോഡിയാക് 100 എന്നീ വിമാനങ്ങളും ഹെലികോപ്റ്റർ വിഭാഗത്തിൽ എയർബസ് 135, എംബിബി ബെൽ 407 എന്നിവയുമാണ് കമ്പനികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വൈദ്യുതി ബോർഡിനുകീഴിലെ ഡാമുകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളോട്ട് പ്ലെയിൻ സർവിസ് ആലോചിക്കുന്നത്. അന്തമാൻ നികോബാർ, സർദാർ സരോവർ ഡാം, മാലദീപ് തുടങ്ങിയ സ്ഥലങ്ങളിൽ സമാന പദ്ധതികൾ നിലവിലുണ്ട്. അണക്കെട്ടുകളിൽനിന്ന് പറന്നുയരുന്ന വിമാനത്തിൽ കുറഞ്ഞ നിരക്കിലുള്ള ചെറിയ യാത്രകളാണ് വിഭാവനം ചെയ്യുന്നത്.
ആറുമുതൽ 12 പേർക്കുവരെ യാത്ര ചെയ്യാവുന്ന, ഒറ്റ എൻജിനുള്ള വിമാനങ്ങളാകും സർവിസിന് ഉപയോഗിക്കുക. ഇതോടൊപ്പം 16-22 പേർക്ക് യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ വിമാനങ്ങൾ ഇറക്കാനും പദ്ധതിയുണ്ട്. കെ.എസ്.ഇ.ബിക്ക് സാമ്പത്തികബാധ്യത ഉണ്ടാകാത്ത വിധത്തിൽ വിമാനക്കമ്പനികൾതന്നെ സർവിസ് നടത്തണമെന്നാണ് തീരുമാനം. സൗകര്യങ്ങളും സംവിധാനങ്ങളും കെ.എസ്.ഇ.ബി നൽകും. തെരഞ്ഞെടുക്കുന്ന കമ്പനികളുമായി കെ.എസ്.ഇ.ബി ധാരണപത്രം ഒപ്പുവെക്കും. മാട്ടുപ്പെട്ടിയടക്കം ഡാമുകളിൽ സർവിസ് ആരംഭിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
ജലാശയങ്ങളിൽ സഞ്ചരിക്കുകയും ആകാശത്തിലൂടെ പറക്കുകയും ചെയ്യുന്ന ഫ്‌ളൈ ബോട്ട് സർവിസിന് നിരവധി സഞ്ചാരികൾ എത്തുന്ന മൂന്നാറിൽ മാട്ടുപ്പെട്ടി ജലാശയം ഉപയോഗിക്കാനാണ് പദ്ധതി. വിദേശിയരും തദ്ദേശിയരുമായി നിരവധിയാളുകൾ എത്തുന്ന മൂന്നാറിലെ പ്രധാന ആകർഷണമായി ഇത് മാറുമെന്ന് കരുതുന്നു. അഞ്ച് കിലോമീറ്റർ അകലെയുള്ള കുണ്ടള ജലാശയവുമായി ബന്ധപ്പെടുത്തി വിനോദസഞ്ചാരികളെ എത്തിക്കുന്നത് വിജയകരമാകുമെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ