- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ഇ.ബി സമരം; ഡയസ്നോൺ പ്രഖ്യാപിക്കാൻ ബോർഡ് തീരുമാനം; ഓഫീസർമാർ നടത്തുന്ന സമരം തെറ്റായ കീഴ് വഴക്കമെന്ന് ചൂണ്ടിക്കാട്ടി നടപടി; തൊഴിലാളി യൂണിയനല്ല, സർവീസ് സംഘടനയാണെന്ന കാര്യം ഓർമ്മപ്പെടുത്തി വൈദ്യുതി ബോർഡ്; സമരം തകർക്കാമെന്ന് കരുതേണ്ടെന്ന് എം ജി സുരേഷ്‌കുമാർ
തിരുവനന്തപുരം: വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി ഒരു വിഭാഗം കെ.എസ്.ഇ.ബി ഓഫീസേഴ്സർമാരുടെ സമരം മുന്നോട്ടുപോകുമ്പോൾ സമരത്തെ നേരിടാൻ ഒരുങ്ങി ബോർഡും. കെഎസ്ഇബി അസോസിയേഷന്റെ സമരത്തെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിക്കാനാണ് ബോർഡിന്റെ നീക്കം. ഓഫീസർമാർ നടത്തുന്ന സമരം തെറ്റായ കീഴ് വഴക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോർഡിന്റെ നടപടി.
ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ബോർഡ് മെമ്പർമാരിൽ ചിലരുടെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ നടപടി അടക്കം വന്നത്. എന്നിട്ടും സമരം തുടരുന്നതിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ട്. ഇതൊരു തൊഴിലാളിയൂണിയനല്ല. സർവീസ് സംഘടനയാണ്. അതുകൊണ്ട് തന്നെ ചട്ടപ്രകാരം ഇത് നിയമലംഘനമാണെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
നാളെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവൻ വളയാൻ തീരുമാനിച്ചിരുന്നു. തീരുമാനം ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ചാണ് ബോർഡ് ഇത്തരത്തിൽ ഡയസ്നോൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ഡയസ്‌നോൺ പ്രഖ്യാപിച്ച് സമരം തകർക്കാം എന്ന് കരുതേണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‌കുമാർ പറഞ്ഞു. പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ല. എല്ലാ ഏകാധിപതികളും ജനകീയ സമരത്തിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ടെന്നും എം ജി സുരേഷ്‌കുമാർ പറഞ്ഞു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് അംഗം ജാസ്മിൻ ബാനുവിനെ സസ്‌പെൻഡ് ചെയ്തുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തതിന് സംഘടന ജനറൽ സെക്രട്ടറി ബി ഹരികുമാറിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ പ്രസിഡന്റ് എം.ജി സുരേഷ് കുമാറിനെയും സസ്‌പെൻഡ് ചെയ്തു. ഇതോടെയാണ് സിഐ.ടി.യു സമരം ശക്തിപ്പെടുത്തിയത്. തുടർന്ന് സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും സംഘടനയ്ക്ക് പൂർണ്ണമായും വഴങ്ങാൻ ബോർഡ് തയ്യാറായില്ല.
അതേസമയം കെഎസ്ഇബിയിലെ അച്ചടക്ക സംവിധാനങ്ങളെ വെല്ലുവിളിച്ച് നാളെ സമരം നടത്താനാണ് ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. സ്ഥലം മാറ്റങ്ങൾ പിൻവലിച്ച് എവിടെയാണോ ജോലി ചെയ്തിരുന്നത് അവിടെ ജോലി ചെയ്യാൻ അവസരം ഒരുക്കണം. ഇത് നിഷേധിക്കുന്ന സമീപനത്തോട് സംഘടനയ്ക്ക് യോജിപ്പില്ല. പ്രക്ഷോഭം ശക്തമായി മുന്നോട്ടുകൊണ്ടുപോകും എന്നും സുരേഷ് കുമാർ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടരി ബി ഹരികുമാർ, പ്രസിഡന്റ് സുരേഷ് കുമാർ, ഭാരവാഹി ജാസ്മിൻ ഭാനു എന്നിവരുടെ സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും സ്ഥലം മാറ്റിയിരുന്നു.
അതേസമയം പ്രശ്‌നപരിഹാരത്തിന് തൊഴിലാളി സംഘടന പ്രതിനിധികളുമായി മന്ത്രിതലത്തിൽ ഇന്ന് നടത്താനിരുന്ന ചർച്ച നാളത്തെക്ക് മാറ്റി. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ, മന്ത്രി കെ കൃഷ്ണൻകുട്ടിക്ക് സർവകക്ഷി യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലാക്കിയാണ് ചർച്ച മാറ്റിയത്. നാളെത്തെ ചർച്ചയിൽ സമാധാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ