തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. പകൽ സമയത്ത് നിരക്ക് കുറച്ച് രാത്രിയിൽ നിരക്ക് കൂട്ടാനുമാണ് പരിഗണനയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. പകൽസമയത്ത് നിരക്ക് കുറച്ചാൽ മാത്രമേ നാട്ടിൽ വ്യവസായം വരികയുള്ളൂവെന്നും പകൽ സമയത്ത് നിരക്ക് കുറയ്ക്കുന്നത് വ്യവസായികൾക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം അടുത്തു തന്നെ സ്മാർട്ട് മീറ്റർ വരും.ശേഷം പകൽ സമയത്തെ നിരക്ക് കുറയ്ക്കാനും അതേസമയം രാത്രി പീക് അവറിൽ നിരക്ക് കൂട്ടാനും കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.

അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, ആ പദ്ധതി ഉണ്ടാക്കി മറ്റെല്ലാ പദ്ധതിയും കൂടി നിർത്തണം, അതിന് ഒരു ഉടക്ക് താൻ പറയണം എന്നാണ് നിങ്ങൾ ലക്ഷ്യമിടുന്നത്. അതിരപ്പിള്ളിയെ വിട്, ബാക്കിയുള്ളത് നമുക്ക് തുടങ്ങാമെന്നും മന്ത്രി പറഞ്ഞു. കരിയാർകുറ്റി പദ്ധതി വന്നാൽ മൂന്നു ജില്ലകളിലെ കുടിവെള്ളക്ഷാമം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയിലെ പ്രശ്നത്തിൽ, ചെയർമാനും ബോർഡും ജീവനക്കാരുമെല്ലാം സ്ഥാപനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങളിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ പരിശോധിക്കാവുന്നതാണ്. ഇപ്പോൾ അപാകതയൊന്നും കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ചെയർമാന് മന്ത്രിയുടെ പിന്തുണ ഉണ്ടെന്നാണോ കണക്കാക്കേണ്ടതെന്ന് ചോദ്യത്തിന്, ചെയർമാനെ സർക്കാരാണ് നിശ്ചയിക്കുന്നത്. മന്ത്രിക്ക് ഇതിൽ എന്ത് പിന്തുണയാണുള്ളതെന്ന് കൃഷ്ണൻകുട്ടി ചോദിച്ചു. കാബിനറ്റാണ് തീരുമാനിക്കുന്നത്. കെഎസ്ഇബിയിലെ പ്രശ്നങ്ങളിൽ ചെയർമാന്റെയും ജീവനക്കാരുടേയും ആക്ഷേപങ്ങൾ പരിശോധിക്കാൻ ഊർജ സെക്രട്ടറിയോട് നിർദേശിച്ചിരിക്കുകയാണെന്നും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.

അതേസമയം കെഎസ്ഇബിയുടെ പുതിയ നീക്കം സാധാരണക്കാർക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. സാധാരണ ഗതിയിൽ കേരളത്തിലെ വീടുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് രാത്രി സമയങ്ങളാണ്. ഈ സമയത്ത് നിരക്കു വർധിപ്പിച്ചാൽ അത് ഇലക്ട്രിക് ബിൽ ഉയരാനാണ് ഇടയാക്കുക. അടുത്ത 5 വർഷം വൈദ്യുതി നിരക്ക് വർധനയിലൂടെ വൈദ്യുതി ബോർഡ് ലക്ഷ്യമിടുന്നത് 4145.9 കോടി രൂപയുടെ അധിക വരുമാനമാണ്. അടുത്ത സാമ്പത്തിക വർഷം മാത്രം 2249.10 കോടിയുടെ അധിക വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്. തുടർന്നുള്ള 4 വർഷങ്ങളിൽ 786.13 കോടി, 370.92 കോടി, 487.72 കോടി, 252.03 കോടി എന്നിങ്ങനെയാണ് ബോർഡ് പ്രതീക്ഷിക്കുന്ന അധിക വരുമാനം.

അടുത്ത 5 സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വരവും ചെലവും റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ വർഷവും ബോർഡിനു കമ്മിയാണ്. അടുത്ത വർഷം മാത്രം കമ്മി 2852.58 കോടിയാണ്. തുടർന്നുള്ള 4 വർഷങ്ങളിൽ 4029.19 കോടി രൂപ ,4180.26 കോടി, 4666.64 കോടി, 5179.29 കോടി എന്നിങ്ങനെ കമ്മി ഉണ്ടാകുമെന്നു പറയുന്നു. നിരക്കു കൂട്ടി ഇതു നികത്തണമെന്നാണ് ആവശ്യം. ബോർഡ് സമർപ്പിച്ച കണക്കുകൾ വാസ്തവം ആണോയെന്നു റഗുലേറ്ററി കമ്മിഷൻ പരിശോധിക്കും. ഇതനുസരിച്ചാവും നിരക്ക് വർധിപ്പിക്കുക .

സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചത് 2019 ജൂലൈ 8ന് ആയിരുന്നു. ഗാർഹിക ഉപയോക്താക്കൾക്കു പുറമേ ഹൈടെൻഷൻ (എച്ച്ടി), എക്‌സ്ട്രാ ഹൈടെൻഷൻ (ഇഎച്ച്ടി) വ്യവസായങ്ങൾ, വാണിജ്യ ഉപയോക്താക്കൾ തുടങ്ങിയവരുടെ നിരക്കും കൂട്ടണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക ഉപയോക്താക്കൾ വൈദ്യുതി ഉപയോഗിക്കുന്ന സമയത്തിന് അനുസരിച്ച് അധിക നിരക്ക് ഈടാക്കാനുള്ള നിർദ്ദേശം സ്മാർട് മീറ്റർ സ്ഥാപിക്കുന്ന മുറയ്ക്ക് റഗുലേറ്ററി കമ്മിഷനു സമർപ്പിക്കുമെന്നു ബോർഡ് പറയുന്നു. എല്ലാവർക്കും സ്മാർട് മീറ്റർ സ്ഥാപിക്കാൻ 8,200 കോടി രൂപയാണ് ആവശ്യം. ചെറിയൊരു തുക കേന്ദ്രം നൽകുമെങ്കിലും ബാക്കി എവിടെ നിന്നു കണ്ടെത്തുമെന്നു വ്യക്തമല്ല. സ്മാർട് മീറ്ററിലേക്കു മാറുമ്പോൾ തന്നെ സാധാരണ മീറ്റർ വാങ്ങാൻ 300 കോടി രൂപ കൂടി ബോർഡ് വകയിരുത്തിയിട്ടുണ്ട്.

നിലവിലുള്ള മീറ്റർ വാടക കൂട്ടണമെന്നു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ പാരമ്പര്യേതര ഊർജ ഉൽപാദനത്തിനുള്ള മീറ്ററുകളുടെ നിരക്ക് കുറയ്ക്കാൻ നിർദ്ദേശം ഉണ്ട്. സംസ്ഥാനത്ത് ഇപ്പോൾ 23 വിഭാഗങ്ങളിലും 42 ഉപവിഭാഗങ്ങളിലും പെട്ട വൈദ്യുതി ഉപയോക്താക്കളുണ്ട്. ഇതു ലളിതമാക്കാൻ രണ്ടു വിഭാഗത്തിൽപ്പെട്ട ഉപയോക്താക്കളെ ലയിപ്പിച്ച് ഒന്നാക്കണമെന്ന ആവശ്യവും ബോർഡ് ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണമായി റെയിൽവേ, കൊച്ചി മെട്രോ എന്നിങ്ങനെ രണ്ട് വിഭാഗം ഉപയോക്താക്കളെ ഒന്നാക്കാനാണ് നിർദ്ദേശം. ലോ ടെൻഷനിലെ രണ്ടു വിഭാഗങ്ങളെ ലയിപ്പിച്ച് ഒന്നാക്കണമെന്നും ഹൈ ടെൻഷനിലെ 8 വിഭാഗങ്ങളെ ലയിപ്പിച്ച് 4 ആക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. എക്‌സ്ട്രാ ഹൈടെൻഷൻ വിഭാഗത്തിലെ 6 വിഭാഗം ഉപയോക്താക്കൾ മൂന്നായി കുറയും.