- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണിമുടക്കാതെ ജോലിയിൽ കയറുന്നവർ 48 മണിക്കൂറും ജോലിയിൽ കയറേണ്ടി വരും; ചെയർമാന്റേത് സമര ചരിത്രം അറിയാത്തതിന്റെ ജൽപനങ്ങൾ; ജീവനക്കാർക്കെതിരെ ഭീഷണിയുമായി സിപിഎം സംഘടന; വൈദ്യുതി മുടങ്ങി ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ ക്രമീകരണം വേണമെന്ന് പറഞ്ഞ ബി അശോകിനെതിരെ വ്യാജപ്രചരണവും
തിരുവനന്തപുരം: കെഎസ്ഇബിയിലെ തട്ടിപ്പുകളെ കുറിച്ചും സിപിഎം അനുകൂല സംഘടന നടത്തുന്ന ഇടപാടുകളെ കുറിച്ചും വിമർശനങ്ങൾ നിരവധി ഉയർന്നിട്ടുണ്ട്. എസ്എസ്എൽസി പോലും പാസാകാത്തവർ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന അവസ്ഥയും വൈദ്യുതി ബോർഡിലുണ്ട്. ഇതിനെതിരെ പരാതികൾ ഉയർന്നിട്ടും അതൊന്നും ഫലം കാണുന്ന ലക്ഷണമില്ല.
ഇടക്കാലം കൊണ്ട് വൈദ്യുതി ബോർഡ് ചെയർമാൻ ബി അശോകുമായി കൊമ്പു കോർത്ത സിപിഎം അനുകൂല ഓഫിസർമമാരുടെ സംഘടന വീണ്ടും ചെയർമാനുമായി ഏറ്റുമുട്ടലിന്റെ വഴിയിലാണ്. ദേശീയ പണിമുടക്കിന്റെ പേരിലാണ് ഇക്കുറി ബി അശോകിനെതിരെ സിപിഎം സംഘടന രംഗത്തുവന്നിരിക്കുന്നത്. പണിമുടക്കിന്റെ ഭാഗമായി ഓഫിസിൽ ഹാജരാകാത്ത ഓഫിസർമാരുടെ പ്രമോഷൻ തടയുമെന്നു സീനിയർ ഓഫിസർമാരുടെ യോഗം വിളിച്ചുകൂട്ടി ബോർഡ് ചെയർമാൻ ഭീഷണി മുഴക്കിയെനനാണ് കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നത്. എന്നാൽ, അത്തരം ഒരു ഉത്തരവും അദ്ദേഹം പുറത്തിറക്കിയിട്ടുമില്ല.
വൈദ്യുതി മുടങ്ങിയാൽ ജനങ്ങൾ കഷ്ടപ്പെടാതിരിക്കാൻ ക്രമീകരണം വേണമെന്നതായിരുന്നു കെഎസ്ഇബി ചെയർമാന്റെ നിലപാട്. ഈ നിലപാടിനെയാണ് സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്. പണി മുടക്കുന്നത് തങ്ങളുടെ അവകാശമാണ് എന്ന വിധത്തിലാണ് അവർ രംഗത്തുവന്നിരിക്കുന്നത്. ബോർഡിന്റെ സമരചരിത്രം അറിയാത്തതിന്റെ ഭാഗമായാണ് ഇത്തരം ജൽപനങ്ങൾ. പണിമുടക്കിൽ പങ്കെടുത്തു എന്ന കാരണത്താൽ ബോർഡിലെ ഓഫിസർമാർ അടക്കം ഏതെങ്കിലും ജീവനക്കാരനു നേരെ പ്രതികാര നടപടിക്ക് ബോർഡ് മാനേജ്മെന്റ് മുതിർന്നാൽ പ്രത്യാഘാതം വളരെ വലുതായിരിക്കും അവർ മുന്നറിയിപ്പു സംഘടന നൽകുന്നു.
പണി മുടക്കിൽ പങ്കെടുക്കാതെ ആരെങ്കിലും വിട്ടുനിന്നാൽ അവരും അനുഭവിക്കുമെന്ന ഓഡിയോ സന്ദേശവും വാട്സ് ആപ്പിൽ പ്രചരിക്കുന്നുണ്ട്. പണിമുടക്കാതെ ജോലിയിൽ കയറുന്നവർ 48 മണിക്കൂറും ജോലിയിൽ കയറേണ്ടി വരുമെന്നാണ് അവരുടെ ഭീഷണി.
ചെയർമാൻ എന്ത് നിലപാടെടുത്താലും പണിമുടക്കുമെന്നാണ് യൂണിയൻ പറയുന്നത്. പണിമുടക്കിന്റെ പേരിൽ നടപടിയെടുത്താൽ തുടർ സമരം ഉൾപ്പെടെ ആലോചിക്കുന്നുമുണ്ട്. അശോകിന്റെ നിലപാടിനെതിരെ വൈദ്യുതിമന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകി.
പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പറഞ്ഞതല്ലാതെ ഔദ്യോഗിക ഉത്തരവുകളൊന്നും ചെയർമാൻ ഇറക്കിയിട്ടില്ല. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ചെയർമാൻ ബി.അശോക് അറിയിച്ചു. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പും ഇട്ടിട്ടുണ്ട്. മാനേജ്മെന്റ് നിർദ്ദേശങ്ങൾ വൈദ്യുതി തടസ്സം ഒഴിവാക്കാൻ വേണ്ടിയാണെന്നാണ് അശോക് വിശദീകരിക്കുന്നത്.
മാർച്ച് 28,29 തീയതികളിലെ പൊതുപണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്കെതിരെ പ്രൊമോഷൻ തടയുമെന്ന് മാനേജ്മെന്റ് നിലപാടെടുത്തു എന്ന തരത്തിൽ ചില വ്യാജ പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്നു. ആയവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.
ഓഫീസ് ചുമതലയുള്ള കമ്പനി ഓഫീസർമാർ അറിയിപ്പില്ലാതെ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കുകയും അവിടെ വൈദ്യുതി തടസ്സം മൂലം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്താൽ പ്രസ്തുത വിവരം മേൽനടപടിക്ക് അറിയിക്കാൻ സർക്കിൾ മേധാവികൾക്കും ചീഫ് എഞ്ചിനിയർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രേഡ് യൂണിയനുകൾക്കുള്ള പണിമുടക്കവകാശം ബോർഡ് മാനേജ്മെന്റ് തലത്തിലുള്ള സീനിയർ ഓഫീസർമാർക്ക് ഇല്ല. ഇക്കാര്യമാണ് കമ്പനി വ്യക്തമായി സർക്കുലറിലൂടെ അറിയിച്ചിട്ടുള്ളത്. ഇത് കൂട്ടിക്കുഴച്ച് തെറ്റിദ്ധരിപ്പിക്കേണ്ടതില്ല എന്ന് അറിയിക്കുന്നതായും ബി അശോക് പറഞ്ഞു.
ചെയർമാൻ ബി. അശോകും ഇടത് യൂണിയനുകളും തമ്മിലുള്ള തർക്കമാണ് ഏതാനും ആഴ്ചകൾക്ക് മുൻപ് വൈദ്യുതിഭവന് മുന്നിലെ തുടർസമരത്തിനിടയാക്കിയത്. വൈദ്യുതിഭവന്റെ സുരക്ഷ വ്യവസായ സുരക്ഷ സേനയെ ഏൽപ്പിച്ചടതടക്കം ചെയർമാൻ ഏകാധിപത്യ തീരുമാനങ്ങളെടുക്കുന്നൂവെന്നതായിരുന്നു ആക്ഷേപം. മന്ത്രിമാരടക്കം ഇടപെട്ട് താൽകാലിക പരിഹാരം കണ്ടെങ്കിലും വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്. കെ.എസ്.ബി.യിലെ സീനിയർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച ചെയർമാൻ ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്നും അന്ന് അവധിയെടുക്കുന്നവരുടേത് അനധികൃത അവധിയായി സർവീസ് ബുക്കിൽ രേഖപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇതാണ് ഇടത് യൂണിയനെ ചൊടിപ്പിച്ചതെന്നാണ് സൂചന.
പണിമുടക്കിനിടെ വൈദ്യുതി മുടങ്ങാതിരിക്കാൻ മുൻകരുതൽ
പൊതുപണിമുടക്കു നടക്കുന്ന 28നും 29 നും വൈദ്യുതി വിതരണം മുടങ്ങാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചതായി വൈദ്യുതി ബോർഡ് അറിയിച്ചു. വൈദ്യുതി പ്രസരണ, വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പു മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളിൽ ജോലിക്കു ഹാജരാകണമെന്നും ഓഫിസുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ ബോർഡിന്റെ അടിയന്തര സേവന, അറ്റകുറ്റപ്പണി വിഭാഗത്തെ സജ്ജമാക്കി നിർത്തും. ബോർഡിന്റെ കസ്റ്റമർ കെയർ സെന്ററും 24 മണിക്കൂറും പ്രവർത്തിക്കും.
വൈദ്യുതി തടസ്സം ഉണ്ടായാൽ അറിയിക്കാൻ ടോൾഫ്രീ നമ്പർ: 1912 . ബോർഡ് ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പരുകൾ: 0471 2448948, 9446008825. ബോർഡിന്റെ ഫേസ്ബുക്, വാട്സാപ് എന്നിവയിലൂടെയും പരാതി അറിയിക്കാം. ചീഫ് എൻജിനീയർമാരെ നേരിട്ട് വിളിക്കാൻ: തിരുവനന്തപുരം 9446008011, എറണാകുളം 9446008201, കോഴിക്കോട് 9446008204, കണ്ണൂർ 9496010000.
മറുനാടന് മലയാളി ബ്യൂറോ