കൊച്ചി: നഗരത്തിൽ വൈദ്യുതിബോർഡിന്റെ ഓഫീസ് കെട്ടിടം സിപിഎം. നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിന് നൽകിയതും വിവാദത്തിലേക്ക്. കരാറോ വാടകനിശ്ചയിക്കലോ ഇല്ലാതെ നവീകരണജോലികൾ തുടങ്ങിയെന്നതാണ് വസ്തുത. ബോർഡും സ്ഥാപിച്ചു. ഉദ്ഘാടനത്തിനുമുന്നേ റിപ്പോർട്ട് പുറത്തുവന്നാൽ വിവാദമാകുമെന്നതിനാൽ അന്വേഷണം മരവിപ്പിക്കാനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്.

സ്വന്തം സ്ഥലത്തിനും കെട്ടിടത്തിനും എന്ന പേരിൽ 3.80 കോടി രൂപ നീക്കിവെച്ചിരിക്കെ കെ.എസ്.ഇ.ബി. കോ-ഓപറേറ്റീവ് എംപ്ലോയീസ് ലിമിറ്റഡാണ് ബോർഡിന്റെ കെട്ടിടം സ്വന്തമാക്കിയത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം 3000 ചതുരശ്ര അടിയോളമുള്ള പഴയ സെക്ഷൻ ഓഫീസ് കെട്ടിടമാണ് നൽകിയിരിക്കുന്നത്. ഇതേ വളപ്പിൽ വൈദ്യുതിഭവൻ എന്നപേരിൽ പുതിയ കെട്ടിടം വന്നതോടെ സെക്ഷൻ ഓഫീസ് അങ്ങോട്ടു മാറിയിരുന്നു. ഇതോടെയാണ് പഴയ കെട്ടിടം ആവശ്യപ്പെട്ട് സംഘം ഭാരവാഹികൾ ബോർഡിനെ സമീപിച്ചത്.

ആദ്യം പാലാരിവട്ടം മെട്രോസ്റ്റേഷന് അരികിലുള്ള കോടികൾ വിലയുള്ള അഞ്ചു സെന്റ്, 99 വർഷത്തെ പാട്ടത്തിന് കൈമാറാനായിരുന്നു ബോർഡിലെ ഉന്നതരുടെ നീക്കം. സംഘത്തിന്റെ അപേക്ഷ പരിഗണിച്ച ബോർഡ് മുൻ മാനേജ്മെന്റ് 2021 ഫെബ്രുവരി 25-നാണ് വാടകയ്ക്ക് നൽകാൻ തീരുമാനിച്ചത്. പക്ഷേ, ഇതുവരെ കരാർ ഉണ്ടാക്കുകയോ വാടക നിശ്ചയിക്കുകയോ ചെയ്തില്ല. വിവാദമായതോടെ കെ.എസ്.ഇ.ബി. വിജിലൻസ് സംഘം പാലാരിവട്ടം ഓഫീസിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും രേഖകളും ശേഖരിച്ചിട്ടുണ്ട്.

വിവാദത്തിനുപിന്നിൽ രാഷ്ട്രീയതാത്പര്യമാണെന്ന് കെ.എസ്.ഇ.ബി. കോ-ഓപറേറ്റീവ് എംപ്ലോയീസ് ലിമിറ്റഡ് പ്രസിഡന്റ് മുഹമ്മദ് ഇക്‌ബാൽ പറഞ്ഞു. കരാറിൽ ഏർപ്പെടാത്തതും വാടകനിശ്ചയിക്കാത്തതും ഭൂമിയുടെയും കെട്ടിടത്തിന്റെയും ന്യായവില നിശ്ചയിക്കാത്തതിനാലാണ്. സംഘത്തിന്റെ നേതൃത്വത്തിലാണ് നവീകരണം നടത്തുന്നത്. ബോർഡിന്റെ അനുമതിയോടെയാണിതെന്നും അദ്ദേഹം വിശദീകരിക്കുന്നത്.

മറ്റു കമ്പനികളിലും എംപ്ലോയീസ് സംഘങ്ങൾ കമ്പനി നൽകുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. ഓഫീസ് ഇതുവരെ ബോർഡിന്റെ തന്നെ എറണാകുളത്തുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.