തിരുവനന്തപുരം: സർക്കാർ തിയേറ്ററുകൾ കച്ചവട സിനിമയ്ക്കായി തീറെഴുതിയതാണോ? കണ്ടവരും കേട്ടവരുമെല്ലാം ഈ ചോദ്യം ചോദിക്കുമ്പോൾ വേദനിക്കുന്നത് കേൾക്കാനും സംസാരിക്കാനും ശേഷിയില്ലാത്ത രണ്ടുകുട്ടികൾക്കായിരിക്കും. അതെ, ശബ്ദം എന്ന സിനിമ ഒരുപറ്റം മനുഷ്യസ്‌നേഹികൾ സാക്ഷാത്കരിച്ചത് തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ റിലീസ് നിശ്ചയിച്ചത് ഒക്ടോബർ 11 നാണ്. എന്നാൽ, ചെറിയ സിനിമകളുടെ വലിയ ലോകം പരിചിതമായ കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രൻ പറയുന്നത് സർക്കാർ തിയേറ്ററുകൾ അനുവദിക്കാൻ കഴിയില്ലെന്നാണ്. കാരണം, ബിഗ് ബജറ്റ് കൊമേഴ്‌സ്യൽ ചിത്രമായ കായംകുളം കൊച്ചുണ്ണിയുടെ വൈഡ് റിലീസ് വരികയാണ്. ആ സമയത്ത് ശബ്ദം പോലെയുള്ള ഒരുചെറുചിത്രത്തിന് തിയേറ്റർ നൽകാനാവില്ല. മാധ്യമപ്രവർത്തകനായ പി.കെ.ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവും, പ്രധാന നടന്മാരിൽ ഒരാളുമായ ജയന്ത് മാമൻ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി. ചിത്രം നേരിടുന്ന പ്രതിസന്ധി ഏതാനും വാക്കുകളിൽ അദ്ദേഹം സൂചിപ്പിക്കുന്നു.

ശബ്ദം - വേദനയോടെ കേരള സർക്കാരിന്.....

ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു. October 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി A. K. ബാലനും KSFDC ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്തുകൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും ശബ്ദത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്. ഏറ്റവും ചെറിയ ഒരു സർക്കാർ തീയറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും ??

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സർക്കാർ തീയറ്ററുകൾ ഞങ്ങൾക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവർ ദയവായി ഷെയർ ചെയ്യുക. സർക്കാർ ചിലപ്പോൾ ജനങ്ങളുടെ ' ശബ്ദം ' ഉയർന്നാൽ മറിച്ചൊരു തീരുമാനമെടുക്കും... ജനകീയ സർക്കാരിൽ ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്...

ശബ്ദത്തെയും ജയന്ത് മാമനെയും പിന്തുണച്ച് നിരവധി പേരാണ് പോസ്റ്റുകൾ ഇടുന്നത്‌
ചില പോസ്റ്റുകൾ കാണാം:മാധ്യമ പ്രവർത്തകനായ റോയ് മാത്യു ഇങ്ങനെ കുറിച്ചു:

സർക്കാർ ഈ 'ശബ്ദം ' കേൾപ്പിക്കണം -

ബധിതരുടെ കഥ പറയുന്ന ചലച്ചിത്രമായ ' ശബ്ദ ' ത്തിന് സർക്കാർ തീയേറ്റർ പോലും കിട്ടാത്ത അവസ്ഥയെക്കുറിച്ച് പടത്തിന്റെ നിർമ്മാതാവും അഭിനേതാവുമായ ജയന്ത് മാമ്മൻ വേദനയോടെ എഴുതിക്കണ്ടു - 'കേൾവിയും സംസാരശേഷിയും നഷ്ടപ്പെട്ട രണ്ട് ചെറുപ്പക്കാർ അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ശബ്ദത്തിനുണ്ട്-
ഇന്ത്യയിൽ ഏതാണ്ട് 63 മില്യൺ ബധിതരുണ്ടെന്നാണ് ഏകദേശ കണക്ക്.

India is one of the most populous countries in the world with over a billion people living in a geographic area roughly a third the size of the U.S. According to research from Maulana Azad Medical College in New Delhi, around 6.3 percent of the population (roughly 63 million people) have some level of functional hearing loss.(www.veryhealth.com)
പാർശ്വ വൽക്കരിക്കപ്പെട്ട ജനതയെ ക്കുറിച്ചുള്ള ചലച്ചിത്രത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഗുണപരമായ ഇടപെടൽ പോലും സർക്കാരിന്റേയും ചലച്ചിത്ര അക്കാദമിയുടേയോ, KSFDC യുടെയോ ഭാഗത്തു നിന്നുണ്ടാവുന്നില്ല. - സർക്കാർ ഉടമസ്ഥതയിൽ 13 തിയേറ്ററുകളുണ്ട്. മൂന്നോ നാലോ തീയേറ്ററുകൾ ഈ കൊച്ചു സിനിമയ്ക്കായി വിട്ടുകൊടുത്തിരുന്നെങ്കൽ എന്നാശിച്ചു പോകുന്നു
നമുക്കിടയിൽ ഒറ്റപ്പെട്ട് നിൽക്കുന്ന വരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള എളിയ ശ്രമമാണ് നടത്തിയിട്ടുള്ളത് - എന്റെ കുടുംബത്തിലും ഇത്തരക്കാരുണ്ട്. അവരുടെ നോവും വേദനയുമാണി ചിത്രം. - പടത്തിന്റെ മേന്മയും അന്താരാഷ്ട്ര നിലവാരമോ ഒന്നുമല്ലിവിടെ വിഷയം - പക്ഷേ ഈ ചിത്രത്തിൽ ഒരു പറ്റം മനുഷ്യരുടെ ജീവിതമുണ്ട് -
ആ ജീവിതത്തെക്കുറിച്ച് നമ്മൾ അറിയാറില്ല. അറിഞ്ഞിട്ടും അറിയാതെ പോകയാണ്.
ശബ്ദമെന്ന ചിത്രത്തിന് സർക്കാർ തീയേറ്റർ പോലും കിട്ടാത്ത അവസ്ഥയെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരുന്നത് വേദനാജനകമാണ്. വീണ്ടും വീണ്ടും ശബ്ദമില്ലാത്തവരുടെ നാവിനെയും ചെവിയേയും നമ്മൾ അറുത്ത് കളയുകയാണ്. ഇവരോടൊപ്പം നിൽക്കാൻ നമുക്ക് ബാധ്യത ഉണ്ട് - ടെക്‌നോപാർക്കിന്റെ സിഇഒയും മുൻ പ്ലാനിങ് ബോർഡ് അംഗവുമായിരുന്ന ജി വിജയരാഘവനെ പ്പോലുള്ള പ്രതിഭാശാലികൾ .ശബ്ദമില്ലാത്തവരുടെ ഉന്നമനത്തിനായി നിരന്തരം പോരാടുന്നവരാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നു. ഒപ്പം ചലച്ചിത്ര സ്‌നേഹികളും.
ഈ പടം 10 പേരെങ്കിലും കാണണം - അതിനുള്ള വേദി സർക്കാർ ഒരുക്കണം - സൗജന്യ മൊന്നും ഇതിന്റെ അണിയറക്കാർ പ്രതീക്ഷിക്കുന്നില്ല - അതിന്റെ ആവശ്യവുമില്ല. - ചിത്രം പ്രദർശിപ്പിക്കാൻ തീയേറ്റർ അനുവദിച്ചാൽ മതി.
എന്റെ സുഹ്‌റു ത്തും ചലച്ചിത്ര പ്രവർത്തകനും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ വി കെ ജോസഫേട്ടന്റെ ഒക്കെ ഇടപെടലുണ്ടാവണം.
ശബ്ദം തീയേറ്ററിലെത്തിക്കാൻ സഹായിക്കുക - ശബ്ദമില്ലാത്തവരുടെ ശബ്ദം കേൾക്കണം - കേട്ടേ മതിയാവു......

എം.ബി.പത്മകുമാറിന്റെ മൈ ലൈഫ് പാർട്ണർ എന്ന ചിത്രം നേരിട്ട സമാനമായ അവസ്ഥ വിവരിക്കുന്നു ദുർഗ മനോജ്:

ഇത് എഴുതാതിരിക്കാനാകുന്നില്ല. ഇന്ന് പുലർച്ചെ Jayant Mammen ന്റെ പോസ്റ്റ് കണ്ടു. ' ശബ്ദം ' എന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് തീയേറ്റർ കിട്ടുന്നില്ല എന്നതാണ് പോസ്റ്റിൽ പറത്തിരിക്കുന്ന കാര്യം.ഇതേ അനുഭവത്തിലൂടെ രണ്ട് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ കടന്നു പോയിരുന്നു.. അന്ന് My Life partner എന്ന MB Padmakumar ന്റ ചിത്രമായിരുന്നു ഇതേ സ്ഥാനത്ത്. പത്മകുമാറിനെ ഞാനിന്നു വരെ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ ആ ചിത്രത്തിൽ എനിക്ക് പരിചയമുള്ള ഒന്നു രണ്ടു വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. സൂര്യനാരായണൻ എന്ന സംഗീത സംവിധായകന്റെ ആദ്യ ചിത്രം., പ്രവീൺ ചേട്ടൻ വഴി എനിക്ക് സൂര്യനെ അറിയാം. സംവിധായകൻ പോലുമറിയാതെ, രണ്ട് പുരുഷന്മാരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ ആ സിനിമ ഞങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. അതിലെ പാട്ടുകേട്ട് പത്മകുമാറുമായി സംസാരിച്ചത്... മെല്ലെ കാര്യങ്ങൾ മോശമായി. തീയേറ്ററുകൾ ആരും ചിത്രം ഓടിക്കാൻ തയ്യാറല്ല.

ഇത്തരം ഒരു സബ്ജക്ട് പ്രേക്ഷകർക്ക് ഇഷ്ടമാകില്ലത്രേ. പിന്നെ ചിലർ തയ്യാറാണെന്ന് പറയുകയും പൂച്ചയുടെ കയ്യിലകപ്പെട്ട എലിക്കുഞ്ഞിനെ തട്ടിക്കളിക്കുന്ന പോലെ വാക്ക് നൽകിയും പിൻവലിച്ചും കളിയാക്കുകയും ചെയ്തു. ഇത്തരം സിനിമ മലയാളിയുടെ സദാചാരത്തെ ഇല്ലായ്മ ചെയ്യുമെന്ന ഭയമാണ് അവർക്കുണ്ടായത്. കിന്നാരത്തുമ്പികൾ ഓടിത്തകർത്തപ്പോൾ പൊളിഞ്ഞു വീഴാത്ത സദാചാരം!.സർക്കാർ സംവിധാനങ്ങൾ ഇതൊന്നും കാണാതെ കണ്ണടച്ചു നിന്നു.പിന്നെ പലർക്കും പ്രശ്‌നം സംവിധായകന് ലേശം അഹങ്കാരമുണ്ടോ എന്നതായിരുന്നു. അതെ അഹങ്കാരികൾ തീരെ ഇല്ലാത്ത ഇടമാണല്ലോ മലയാള സിനിമ. അതേ.കഴിവുള്ള സംവിധായകന്റെ അഹങ്കാരത്തെ കുത്തിപ്പൊട്ടിച്ചാൽ അയാളെ അപ്പാടെ കുഴിച്ചുമൂടാമെന്ന് കരുതിക്കാണും വിഡ്ഢികൾ.ഞങ്ങൾ പൊരുതിനോക്കി. എന്തിന് ഒരു കല്യാണമണ്ഡപം വാടകക്ക്എടുത്ത് പ്രൊജക്ടറിൽ ചിത്രം പ്രദർശിപ്പിക്കുന്നത് പോലും ചിന്തിച്ചു.
ഒന്ന് പറയാം ഒരു ക്രിയേറ്റീവ് നിർമ്മിതി അത് എഴുതുന്ന, നിർവഹിക്കുന്ന ആളിനു മാത്രമുള്ളതല്ല. അതിൽ കലയെ സ്‌നേഹിക്കുന്നവർ ഇടപെടും. അവരുടെ മനസ് അതിൽ അർപ്പിക്കും.

എനിക്ക് പപ്പനെക്കുറിച്ച് അഭിമാനമാണ്. കാരണം രൂപാന്തരം എന്ന മികച്ച സിനിമ പപ്പൻ പിന്നീട് ചെയ്തു. അയാൾ തളർന്നുവെങ്കിലും അവിടെ മുട്ടുമടക്കിയില്ല. അയാൾ പൊരുതി. പൊരുതിയാണ് ഓരോ ഇഞ്ചും മുന്നോട്ട് പോയത്സ്വയമൊരു യോദ്ധാവ് എന്ന് കരുതുന്നതു കൊണ്ട് തന്നെ പൊരുതി ജയിക്കുന്നവരോട് എനിക്ക് ആദരവാണ്.ഒന്നേ പറയൂ. നിങ്ങൾക്ക് ഞങ്ങളെ കൊല്ലാം. പക്ഷേ പരാജയപ്പെടുത്താനാകില്ല.എല്ലാ പ്രസ്ഥാനങ്ങളുടേയും അമരത്തിരുന്ന് താഴോട്ടു നോക്കി വക്രിച്ച ചിരിയുമായിരിക്കുന്ന എല്ലാ അവന്മാരോടുമാണ് പറയുന്നത്.ഈ കാലവും അങ്ങ് പോകും. പോരാളികൾ ഭയക്കില്ല.പ്രതിഭകൾ തളരില്ല.
#ശബ്ദത്തിനൊപ്പം

മുണ്ടക്കയം ജോർജ് ഇങ്ങനെ കുറിച്ചു:

എന്തിനാണ് സർക്കാർ തിയറ്ററുകൾ നടത്തുന്നത് ..? KSFDC എന്തിനാണ്..? പൊതുപ്പണമെന്നത് മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിനു മാത്രമോ..? ലെനിൻ രാജേന്ദ്രൻ. KSFDC ചെയർമാൻ ഉത്തരം പറയേണ്ടതുണ്ട്.. സർക്കാർ ഇടതെങ്കിൽ അതിന്റെ സിനിമാനയവും ഇടതനുബന്ധമാവണം..

ചെറിയ സിനിമകൾ വലിയവന്റെ മൊണോപ്പൊളിക്കെതിരായ ചെറുത്തുനിൽപ്പാണ് ..സ്റ്റാർ വാല്യൂതിയറ്റർ അനുവദിക്കുന്നതിന്റെ മാനദണ്ഡമാണെങ്കിൽ ലജ്ജിക്കൂ കേരളമേ..പറ്റില്ലെങ്കിൽ നിങ്ങളുടെ പേരിലുള്ള ലെനിൻ 'ഉപേക്ഷിച്ചു കൊള്ളൂ..ആ പേര് ഇന്നും ഉജ്ജ്വലമായ ചെറുത്തുനിൽപ്പിന്റെ..പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ് ..