ഏറ്റുമാനൂർ: കെഎസ്എഫ്ഇ യുടെ ചിട്ടി ഏജന്റുമാരായി പ്രവർത്തിക്കുന്ന കാണക്കാരി സ്വദേശികളായ ദമ്പതിമാർ ചിട്ടിയുടെ പേരിൽ വൻ തട്ടിപ്പ് നടത്തുന്നതായി പരാതി. ചിറ്റാളന്മാരെ സമീപിച്ച് കുടിശിക ചിട്ടികൾ പിടിക്കുന്നതുവഴി വൻ ലാഭമുണ്ടാക്കാമെന്ന വാഗ്ദാനം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ചിറ്റാളന്മാരുടെ കുടുംബവുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഒന്നോ രണ്ടോ ചെറിയ തുകയുള്ള ചിട്ടികൾ പിടിച്ചു നൽകി വിശ്വാസം ആർജ്ജിക്കുന്ന ഇവർ പിന്നീട് 5 ലക്ഷം മുതൽ 1 കോടി രൂപ വരെ ചിട്ടി പിടിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്്. ചിട്ടി കൃത്യമായി അടയ്ക്കുന്നവർക്ക് കെ.എസ്.എഫ്.ഇ യിൽ നിന്ന് വൻ തുക ലോണായി വാങ്ങി നൽകാമെന്ന് പറഞ്ഞ് 2000 രൂപ മുതൽ 25000 വരെ സർവ്വീസ് ചാർജ്ജ് ആയും കൈപ്പറ്റും.

കുടിശിക ചിട്ടി പിടിക്കുന്നതിന് കെ.എസ്.എഫ്.ഇയ്ക്ക് ഈട് നൽകണമെന്ന് പറഞ്ഞ് ഇവർ ചിറ്റാളന്മാരുടെ വസ്തുക്കൾ കെ.എസ്.എഫ്.ഇ യിൽ ഈടായി നൽകും. പിന്നീട് ഇതേ വസ്തുവിന്റെ പേരിൽ വൻതുക ലോൺ നൽകാമെന്ന് പറഞ്ഞ് വസ്തു പണയം തിരിച്ചെടുക്കുന്നതിനുള്ള തുക പലിശയ്ക്ക് നൽകാമെന്ന് അറിയിക്കും. തുടർന്ന് 6 ശതമാനംമുതൽ 15 ശതമാനം വരെ മാസപ്പലിശയ്ക്ക് ഇവർ ഇവരുടെ സ്വന്തം പണം ആളുകൾക്ക് നൽകും. ഭീമമായ തുക പലിശകൊടുത്ത് കഴിഞ്ഞാലും ലോൺ ശരിയാക്കി നൽകുകയില്ല. ലോൺ ലഭിക്കാതാകുന്നവർ ഒടുവിൽ വസ്തുവകകൾ ദമ്പതിമാർക്ക് തീറാധാരം നൽകേണ്ടിവരും. ഇത്തരത്തിൽ ചതിപറ്റിയ ആളുകൾ പണം തിരികെ ചോദിക്കുമ്പോൾ ഓപ്പറേഷൻ കുബേരയിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഇപ്പോഴത്തെ ഇവരുടെ രീതി.

കൂടാതെ ഇവരുടെ മകന് എം.ബി.ബി.എസ് പഠനത്തിന് ഫിലിപ്പൈൻസിലേക്ക് പോകുന്നതിനായി അൻപത് ലക്ഷം രൂപയുടെ ഫിക്‌സ്ഡ് ഡിപ്പോസിറ്റ് കാണിക്കണമെന്നും എസ്.ബി.റ്റിയിൽ നിന്ന് വിദ്യാഭ്യാസലോൺ ലഭിച്ചാലുടൻ ഈ തുക തിരികെ നൽകാമെന്നും വിശ്വസിപ്പിച്ച് വിദേശമലയാളിയിൽ നിന്നും ഇവർ 37 ലക്ഷം രൂപ തട്ടിയെടുത്തത് അടുത്തയിടെയാണ്. ഈ തുക മറ്റുള്ളവർക്ക് 15 രൂപ പലിശയ്ക്ക് നൽകുകയാണ്. ഈടിലേക്കായി 6 ബ്ലാങ്ക് ചെക്കുകളും, 2 മുദ്രപത്രങ്ങളും ഇവർ കൈപ്പറ്റും. പലിശ വൈകിയാൽ കുടുംബമായി ഇടപാടുകാരന്റെ വീട്ടിലെത്തി ഭീഷണി മുഴക്കും.

തട്ടിപ്പ് മനസ്സിലാക്കിയ വിദേശമലയാളി ഇവർക്കെതിരെ ഏറ്റുമാനൂർ കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. ഏറ്റുമാനൂർ പാറയ്ക്കൽ പുത്തൻപുരയിൽ ഷാജിക്കെതിരെ കോടതിയെ സമീപിച്ച പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഷാജിക്കും ഭാര്യ ഇന്ദുവിനുെമതിരെ കോട്ടയം എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. ഇവരുടെ തട്ടിപ്പിനെ തുടർന്ന് പട്ടിത്താനം സ്വദേശിക്ക് 8 ലക്ഷം രൂപയും, പാലാ സ്വദേശിക്ക് 10 ലക്ഷം രൂപയും ഏറ്റുമാനൂർ സ്വദേശിക്ക് 14 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. ഇവരിൽ നിന്നും പലിശയ്ക്ക് പണം വാങ്ങിയവർ ഇടപാട് തീർത്തിട്ടും ചെക്കും മുദ്രപത്രങ്ങളും തിരികെ നൽകാതെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

കേരളാ കോൺഗ്രസ്സിന്റെ വനിതാ വിഭാഗം നേതാവാണെന്ന് പറഞ്ഞും ഇന്ദു ആളുകളുടെ വിശ്വാസം ആർജ്ജിക്കുകയായിരുന്നുവെന്നും പ്രചരണമുണ്ട്്. തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഇന്ദു ഇസ്രയേലിലേയ്ക്ക് കടക്കാൻ നീക്കം നടത്തുന്നതായാണ് വിവരം.