- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോർന്നത് എട്ട് എസ് പിമാരുടെ മാത്രം കൈവശം ഉണ്ടായിരുന്ന രഹസ്യാന്വേഷണ റിപ്പോർട്ട്; മിന്നൽ പരിശോധനകൾക്കു മുമ്പ് വിജിലൻസ് ഇന്റലിജൻസ് ശേഖരിക്കുന്ന വിവരങ്ങൾ പുറത്താകുന്നത് അതീവ ഗൗരവതരം; രഹസ്യ സ്രോതസ് ചോർച്ചയിൽ കപ്പലിലെ കള്ളനെ കണ്ടെത്താൻ നടത്തുന്നത് അതിവേഗ അന്വേഷണം; ചോർച്ചയിൽ വിജിലൻസിലെ ഉന്നതർക്കെതിരെ നടപടി വരും
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ ക്രമക്കേടുകൾ സംബന്ധിച്ച രഹസ്യ സ്രോതസ് റിപ്പോർട്ട് ചോർന്നതിതിൽ വിജിലൻസ് ഇന്റലിജൻസ് അതിവേഗം അന്വേഷണം പൂർത്തിയാക്കും. എട്ട് വിജിലൻസ് എസ്പിമാരുടെ കൈവശം മാത്രമുണ്ടായിരുന്ന രഹസ്യ റിപ്പോർട്ടാണു ചോർന്നത്. ഇതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ വിവാദത്തിന് കാരണം. കെ എസ് എഫ് ഇയുടെ പ്രതിച്ഛായ ഇത് മോശമാക്കി എന്നും സർക്കാർ വിലയിരുത്തൽ. റെയ്ഡ് അല്ല പരിശോധനയാണ് നടന്നത് എന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങേണ്ടി വന്നു.
ഇതുസംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഇന്റലിജൻസിനു സർക്കാർ നിർദ്ദേശം നൽകി. മിന്നൽ പരിശോധനകൾക്കു മുമ്പ് വിജിലൻസ് ഇന്റലിജൻസ് ശേഖരിക്കുന്ന വിവരങ്ങൾ പുറത്താകുന്നത് ഇതാദ്യമല്ല. ഒരുമാസം മുമ്പ് മറ്റൊരു വകുപ്പിൽ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും ചോർന്നിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ഈ സാഹചര്യത്തിലാണ് വിജിലൻസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്നത് അന്വേഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശ പ്രകാരമാണ് ഈ അന്വേഷണം. കെ എസ് എഫ് ഇ റെയ്ഡിൽ ധനമന്ത്രി നടത്തി പരസ്യ പ്രതികരണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലിക്കുന്നില്ല. എന്നാൽ വിവരങ്ങൾ ചോർന്നതിൽ ഐസ്ക നടത്തിയ അഭിപ്രായങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമർശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. റെയ്ഡ് ആർക്കും തോന്നിയ വട്ടല്ലെന്നും വിജിലൻസിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി നൽകി. 2019ലും ഈ വർഷവുമായി വിവിധ വകുപ്പുകളിൽ ഇരുപത്തിനാലു മിന്നൽ പരിശോധനകൾ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്നം ഇപ്പോൾ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം.
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയ്ക്കു വഴിയൊരുക്കിയത് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ ഗുരുതര ക്രമക്കേടുകളായിരുന്നു. സ്ഥാപനത്തിലെ ഉള്ളുകള്ളികൾ വ്യക്തമാക്കുന്നതായിരുന്നു വിജിലൻസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. പൊള്ളച്ചിട്ടിയിലൂടെ ലക്ഷങ്ങൾ ഒഴുകി. വലിയ തുക കൊടുത്ത് ചേരേണ്ട വലിയ ചിട്ടികളിൽ ആവശ്യത്തിന് ആളെ കിട്ടാതെവരുമ്പോൾ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേർക്കും. ഓരോ മാസവും വൻതുക അടയ്ക്കേണ്ട ചിട്ടികളിലൂടെ കള്ളപ്പണം വെളുപ്പിക്കും. ചിട്ടിയിൽ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണമെന്നാണു ചട്ടം. ഇതു ലംഘിച്ച് പല മാനേജർമാരും ഈ തുക കൈവശംവയ്ക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതു പ്രകാരമായിരുന്നു റെയ്ഡ്.
ചിറ്റാളൻ ചെക്കാണു നൽകുന്നതെങ്കിൽ ചെക്ക് മാറി അക്കൗണ്ടിൽ പണം വന്നാൽ മാത്രമേ ചിട്ടിയിൽ ചേർക്കാവൂ എന്നാണു വ്യവസ്ഥ. എന്നാൽ ചെക്ക് കിട്ടിയാലുടൻ ചിട്ടിയിൽ ചേർക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ മാസവും ഏതെങ്കിലും സ്ഥാപനത്തിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇക്കുറി ഓപ്പറേഷൻ ബചത് എന്ന പേരിൽ കെ.എസ്.എഫ്.ഇയിൽ റെയ്ഡ് നടത്തിയത്. എന്നാൽ കെ.എസ്.എഫ്.ഇയിൽ എല്ലാം സേഫാണെന്നാണ് ആഭ്യന്തര വിജിലൻസ് വിഭാഗം പറയുന്നത്. സംസ്ഥാന വിജിലൻസിന്റെ 'ഓപ്പറേഷൻ ബചത്' പരിശോധനയെ തള്ളിപ്പറഞ്ഞ് കെ.എസ്.എഫ്.ഇയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്ലീൻ ചിറ്റ്. മന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശപ്രകാരം നടന്ന ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതു നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ധന വകുപ്പ് പ്രതിക്കൂട്ടിലായത്. പിന്നാലെ ധനമന്ത്രി വിമർശനവുമായെത്തി.
വിജിലൻസിനെ പൂർണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമർശകരെയും മുഖ്യമന്ത്രി തള്ളിയത്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായ രമൺശ്രീവാസ്തവയ്ക്കെതിരേ പാർട്ടിയിലെ ഒരുവിഭാഗത്തിനുള്ള എതിർപ്പും ഇതിലൂടെ തലപൊക്കിയിരുന്നു. വിജിലൻസ് പരിശോധന ആസൂത്രണം ചെയ്ത 'വട്ട്' ആർക്കാണെന്ന് റിപ്പോർട്ട് വരുമ്പോൾ പുറത്തുവരുമെന്നായിരുന്നു ഐസക് രണ്ടാംദിവസം നടത്തിയ പ്രതികരണത്തിൽ പറഞ്ഞത്. സ്വകാര്യ പണമിടപാടുകാരെ സഹായിക്കുന്നതാണെന്ന് ആനത്തലവട്ടവും പറഞ്ഞു. വെള്ളിയാഴ്ച നടന്ന റെയ്ഡിനുശേഷം രണ്ടുദിവസം ധനമന്ത്രി നടത്തിയ പ്രതികരണങ്ങൾക്കായിരുന്നു മുൻതൂക്കം.
ഇതിനെയാണ് സമർത്ഥമായ നീക്കത്തിലൂടെ മുഖ്യമന്ത്രി പൊളിച്ചത്. അപ്പോഴും വിമർശനത്തെ ഗൗരവമായി എടുക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസിനലെ റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ