കൊച്ചി: യുവസംരംഭങ്ങൾക്ക് ഊർജ്ജം പകർന്ന് കെഎസ്‌ഐഡിസിയുടെ ബിസിനസ് ഇൻകുബേഷൻ സെന്റർ കൊച്ചിയിൽ പ്രവർത്തനം ആരംഭിക്കുന്നു. 13ന് രാവിലെ 11.30 ന് വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് കൊച്ചി കാക്കനാടുള്ള കിൻഫ്ര പാർക്കിലെ ബിസിനസ് ഇൻകുബേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുന്നത്. ബെന്നി ബെഹന്നാൻ എംഎൽഎ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ സത്യജീത് രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള യുവസംരംഭങ്ങളുടെ വളർച്ചയ്ക്ക് പ്രേരകശക്തിയായി കെഎസ്‌ഐഡിസി ഒരുക്കിയ യുവസംരംഭക സമ്മേളന (YES) ത്തിന്റെ തുടർച്ചയായാണ് ബിസിനസ് ഇൻകുബേഷൻ സെന്ററിന്റെ തുടക്കം. യുവാക്കൾക്ക് അവരുടെ സംരംഭക സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ലഭ്യമായ സൗകര്യങ്ങളും സേവനങ്ങളും യുവ സംരംഭക സമ്മേളനത്തിൽ കാഴ്ചവച്ചിരുന്നു. കേരളത്തിലെ സംരംഭകശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ടെക്‌നോളജി/ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിക്കാനുള്ള കെഎസ്‌ഐഡിസിയുടെ പദ്ധതിയുടെ തുടക്കമാണ് കൊച്ചിയിലെ ആദ്യ ബിസിനസ് ഇൻകുബേഷൻ സെന്റർ.

കിൻഫ്ര പാർക്കിലെ ജിയോൺ എയർ ബിൽഡിംഗിൽ 5000 ചതുരശ്രയടിയിലാണ് ബിസിനസ് ഇൻകുബേഷൻ സെന്റർ ഒരുങ്ങുന്നത്. ഐടി-ഇലക്ട്രോണിക് സ്റ്റാർട്ട് അപ്പുകൾക്കാണ് ഈ ബിസിനസ് ഇൻകുബേഷൻ സെന്റർ. 120 സീറ്റുകളാണ് ഇൻകുബേറ്റീസിനായി തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക കാബിനുകളും പൊതുവായ വർക്ക് സ്റ്റേഷനുകളുമുണ്ടാവും. നിലവിൽ എട്ട് സ്റ്റാർട്ട്അപ് സംരംഭങ്ങളെ തെരഞ്ഞെടുത്ത് സ്ഥലം അനുവദിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയർ/മൊബൈൽ അപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഇന്ററാക്ടീവ് ഗെയിം ഡെവലപ്‌മെന്റ്, ഇ കൊമേഴ്‌സ് ആക്ടിവിറ്റി, വയർലെസ് ചാർജിങ് ടെക്‌നോളജി, സിഎസ്ആർ മാനേജ്‌മെന്റ് ആക്ടിവിറ്റി, അദ്ധ്യാപനത്തിനായി വെർച്വൽ ക്ലാസ്‌റൂം, എന്റർപ്രൈസ് സോഫ്റ്റ്‌വെയർ പ്രൊഡക്ട് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലേക്കുള്ള സംരംഭങ്ങളെയാണ് തെരഞ്ഞെടുത്തത്. ഡാറ്റാഫാക്ടേഴ്‌സ് സോഫ്റ്റ്‌വെയർ പ്രൈവറ്റ് ലിമിറ്റഡ്, ടുട്ടി ഫ്രൂട്ടി ഇന്ററാക്ടീവ്, 3ക്യു മെന്റേഴ്‌സ്, ഗ്രാബ്‌മൈ ഗ്രോസ്സറി തുടങ്ങിയ കമ്പനികളും പ്രൊമോട്ടർമാരായ വ്യക്തികളും സ്റ്റാർട്ട് അപ് സംരംഭങ്ങൾ സ്ഥാപിക്കുന്നുണ്ട്.

അങ്കമാലി ഇൻകെൽ കോംപ്ലക്‌സ്, കോഴിക്കോടുള്ള കെഎസ്‌ഐഡിസിയുടെ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ എന്നിവിടങ്ങളിൽ ഉടനെ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും.