പമ്പ: ഒരു സ്ത്രീയോട് അവളുടെ വയസ്സും കെ എസ് ആർ ടി സിയോട് വരുമാനവും ചോദിക്കരുതെന്ന് കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരി. പമ്പയിലെ കെ എസ് ആർ ടി സിയുടെ പുതിയ ബസ് ടെർമിനലിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയാണ് എംഡി കാര്യങ്ങൾ വിശദീകരിച്ചത്. വരുമാന കണക്ക് ഇപ്പോൾ പറയില്ലെന്നും പിന്നീട് എല്ലാം പറയാമെന്നും തച്ചങ്കരി പറയുന്നു. എന്നാൽ കെ എസ് ആർ ടി സിക്ക് അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ വിശദീകരിക്കാനും തച്ചങ്കരി മടിക്കുന്നില്ല. കണ്ടക്ടർമാരും ഡ്രൈവർമാരും ഉറങ്ങുന്നത് ബസിലാണെന്നും തച്ചങ്കരി പറഞ്ഞു. ഓൺലൈൻ റിസർവ്വേഷൻ നിർത്തേണ്ടി വരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് കെ എസ് ആർ ടി സി എംഡി ടോമിൻ തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്.

ശരംകുത്തി മുതൽ പതിനെട്ടാംപടി വരെ തിങ്ങിഞെരുങ്ങി തീർത്ഥാടകർ നിറഞ്ഞുനിന്ന ശബരിമല ഇന്ന് ശൂന്യം. പൊലീസിന്റെ കർശന നിലപാടുകൾ കാരണം തിരക്കൊഴിഞ്ഞ ഇടമായി ശബരിമല മാറി. ശരണാരവമില്ല, തിക്കും തിരക്കുമില്ല. പൊലീസിന്റെ നിയന്ത്രണങ്ങൾ വഴി ശ്രീകോവിലിന് മുന്നിൽ കഴുത്തിന് പിടിച്ചുള്ള തള്ള് ഏൽക്കാതെ മനം നിറഞ്ഞ് അയ്യപ്പസ്വാമിയെ തൊഴാമെന്നതാണ് മെച്ചം. ഒപ്പം ദർശനത്തിന് മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടിയും വരുന്നില്ല. തിരക്ക് കുറഞ്ഞത് ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറ തകർത്തുവെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ ആൾക്കുറവ് തന്നെയാണ് കെ എസ് ആർ ടി സിയേയും തകർക്കുന്നത്. പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് കെ എസ് ആർ ടി സിയും നേരിടുന്നത്.

സ്ത്രീകളോട് പ്രായവും കെ എസ് ആർ ടി സിയോട് വരുമാനവും ചോദിക്കരുതെന്നാണ് വയ്പ്. ഞങ്ങൾ എല്ലാ കാലത്തും നഷ്ടത്തിലാണ് ഓടുന്നത്. ഇവിടേയും ഓടുന്നത് ലാഭം മോഹിച്ചിട്ടല്ല. അത് കിട്ടുകയുമില്ല. വരുമാനകണക്കുൾ പിന്നീട് വ്യക്തമാക്കാം. അടിസ്ഥാന സൗകര്യമില്ലാതെ ഏവരും കഷ്ടപ്പെടുകയാണ്. നിലയ്ക്കലിലാണ് പ്രതിസന്ധി രൂക്ഷം. സൗകര്യമൊരുക്കണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ ഇടപെടുമെന്നാണ് പ്രതീക്ഷ. കെ എസ് ആർ ടി സിക്ക് മേൽ പൊലീസിനുള്ള നിയന്ത്രണങ്ങൾ സർക്കാർ ഇടപെട്ട് മാറ്റുമെന്നും തച്ചങ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള അൻപതു ബസുകൾ സർവീസ് അവസാനിപ്പിച്ചു. പൊലീസ് നിയന്ത്രണങ്ങൾ കെ എസ് ആർ ടി സി യെ ബാധിച്ചെന്ന് തച്ചങ്കരി പറഞ്ഞു.

310 കെ എസ് ആർ ടി സി ബസുകളാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായതോടെ അൻപതു ബസുകളാണ് സർവിസിൽ നിന്ന് പിൻവലിച്ചത്. പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓൺലൈൻ ബുക്കിങ്ങിലൂടെ പമ്പയിലേക്ക് ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീർത്ഥാടകരെ പ്രതിസന്ധിയിലാക്കി. പത്ത് ഇലക്ട്രോണിക് ബസുകൾ നിലക്കൽ- പമ്പ റൂട്ടിൽ സർവീസ് നടത്തിയെങ്കിലും നഷ്ട്ടം കണക്കിലെടുത്തു ഇപ്പോൾ മൂന്നു ബസുകൾ ആണ് ഓടുന്നുള്ളു. കെ എസ് ആർ ടി സി ജീവനക്കാർക്ക് പമ്പയിലും നിലക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു കാണിച്ചു ദേവസ്വവും ബോർഡിന് കെഎസ്ആർടിസി കത്തു നല്കി.

ചെറു വാഹനങ്ങൾക്ക് പമ്പയിൽ പ്രവേശനം നിഷേധിച്ച് നിലയ്ക്കൽ ബേസ് ക്യാമ്പാക്കിയതും പമ്പയിലേക്കുള്ള യാത്രയ്ക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് സന്നിധാനത്തേക്കുള്ള തീർത്ഥാടന പ്രവാഹത്തിൽ അൻപത് ശതമാനത്തിലധികം കുറവ് വരുത്തിയത്. രാത്രി എട്ടിന് ശേഷം പമ്പയിലേക്ക് ബസുകൾ അയയ്ക്കാതെ തീർത്ഥാടകരെ നിലയ്ക്കലിൽ തളച്ചിടുകയാണ്. ഇതും ആളുകളുടെ എണ്ണം കുറച്ചു. 12.30 ഓടെയാണ് സർവീസ് പുനരാരംഭിക്കുക. ബസുകൾ പമ്പയിലെത്തുമ്പോഴേക്കും മുക്കാൽ മണിക്കൂർ കഴിയും.

നിയന്ത്രണങ്ങൾ കെ.എസ്.ആർ.ടി.സിയെയും ബാധിച്ച് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും നിശ്ചിത സമയത്തിനുള്ളിൽ സന്നിധാനത്ത് പോയി മടങ്ങാൻ കഴിയുന്നില്ല. ഇതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നിറുത്തിവയ്ക്കുമെന്ന് തച്ചങ്കരി സംസ്ഥാന ഡി.ജി.പിയെ കണ്ട് അറിയിച്ചിട്ടുണ്ട്. ഓരോ രണ്ട് മിനിറ്റ് ഇടവിട്ട് പമ്പ- നിലയ്ക്കൽ ചെയിൻ സർവീസ് നടത്തുന്നതിനായി വിവിധ ഡിപ്പോകളിൽ നിന്ന് 310 ബസുകളാണ് എത്തിച്ചത്. ഇത് പൂർണമായി ഉപയോഗിക്കാൻ കഴിയാതെ വന്നതോടെ കെ.എസ്.ആർ.ടി.സി നഷ്ടത്തിലാണ്.

മിനിറ്റിൽ ഒരു നോൺ എസി ബസും 2 എസി ബസുകളും സർവീസ് നടത്താൻ തയാറാണെന്നു കെഎസ്ആർടിസി എംഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പൊലീസിന്റെ നിയന്ത്രണം കനത്തതോടെ രണ്ടും മൂന്നും മണിക്കൂർ കൂടുമ്പോഴാണു ബസ് വിടുന്നത്. കഴിഞ്ഞ ദിവസം രാത്രി 8 മുതൽ പിറ്റേന്നു പുലർച്ചെ വരെ ബസ് വിട്ടില്ല. കൂടുതൽ സമയം ബസ് പിടിച്ചിടുന്നതുമൂലം ഓൺലൈനിൽ എടുക്കുന്ന ടിക്കറ്റുകളുടെ കാലാവധി കഴിയുന്നതായി തീർത്ഥാടകർ പരാതി പെട്ടു. ബസുകൾ പിടിച്ചിടുന്നതിനെച്ചൊല്ലി ആന്ധ്രയിൽ നിന്നെത്തിയ തീർത്ഥാടകരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ ഇന്നലെയും വാക്കേറ്റമുണ്ടായി. ആന്ധ്ര സ്വദേശി മണികണ്ഠനും 2 കുട്ടികളും അടങ്ങിയ 20 പേർ 10.45 മുതൽ നിലയ്ക്കലിൽ കാത്തു നിൽക്കുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും ബസ് വിടാതായതോടെ തീർത്ഥാടകർ കെഎസ്ആർടിസി ജീവനക്കാരുമായി തർക്കം തുടങ്ങി.

ഇതര സംസ്ഥാനക്കാരായ തീർത്ഥാടകർ കൂടിയതോടെ ബഹളം കനത്തു. ഇതോടെ സ്ഥലത്ത് ഉണ്ടായിരുന്ന ടോമിൻ തച്ചങ്കരി ഇടപെട്ട് ബസുകൾ അരമണിക്കൂർ നേരത്തേ പുറപ്പെടാൻ നിർദേശിച്ചു. ടിക്കറ്റിന്റെ സമയത്തെ ചൊല്ലിയുള്ള തർക്കത്തിൽ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥരും വെട്ടിലായി. ഓൺലൈൻ ടിക്കറ്റിലെ ക്യൂആർ കോഡിൽ രേഖപ്പെടുത്തിയ സമയം പാലിച്ചില്ലെങ്കിൽ യാത്ര തർക്കങ്ങളോടു കൂടിയാവും ആരംഭിക്കുക. ഏതെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ട് പമ്പയ്ക്കു വിട്ടാൽ തന്നെ മടക്കയാത്ര പ്രശ്‌നമാകും.

ഇത് ഗുരുതര പ്രതിസന്ധിയാണ് കെ എസ് ആർ ടി സിക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് ഓൺലൈൻ റിസർവേഷൻ കെ എസ് ആർ ടി സി നിർത്തുമെന്ന് ഡിജിപിയെ തച്ചങ്കരി അറിയിച്ചത്.