കോട്ടയം: ഏത് സർക്കാർ അധികാരത്തിൽ വന്നാലും കെ.എസ്.ആർ.ടി.സി.യിലെ ഭരണം നിയന്ത്രിച്ചിരുന്നത് യൂണിയനുകളാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെ കൂടെ നിർത്തിയുള്ള ഭരണം. ഇവർക്ക് എല്ലാ പിന്തുണയും യൂണിയനുകൾ നൽകും. എംഡിമാർക്ക് വില നൽകുകയുമില്ല. രാജമാണിക്യവും പിന്നീടെത്തി ഐപിഎസുകാരൻ ടോമിൻ തച്ചങ്കരിയും വേറിട്ട വഴിയിലൂടെ നീങ്ങി. ഇപ്പോൾ ബിജു പ്രഭാകറും.

ആനവണ്ടിയിലെ അദൃശ്യ അധികാരകേന്ദ്രം അഞ്ച് എക്‌സിക്യുട്ടീവ് ഡയറക്ടർമാരാണ്. ഇതിൽ മൂന്നുപേരാണ് സ്ഥാപന ആസ്ഥാനത്ത് എല്ലാം നിയന്ത്രിച്ചിരുന്നത്. ഇവർക്ക് യുണിയനുകളുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ എംഡിമാരുടെ തീരുമാനത്തെ യൂണിയനുകളെ മറയാക്കി അട്ടിമറിക്കും. കെ എസ് ആർ ടി സിയിൽ നൂറു കോടി കാണാനില്ലെന്ന വെളിപ്പെടുത്തൽ നടത്തിയ എംഡി ബിജു പ്രഭാകറിനേയും അവർ വെറുതെ വിടില്ല. ബിജു പ്രഭാകറിനെതിരേയും കരുനീക്കം ശക്തമാണ്.

ഇരട്ട ഡ്യൂട്ടി നിർത്തലാക്കി, അദർഡ്യൂട്ടി നിയന്ത്രിച്ചത് രാജമാണിക്യമാണ്. ഇതോടെ രാജമാണിക്യം യൂണിയനുകാരുടെ കണ്ണിലെ കരടായി. സമാന്തര വാഹനഉടമകളായ ജീവനക്കാർക്കെതിരേ നടപടി എടുത്തതും ഭരണത്തിൽ യൂണിയൻ ഇടപെടൽ തടഞ്ഞതും പ്രശ്‌നമായി. തവണവ്യവസ്ഥയിൽ ബസ് വാങ്ങാൻ തീരുമാനിച്ചതും രാജമാണിക്യമായിരുന്നു. തച്ചങ്കരിക്കാലെ പരിഷ്‌കാരങ്ങളുടേതായിരുന്നു. ഷെഡ്യുളുകൾ പുനഃക്രമീകരിച്ചു. ജീവനക്കാർക്ക് ഡ്യൂട്ടി കിട്ടാൻ വേണ്ടി തയാറാക്കിയിരുന്ന കടലാസ് ഷെഡ്യൂളുകൾ ഇല്ലാതാക്കിയിടത്താണ് തച്ചങ്കരിയെ യൂണിയനുകൾ നോട്ടമിട്ടത്.

ശമ്പളത്തിൽനിന്ന് യൂണിയനുകൾ നേരിട്ട് മാസവരി പിരിക്കുന്നത് തടഞ്ഞു. ജീവനക്കാരുടെ അനുമതിപത്രം നിർബന്ധമാക്കി. യൂണിറ്റുകളിലെ സംഘടനാ നേതാക്കളെ സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കുന്നത് അവസാനിപ്പിച്ചു. വരുമാനമില്ലാത്ത 30 ഡിപ്പോകൾ യാത്രക്കാർക്ക് സൗകര്യം കുറയാത്ത വിധത്തിൽ ഓപ്പറേറ്റിങ് സെന്ററുകളാക്കാൻ തീരുമാനിച്ചു. ദീർഘകാല അവധിയിൽ പോയവരെ ഒഴിവാക്കി. ഹൈക്കോടതി വിധിയെതുടർന്ന് താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട ഒഴിവുകളിൽ സ്ഥിരജീവനക്കാരെ നിയോഗിച്ചു. സർക്കാർ സഹായമില്ലാതെ ശമ്പളം നൽകി. പ്രതിദിനവരുമാനം എട്ടുകോടി കവിഞ്ഞു. എന്നാൽ ഇതൊന്നും ഇഡിമാരുടെ പിന്തുണയോടെയായിരുന്നില്ല. അവരെ മൂലയ്ക്കിരുത്തി എല്ലാം തച്ചങ്കരി നേരിട്ട് ചെയ്തു. തച്ചങ്കരിക്ക് ശേഷം വീണ്ടും ഇഡിമാർ പിടിമുറുക്കി.

കോർപ്പറേഷനിലെ പരിഷ്‌കാരം ലക്ഷ്യമിട്ട് കൊണ്ടുവന്ന സുശീൽഖന്ന റിപ്പോർട്ട് പ്രകാരം മൂന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർമാരെ (ഇ.ഡി.) സോണുകളിലേക്ക് നീക്കിയിരുന്നു. ഒരാൾ ആ സ്ഥാനത്തുതന്നെ പിടിച്ചുനിന്നു. പോയ രണ്ടാമൻ ഒരു വർഷം കഴിഞ്ഞ് മടങ്ങിവന്നു. എം.ഡി.മാർ അറിയാതെ സസ്‌പെൻഷൻ, തിരിച്ചെടുക്കൽ എന്നിവ നടത്തും. എല്ലാം യൂണിയന് വേണ്ടിയാണെന്നും പറയും. അതുകൊണ്ട് ആർക്കും ഒന്നും ചെയ്യാനുമാകില്ല.

പോക്‌സോ കേസിലെ പ്രതിയായ ജീവനക്കാരനെ തിരിച്ചെടുത്തതും എംഡി അറിയാതെയാണ്. ഇതോടെയാണ് ബിജു പ്രഭാകർ കാര്യങ്ങൾ ഗൗവരവത്തോടെ എടുത്തത്. വിവാദ ഇഡിമാരിൽ ഈ മൂന്നുപേരിൽ രണ്ടുപേർ ക്ലാർക്കുമാരായാണ് സർവീസിലെത്തിയത്. ഒരാൾ കണ്ടക്ടറായും. സ്ഥാനക്കയറ്റത്തിന് എതിരെ കേസുകളും വന്നെങ്കിലും ഒന്നും സംഭവിച്ചില്ല. എക്സിക്യുട്ടീവ് ഡയറക്ടർ സ്ഥാനത്ത് എത്തിയപ്പോഴും യോഗ്യതകളുടെ കാര്യത്തിൽ വിവാദമുണ്ടായി.

മെക്കാനിക്കൽ വിഭാഗത്തിൽ ബി.ടെക്., ഭരണവിഭാഗങ്ങളിൽ എം.ബി.എ. എന്നിവയാണ് വേണ്ടത്. ഒരു ഇ.ഡി.ക്ക് ബി.ടെക്. ബിരുദമില്ല. ശമ്പളം മാസം 1.30 ലക്ഷം രൂപയാണ്. കണ്ടക്ടർ, ക്ലാർക്ക് തസ്തികകളിൽ സർവീസിൽ പ്രവേശിച്ച ഇപ്പോഴത്തെ രണ്ടുപേർ 2016-ലാണ് ഇ.ഡി.മാരായത്. പോളിടെക്‌നിക് യോഗ്യതയുള്ള മറ്റൊരു വ്യക്തിയും അതേവർഷം ഇ.ഡി.യായി.

പരസ്പരം സഹായിക്കുന്ന ഇവർ മിക്കപ്പോഴും എം.ഡി.മാർ ഇറക്കുന്ന കാരണം കാണിക്കൽ നോട്ടീസ് പോലും മുക്കം. പരസ്യവരുമാനം കുറഞ്ഞതിന് ഇവരിൽ ഒരാൾക്ക് ടോമിൻ തച്ചങ്കരി നൽകിയ നോട്ടീസ് ഫയലിൽനിന്ന് കാണാത്തത് ഇതിന് തെളിവാണ്.

യോഗ്യതയില്ലാത്തവരെ സ്ഥാനത്തുനിന്ന് നീക്കാൻ എം.ഡി.യായിരിക്കെ രാജമാണിക്യം ശ്രമിച്ചതോടെ അദ്ദേഹത്തിനെതിരേ പടയൊരുക്കമുണ്ടായി. 2017 മാർച്ചിലെടുത്ത തീരുമാനം നടപ്പിലാക്കാതെവന്നതോടെയാണ് അദ്ദേഹം വിടുതൽ അപേക്ഷ നൽകിയത്. സ്‌പെഷ്യൽ സർവീസ് നടത്തിപ്പിലെയും ഒരു ധനകാര്യസ്ഥാപനവുമായുള്ള ഇടപാടിലെയും കള്ളത്തരത്തിൽ ആഭ്യന്തര അന്വേഷണം നടത്തിയെങ്കിലും അതിന്റെ ഫയലുകൾ ഇ.ഡി.മാർക്ക് എതിരേ വന്നതോടെ മുങ്ങി.