- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റകുറ്റപ്പണികൾ തീർത്ത് ലോ ഫ്‌ളോർ ബസുകൾ ദീർഘദൂര സർവീസുകളാക്കും; എ സി ബസുകൾ ഇനി ബൈപ്പാസ് റൈഡറുകൾ; വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചും കൂടുതൽ സർവീസ്; ഡ്രൈവർമാരെ പുനർവിന്യസിക്കും; ആഴ്ചയിൽ മൂന്ന് ദിവസം ടിക്കറ്റ് നിരക്കിൽ ഇളവ് നൽകിയും കെഎസ്ആർടിസിയെ കരകയറ്റാൻ സിഎംഡി ബിജു പ്രഭാകറിന്റെ നീക്കം
തിരുവനന്തപുരം : കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള ലോ ഫ്‌ളോർ ബസുകൾ ദീർഘദൂര സർവീസുകളാക്കാൻ തീരുമാനം. മാസങ്ങളായി ഓടാതെകിടക്കുന്ന ബസുകൾ അറ്റകുറ്റപ്പണി നടത്തി വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകളാക്കാനാണ് നീക്കം. വിമാനസർവീസുകളുടെ എണ്ണം കൂട്ടുന്നതോടെ വിമാനത്താവളങ്ങളെയും പ്രധാന നഗരങ്ങളും ബന്ധിപ്പിച്ചും കൂടുതൽ സർവീസുകൾ തുടങ്ങും.
190 എ.സി., 529 നോൺ എ.സി. ലോ ഫ്‌ളോർ ബസുകളാണ് കോർപ്പറേഷന് കീഴിലുള്ളത്. ഇതിൽ എ.സി.ബസുകളെ പുതുതായി തുടങ്ങുന്ന ബൈപ്പാസ് റൈഡറുകളാക്കാനും ആലോചനയുണ്ട്. നഗരങ്ങളിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർക്ക് സമയനഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാണ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ ബൈപ്പാസ് റൈഡറുകൾ തുടങ്ങുന്നത്.
തിരുവനന്തപുരത്തുനിന്ന് രാവിലെ അഞ്ചരയ്ക്ക് പുറപ്പെട്ട് ഒമ്പതരയോടെ എറണാകുളത്ത് എത്തുംവിധമാണ് സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് ആറുമണിയോടെയാകും മടക്കയാത്ര. കോഴിക്കോട്-തിരുവനന്തപുരം റൂട്ടിലും കൂടുതൽ എ.സി. ലോ ഫ്‌ളോർ ബസുകൾ ഓടിക്കും.
ലോ ഫ്‌ളോറിലെ നിരക്ക് കൂടുതലായതിനാൽ യാത്രക്കാർ ബസുകളിൽ കയറാതിരുന്നതും കോർപ്പറേഷന് നഷ്ടമുണ്ടാക്കി. ഇതോടെ വല്ലപ്പോഴും മാത്രം ലോ ഫ്‌ളോർ ബസുകൾ ഓടിക്കുന്ന സ്ഥിതിയായിരുന്നു. യാത്രക്കാരെ കൂടുതലായി ബസുകളിലേക്ക് ആകർഷിക്കാൻ ആഴ്ചയിൽ മൂന്നുദിവസം നിരക്കിൽ ഇളവ് നൽകുന്നുണ്ട്.
നെടുമ്പാശ്ശേരി-എറണാകുളം, നെടുമ്പാശ്ശേരി-തൃശ്ശൂർ റൂട്ടുകളിൽ സർവീസുകൾ പരിഗണനയിലുണ്ടെന്ന് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു. ഇപ്പോൾ തലശ്ശേരി-കണ്ണൂർ റൂട്ടിൽ ഇത്തരത്തിൽ സർവീസ് നടത്തുന്നുണ്ട്. യാത്രക്കാർക്ക് ലഗേജ് കൊണ്ടുപോകാൻ കൂടുതൽ സൗകര്യം ലഭിക്കുന്നതിനാൽ ലോ ഫ്‌ളോറിന് സ്വീകാര്യത കൂടുതലാണ്.
ഡ്രൈവർമാർ കുറവുള്ള ഡിപ്പോകളിലേക്ക് കൂടുതൽപ്പേരെ സ്ഥലംമാറ്റംവഴി പുനർവിന്യസിക്കും. ഇതുവഴി കൂടുതൽ ബസുകൾ ഓടിക്കാനാകും. തലസ്ഥാനത്തെ ഡിപ്പോകളിലേക്ക് 128 പേരെയാണ് മാറ്റി നിയമിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതോടെ കെ.എസ്.ആർ.ടി.സി.ബസുകൾ സർവീസ് തുടങ്ങിയിട്ടും ലോ ഫ്‌ളോർ ബസുകളിൽ പലതും ഓടിയിരുന്നില്ല. ഡിപ്പോകളിൽ മാസങ്ങളോളം ഓടാതെകിടന്നതിനാൽ മിക്ക ബസുകൾക്കും അറ്റകുറ്റപ്പണിവേണ്ട സ്ഥിതിയായിരുന്നു. ഡീസൽച്ചെലവ് കൂടുതലായതും ബസുകൾ ഓടിക്കാതിരിക്കാൻ കാരണമായി. ദീർഘദൂര സർവീസിലൂടെ ഇന്ധനച്ചെലവ് കുറയ്ക്കാനാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. സ്റ്റോപ്പുകൾ കുറയുന്നതിലൂടെ ഇന്ധനച്ചെലവിൽ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ