- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകണം; ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ കഴിയാതെ വന്നതിനാൽ തുക യാത്രക്കാരനു തിരിച്ചുനൽകാനും നിർദ്ദേശം; നിർണ്ണായക ഉത്തരവുമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ; കമ്മീഷന്റെ ഇടപെടൽ എറണാകുളം സ്വദേശിയുടെ പരാതിയിൽ
കൊച്ചി: കെ എസ് ആർ ടിസിക്ക് നിർണ്ണായക നിർദ്ദേശവുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.യാത്രക്കാർക്ക് വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകാൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. അല്ലാത്തപക്ഷം ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ കഴിയാതെ വന്നതിനാൽ തുക യാത്രക്കാരനു തിരിച്ചുനൽകാനും കമ്മീഷൻ ഉത്തരവിട്ടു.എറണാകുളം ആലുവ സ്വദേശി അഡ്വക്കേറ്റ് റസൽ ജോയി സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്.
ബംഗളുരൂവിൽ നിന്ന് എറണാകുളത്തേക്ക് വരുന്നതിനായി കെഎസ്ആർടിസി യുടെ മൾട്ടി ആക്സിൽ വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ബസ് നേരത്തെ പുറപ്പെട്ടതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ല എന്നായിരുന്നു ഉപഭോക്താവിന്റെ പരാതി. ബസ് കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. അത് സേവനത്തിലെ ന്യൂനതയാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു. ടിക്കറ്റിലെ സമയം കൃത്യമായി വായിക്കാൻ പറ്റാത്തതിനാലാണ് പ്രശ്‌നമുണ്ടായതെന്നും പരാതിക്കാരൻ വ്യക്തമാക്കി.
എന്നാൽ, കൃത്യസമയത്താണ് ബസ് പുറപ്പെട്ടതെന്നും വീഴ്ച യാത്രക്കാരന്റേതായിരുന്നുവെന്നും കെഎസ്ആർടിസി കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചു.കേസ് പരിഗണിച്ച കമ്മീഷൻ യാത്രക്കാരന് അനുകൂലമായി ഉത്തരവിടുകയായിരുന്നു.'കേസ് ഫയൽ ചെയ്യപ്പെട്ട അപ്പോൾ തന്നെ കെഎസ്ആർടിസി നൽകിയ ടിക്കറ്റ് വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഗുണനിലവാരമില്ലാത്ത യാത്രാടിക്കറ്റ് നൽകിയതു തന്നെ സേവനത്തിലെ ന്യൂനതയാണ് ' കമ്മീഷൻ വ്യക്തമാക്കി.
2019 ജൂലൈ 6 ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത ബില്ലുകൾ ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ, പൊതുമേഖലാ സ്വകാര്യ സ്ഥാപനങ്ങളും ഉപഭോക്താവിന് ഗുണനിലവാരമുള്ള പേപ്പറിൽ നിലവാരമുള്ള മഷി ഉപയോഗിച്ച് പ്രിന്റ് ചെയ്ത വ്യക്തവും വായിക്കാൻ കഴിയുന്നതുമായ ബില്ലുകൾ നൽകണം.
ഈ സർക്കാർ ഉത്തരവ് കർശനമായി പാലിക്കാൻ കെഎസ്ആർടിസി എം.ഡിക്ക് കമ്മീഷൻ നിർദ്ദേശം നൽകി.യാത്രക്കൂലിയായി കെ.എസ്.ആർ.ടി.സി ഈടാക്കിയ 931 രൂപ 30 ദിവസത്തിനകം യാത്രക്കാരന് തിരിച്ചുനൽകാനും കമ്മീഷൻ ഉത്തരവിട്ടു.
മറുനാടന് മലയാളി ബ്യൂറോ