- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുത്ത് കഥ മുമ്പോട്ട് കൊണ്ടു പോകുന്ന ധനമന്ത്രി; കേന്ദ്ര വിഹിതത്തിലെ കുറവുണ്ടാക്കുന്നത് അതിരൂക്ഷ പ്രതിസന്ധി; ഇതിനിടെയിലും കെ എസ് ആർ ടി സിയിൽ ശമ്പളം കൊടുക്കാൻ ചോദിക്കുന്നത് 80 കോടി രൂപ; ആനവണ്ടിയുടെ ബാധ്യതയിൽ തീരുമാനം എടുക്കാൻ ആവാതെ പിണറായി സർക്കാർ; കെ എസ് ആർ ടി സി വമ്പൻ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങിയതോടെ ജീവനക്കാർ പ്രതിസന്ധിയിൽ. നിലവിലെ സാഹചര്യത്തിൽ കെ എസ് ആർ ടി സിയെ സഹായിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ധനവകുപ്പ്. കടം വാങ്ങി ജീവനക്കാരുടെ ശമ്പളം നൽകുന്ന സർക്കാരിന് എങ്ങനെ കെ എസ് ആർ ടി സിയുടെ ബാധ്യത ഏറ്റെടുക്കാൻ കഴിയുമെന്നതാണ് ധനവകുപ്പിന്റെ ചോദ്യം. തൽകാലം സഹായിച്ചാലും ഭാവിയിൽ അതിന് കഴിയില്ലെന്നാണ് നിലപാട്. ഇതോടെ ആനവണ്ടി വമ്പൻ പ്രതിസന്ധിയിലാകും.
കെ എസ് ആർ ടി സിയിൽ സർക്കാർ സഹായധനം കിട്ടിയാൽമാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തികസഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം. എന്നാൽ ബജറ്റിന് പുറത്തു നിന്ന് സഹായം ചെയ്യാനുള്ള കരുത്ത് സർക്കാരിനുമില്ല. കടമെടുത്താണ് സർക്കാരും മുമ്പോട്ട് പോകുന്നത്.
കെ എസ് ആർ ടി കോവിഡുകാലത്ത് നേരിടുന്നത് വമ്പൻ പ്രതിസന്ധിയാണ്. 2500 ബസുകൾമാത്രമാണ് നിരത്തിലുള്ളത്. ഇതിൽനിന്നുള്ള വരുമാനംകൊണ്ട് ശമ്പളം നൽകാൻ കഴിയില്ല. അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാൽ മുടങ്ങി. ദീർഘദൂര ബസുകൾക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിർപ്പുകാരണം നടപ്പായില്ല. ടിക്കറ്റേതരവരുമാനം കൂട്ടുന്നതിനായി കെട്ടിടങ്ങൾ ബെവ്കോയ്ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള നീക്കവും വിവാദത്തിൽ കുടുങ്ങി. ഇതുമായി മുമ്പോട്ട് പോകാനാണ് തീരുമാനം. ഇതിനൊപ്പം പെട്രോൾ പമ്പുകളും കെ എസ് ആർ ടി സി തുടങ്ങും.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വരുന്ന വർഷങ്ങളിൽ കൂടുതൽ ഗുരുതരമാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിലയിരുത്തുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.. കേന്ദ്ര വിഹിതത്തിൽ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ലോക്ഡൗൺ പ്രതിസന്ധിയിലെ വരുമാന നഷ്ടങ്ങൾക്കിടയിലാണ് പുതിയ പ്രതിസന്ധി. ഈ സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ ബാധ്യത കൂടി ഏറ്റെടുക്കുക വലിയ വെല്ലുവിളിയാണ്.
കഴിഞ്ഞ ഒന്നര വർഷമായി വലിയ തകർച്ചയാണ് നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സർക്കാർ നേരിടുന്നത്. ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്ര വായ്പയും വിഹിതവുമാണ്. എന്നാൽ അടുത്ത ജൂലൈ മുതൽ ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതം കുറച്ചതും തിരിച്ചടിയായി. ഇതെല്ലാം ധനവകുപ്പിനെ പ്രതിസന്ധിയിലാക്കുന്നു. ആളോഹരി കടവും കൂടിയിട്ടുണ്ട്.
കോവിഡ് കാലത്തെ വരുമാന നഷ്ടം രൂക്ഷമാകുമ്പോൾ കേന്ദ്ര വിഹിതത്തിലെ കുറവ് കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന അവസ്ഥയിലാണ്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വർധിപ്പിച്ചതാണ് സർക്കാരിന് ആശ്വാസം നൽകുന്നത്. കേന്ദ്ര വിഹിതം കുറയുമ്പോൾ ഇപ്പോഴത്തെ അഞ്ച് ശതമാനം എന്ന വായ്പാ പരിധി കുറച്ചാൽ കടമെടുപ്പും കഷ്ടത്തിലാകും.
മറുനാടന് മലയാളി ബ്യൂറോ