തിരുവനന്തപുരം ; കെ എസ് ആർ ടി സിയിൽ ഇനി അച്ചടക്കം നടപ്പാക്കൽ കാലം. എല്ലാ മാസവും ശമ്പളം നൽകാൻ കോടികൾ നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ച സാഹചര്യത്തിലാണ് ഇത്. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് ജീവനക്കാരെ മാനേജ്‌മെന്റ് അറിയിച്ചു. കെ എസ് ആർ ടി സിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സന്ദേശവും കടുത്ത നടപടികൾ ഉണ്ടാകുമെന്നും ഉള്ള സൂചന മാനേജ്‌മെന്റ് നൽകുന്നത്. ജീവനക്കാരെ ഒഴിവാക്കുമെന്നും അറിയിച്ചു.

1000 എം പാനൽ ജീവനക്കാരെ നിയമിക്കാനുള്ള നീക്കം അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് മാനേജ്‌മെന്റ് ജീവനക്കാരുടെ ആധിക്യത്തെ കുറിച്ച് പറയുന്നത്. കുറച്ചു കാലത്തേക്ക് ഇനി നിയമനങ്ങൾ പാടില്ലെന്ന തിരിച്ചറിവാണ് ഇതിലുള്ളത്. എന്നാൽ ഇതിനോട് സർക്കാരെടുക്കുന്ന നിലപാട് നിർണ്ണായകമാകും. മാനേജ്‌മെന്റ് പ്രഖ്യാപനങ്ങൾക്കെതിരെ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നൽകാനും കെ എസ് ആർ ടി സിയിലെ തൊഴിലാളി സംഘടനകൾ ആലോചിക്കുന്നുണ്ട്. ഗുരുതരമായ പ്രതിസന്ധിയാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. ഇത് പലതും യൂണിയനുകൾ അംഗീകരിക്കാൻ ഇടയില്ല.

കെ എസ് ആർ ടി സിയെ ലാഭക്കണക്കിലേക്ക് കൊണ്ടു വരാൻ സിഎംഡിയായി എത്തിയ ടോമൻ തച്ചങ്കരി നേരത്തെ ശ്രമിച്ചിരുന്നു. എന്നാൽ ഇതെല്ലാം യൂണിയനുകൾ അട്ടിമറിച്ചു. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങൾ നടപ്പായിരുന്നുവെങ്കിൽ ഈ പ്രതിസന്ധി കെ എസ് ആർ ടി സിക്ക് ഉണ്ടാകുമായിരുന്നില്ല. പരമാവധി സർവ്വീസ് നടത്തി ലാഭമുണ്ടാക്കാം എന്നതായിരുന്നു തച്ചങ്കരിയുടെ ആശയം. ഇതിനെ യൂണിയനുകൾ അട്ടിമറിച്ചു. സർവ്വീസ് കുറച്ച് നഷ്ടം കുറയ്ക്കാമെന്ന ഫോർമുല അവർ മുമ്പോട്ടു വച്ചു. ഇതോടെ നഷ്ടം കുറഞ്ഞെങ്കിലും വരുമാനവും ഇടിഞ്ഞു. കോവിഡ് കൂടി എത്തിയതോടെ കെ എസ് ആർ ടി സിയുടെ നട്ടെല്ലും ഒടിഞ്ഞു. ഇതാണ് ഇപ്പോൾ മാനേജ്‌മെന്റിനെ കൊണ്ട് സത്യം പറയിക്കുന്നത്. രാഷ്ട്രീയക്കാരുടെ താൽപ്പര്യത്തിന് സർവ്വീസുകൾ നടത്തിയതോടെ പല റൂട്ടുകളും ആളില്ലാ ബസുകൾ ഓടുന്ന അവസ്ഥയായി.

ഇതിനായി മുഴുവൻ ജീവനക്കാരുടേയും യൂണിയൻ പ്രതിനിധികളുടേയും സഹകരണം മാനേജ്‌മെന്റ് അഭ്യർത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകൾ അതാത് യൂണിറ്റ് ഓഫീസർമാർക്ക് നൽകി കഴിഞ്ഞു. ഇതിൽ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സിഎംഡി അറിയിച്ചു. വരുമാനം ഇല്ലാത്ത സർവീസുകൾ ഒഴിവാക്കും. ഇതിനുള്ള നിർദ്ദേശം ഉടൻ തന്നെ പുറപ്പെടുവിക്കും. വരുമാനം ഇല്ലാത്ത സർവീസുകൾ ഒഴിവാക്കണമെന്നും സി എം ഡി ബിജു പ്രഭാകർ അറിയിച്ചു.

ശമ്പള നൽകാൻ ഉൽപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നത്. 4800 ബസുകൾ സർവ്വീസ് നടത്തിയിരുന്നയിടത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാരിനെ ആശ്രയിക്കേണ്ടിയും വരുന്നു.

ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കിൽ മധ്യപ്രദേശ് സർക്കാർ ചെയ്തത് പോലെ 50% ശമ്പളം കൊടുത്തു ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള ദൈർഘ്യമുള്ള ദീർഘകാല ലീവ് നൽകാമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെയ്ക്കും. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി യോ?ഗത്തെ അറിയിച്ചു.

വെബ്‌കോ ഔട്ട്‌ലൈറ്റുകൾ കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിഎംഡി യോഗത്തെ അറിയിച്ചു. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങൾ മുഴുവനും വർക്ക് ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, അല്ലെങ്കിൽ കെഎസ്ആർടിസിക്ക് വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളിൽ ആണെന്നും അറിയിച്ചിട്ടുണ്ട്. ഉയർന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങൾ വെബ്‌കോയ്ക്ക് വാടകയ്ക്ക് നൽകാം, ഇതു സംബന്ധിച്ചു ജീവനക്കാർക്ക് യാതൊരു ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സി എം ഡി അറിയിച്ചു.

നിലവിൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആ?രംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാൽ ഉച്ച സമയത്ത് യാത്രക്കാർ പോലും ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലെ ഇനി പിടിച്ച് നിൽക്കാനാകൂ.

ജൂൺ മാസത്തിൽ വരുമാനം 21.26 കോടിയും, ഡീസലിനായി നൽകിയത് 17.39 കോടിയുമാണ്, ജൂലൈയിൽ വരുമാനം 51.04 കോടി, ഡീസൽ ചെലവ് 43.70 കോടി, ആഗസ്റ്റിൽ വരുമാനം 75.71 കോടി, ഡീസൽ ചെലവ് 53.33 കോടി രൂപമാണ്.