തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളവും പെൻഷനും ഇന്ധനച്ചെലവുമടക്കം ഭീമമായ ചെലവുകൾ താങ്ങാനാവാതെ കെ.എസ്.ആർ.ടി.സി. കടുത്ത പ്രതിസന്ധിയിൽ. സ്വന്തമായുള്ള 2000 ബസുകളും പലവിധ കാരണങ്ങളാൽ സർവീസ് നടത്താനാവാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കോർപ്പറേഷന്റെ 6202 ബസുകളിൽ 4202 എണ്ണം മാത്രമാണ് സർവീസ് നടത്തുന്നതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

പ്രതിമാസം ജീവനക്കാരുടെ ശമ്പളത്തിനും പെൻഷൻ ഇനത്തിലുമായി 155 കോടി രൂപ ചെലവഴിക്കുമ്പോൾ ടിക്കറ്റിനത്തിൽ ലഭിക്കുന്നത് 120 കോടിയോളം രൂപ മാത്രമാണ്. കഴിഞ്ഞ നവംബർ മാസം 121.61 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്. എന്നാൽ ജീവനക്കാരുടെ ശമ്പളത്തിനായി ശരാശരി 85 കോടി രൂപയും പെൻഷൻ നൽകുന്നതിനായി ശരാശരി 70 കോടി രൂപയും ചെലവഴിക്കുന്നുണ്ട്.

41,173 പേരാണ് ഡിസംബറിലെ കണക്കനുസരിച്ച് കെ.എസ്.ആർ.ടി.സി.യുടെ പെൻഷൻകാർ. ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി തുടങ്ങിയ മറ്റു ചെലവുകൾക്കായി വലിയൊരു തുക വേറെയും പ്രതിമാസം ചെലവുണ്ട്.

സർവീസ് നടത്താത്ത 2000 ബസുകളിൽ അറ്റകുറ്റപ്പണികൾക്കായി ഡോക്ക് ചെയ്തത് 550 എണ്ണമാണ്. 1382 ബസുകൾ റിസർവ് പൂളിൽ സൂക്ഷിക്കുകയും 68 എണ്ണം സ്‌ക്രാപിങ് നടത്തുകയും ചെയ്തതായും വിവരാവകാശ രേഖകൾ പറയുന്നു. പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷയിലാണ് കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് മറുപടി ലഭിച്ചിട്ടുള്ളത്.

തമിഴ്‌നാട്, കർണാടകം, ആന്ധ്ര തുടങ്ങിയ സ്റ്റേറ്റുകളിൽ അൻപതു ശതമാനത്തിൽ അധികം ബസുകൾ പൊതുമേഖലയിൽ ഓപ്പറേറ്റ് ചെയ്യുമ്പോൾ കേരളത്തിൽ 70 ശതമാനത്തിൽ അധികം ട്രാൻസ്പോർട്ട് ഗതാഗതം സ്വകാര്യമേഖലയിലാണ് ഇപ്പോഴും തുടരുന്നത്. ശക്തമായ ട്രേഡ് യൂണിയൻ സംവിധാനം നിലനില്ക്കുന്ന കേരളത്തിൽ എന്തുകൊണ്ട് സ്വകാര്യ മേഖലയ്ക്ക് മുൻതൂക്കം നൽകുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

തൊഴിലാളികളുടെ ഏറ്റവും താണ നിലവാരത്തിലുള്ള ഉത്പാദനക്ഷമത, ബസിന്റെ ഉത്പാദന ക്ഷമതയിലുള്ള വൻകുറവ്. (ഉത്പാദന ക്ഷമതാ തകർച്ച ഇന്ത്യൻ സ്റ്റേറ്റുകളിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ. ഇത് കൈകാര്യം ചെയ്യണമെങ്കിൽ ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടലുകളും പ്രതിജ്ഞാബദ്ധമായ ട്രേഡ് യൂണിയനുകളും അനിവാര്യമാണ്), ഡീസൽ ഉപഭോഗത്തിലുള്ള തകർച്ച എന്നിങ്ങനെ പോകുന്നു നിലവിലെ പ്രതിസന്ധിയുടെ യഥാർത്ഥ കാരണം.

ഏറ്റവും മോശമായ ഭൗതിക നേട്ടം, ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ഫ്ളീറ്റ് യൂട്ടിലൈസേഷൻ, ഏറ്റവും ഉയർന്ന ബസ് സ്റ്റാഫ് അനുപാതം, ഏറ്റവും മോശമായ ഡീസൽ ഉപഭോഗം എന്നീ കാരണങ്ങളാണ് കെഎസ്ആർടിസിയെ നഷ്ടത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നതെന്ന് ആസൂത്രണകമ്മീഷൻ നിയോഗിച്ച സമിതി വിലയിരിത്തിയിരുന്നു.

ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി ഉയരുമ്പോഴും പ്രതിദിന നഷ്ടം വർദ്ധിക്കുകയാണ്. ധനകാര്യ മാനേജ്മെന്റിന്റെ കാര്യങ്ങളിൽ കെ.എസ്.ആർ.ടി.സി ഒരു വൻപരാജയമാണ്. ആസ്തി ഇപ്പോഴും കൃത്യമായി രേഖപ്പെടുത്തുന്നില്ല. 420 ഏക്കർ സ്ഥലം. ഇതിന്റെ ആസ്തി വെറും 960 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യമേഖലയെ നിയന്ത്രിക്കുകയും കൂടുതൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സി യിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന ഒരു തന്ത്രം ആവിഷ്‌കരിക്കുക. ഇതുവഴി റവന്യൂ വരുമാനം ഉയർത്താൻ കഴിയുമെന്നാണ് വിദഗ്ധ സമിതി നിർദ്ദേശിച്ചത്.

കാലഹരണപ്പെട്ട ബസുകൾ ഒഴിവാക്കുക, ഷെഡ്യൂൾ റദ്ദാക്കൽ ഒഴിവാക്കുക, മനുഷ്യവിഭവ അപഗ്രഥനം അതായത് ബസ് സ്റ്റാഫ് അനുപാതം 8.6ൽ നിന്ന് ആറിലേക്ക് നിയന്ത്രിക്കുക. മെറ്റീരിയൽ മാനേജ്മെന്റ് , ഇൻവെന്ററി മാനേജ്മെന്റ് എന്നിവയെ നിരീക്ഷിക്കുന്നതിലൂടെ അനാവശ്യ വാങ്ങൽ നിയന്ത്രിക്കുക. ആവശ്യാനുസരണവും ഇക്കോണമിയുടെ അടിസ്ഥാനത്തിലും പർച്ചേസ് നടത്താൻ ക്രമീകരണം അനിവാര്യം, യാത്രാ ഷെഡ്യൂൾ ശാസ്ത്രീയമായി പുനഃക്രമീകരിക്കുക. കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള നടപടി സ്വീകരിക്കുക. യാത്രക്കാരും സ്റ്റാഫും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷം നിലനിറുത്താനുള്ള സംവിധാനം ഉണ്ടാക്കുക. ഇന്ധന ഉപഭോഗം നിയന്ത്രിക്കുക എന്നി നിർദ്ദേശങ്ങളാണ് വിദഗ്ധ സമിതി മുന്നോട്ട് വച്ചത്. എന്നാൽ ഇവയൊന്നും ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നില്ല എന്നതാണ് നിലവിൽ പ്രതിസന്ധി രൂക്ഷമാക്കുന്നത്.