- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമരം ചെയ്ത് യൂണിയനുകൾ ആനവണ്ടിയെ പൂട്ടിക്കെട്ടട്ടേ എന്ന നിലപാടിലേക്ക് ആന്റണി രാജു; ശമ്പളത്തിൽ സർക്കാർ തീരുമാനം വൈകും; 10ന് മുമ്പ് ശമ്പളം ഇല്ലെങ്കിൽ സമരമെന്ന് യൂണിയനുകളും; 920 ബസുകൾ പൊളിച്ചുവിറ്റാലും പ്രശ്നം തീരില്ല; കെ എസ് ആർ ടി സിയിലെ ബസെല്ലാം ആക്രി വിലക്ക് കൊടുക്കേണ്ടി വരുമോ?
തിരുവനന്തപുരം: നന്നാക്കി ഉപയോഗിക്കാൻ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകൾ പൊളിച്ചുവിറ്റാലും കെ എസ് ആർ ട സിയിലെ പ്രശ്‌നങ്ങൾ തീരില്ല. ഈ മാസവും ശമ്പളം മുടങ്ങും. പത്താം തീയതി ശമ്പളം കിട്ടിയില്ലെങ്കിൽ അനിശ്ചിത കാല സമരത്തിലേക്ക് തൊഴിലാളികൾ പോകും. ഇതോടെ കെ എസ് ആർ ടി സി പൊളിയുമെന്ന് ഉറപ്പായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലെ സമരം കെ എസ് ആർ ടി സിക്ക് താങ്ങാൻ ആവുന്നതിലും അപ്പറുമാണ്. സർക്കാരിൽ നിന്നുള്ള പണം കിട്ടിയാലേ ശമ്പളം നൽകാൻ കഴിയൂ. ഗതാഗതമന്ത്രി ആന്റണി രാജുവിനെ വെട്ടിലാക്കാൻ കൂടിയാണ് സമരം.
ഒരു മാസം ശരാശരി 150 കോടിയാണ് വരുമാനം. ഇതിൽ 90 കോടി ഡീസലിന് വേണം. 30 കോടി ലോൺ ഇനത്തിലും പോകും. ബാക്കിയുള്ള തുക കൊണ്ട് ശമ്പളവും പെൻഷനും നൽകാൻ കഴിയില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. സമരം തുടങ്ങിയാൽ വരുമാനം ഇനിയും കുറയും ഇതോടെ പ്രതിസന്ധിയും കൂടും. യൂണിയൻ നേതാക്കളെ അടക്കം ജോലിക്കിറക്കാനുള്ള കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകറിന്റെ നീക്കവും യൂണിയനുകൾക്ക് പിടിച്ചിട്ടില്ല. മുമ്പ് പലപ്പോഴും മാസാവസാനമാണ് കെ എസ് ആർ ടി സിയിൽ ശമ്പളം കിട്ടിരുന്നത്. അന്നൊന്നും ആരും പണി മുടക്കിയിരുന്നില്ല.
കെ.എസ്.ആർ.ടി.സിയിയിലെ ശമ്പള കാര്യത്തിൽ സർക്കാർ കൈയൊഴിയുന്നു എന്നതാണ് മറ്റൊരു വസ്തുത. തന്റെ ഉറപ്പ് തള്ളി സമരം ചെയ്ത സാഹചര്യത്തിൽ ശമ്പളക്കാര്യം ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. ഫലത്തിൽ ഏപ്രിലിലെ ശമ്പളവും വൈകുമെന്നാണ് വിവരം. പണമില്ലാത്തതിനാൽ മെയ് 21 ഓടെ മാത്രമേ ഏപ്രിലിലെ ശമ്പളം നൽകാനാവൂ എന്നായിരുന്നു മാനേജ്മെന്റിന്റെ ആദ്യ നിലപാട്. മൂന്ന് യൂണിയനുകൾ പണിമുടക്കിലേക്ക് നീങ്ങിയതോടെ ഈ മാസം പത്തിന് നൽകാൻ മന്ത്രി നിർദ്ദേശിച്ചിരുന്നു. അഞ്ചിന് തന്നെ ശമ്പളമില്ലെങ്കിൽ പണിമുടക്കുമെന്ന ശാഠ്യത്തിലായിരുന്നു യൂണിയനുകൾ എന്നായിരുന്നു മന്ത്രിയുടെ വിമർശനം. പണിമുടക്ക് മൂലമുള്ള നഷ്ടം സാമ്പത്തിക പ്രതിസന്ധി വർദ്ധിപ്പിച്ചെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
പത്തിന് ശമ്പളം നൽകാൻ സർക്കാർ നിർദ്ദേശിച്ചതാണെന്നും അതു പോലും ജീവനക്കാർ സ്വീകരിച്ചില്ലെന്നും ആന്റണി രാജുവിന്റെ പറഞ്ഞു. 'എന്റെ അഭ്യർത്ഥന തള്ളിയാണ് സമരത്തിലേക്ക് പോയത്. ഇനി മാനേജ്മെന്റ് തീരുമാനിക്കട്ടെ. പണിമുടക്കിലേക്ക് ഉണ്ടാക്കിയ നഷ്ടം വലുതാണ്. ഒരു ദിവസത്തെ പണിമുടക്ക് മൂന്ന് ദിവസത്തെ വരുമാനത്തെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിയുള്ളതുകൊണ്ടാണല്ലോ ശമ്പളം മുടങ്ങിയത്. പ്രതിസന്ധി അറിയാവുന്നവരാണ് ജീവനക്കാർ. ആ പ്രതിസന്ധി രൂക്ഷമാക്കിയാണ് പണിമുടക്കിയത്. ഒരു ദിവസം പണിമുടക്കിയാൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ മാസത്തെ ശമ്പളത്തിനും വായ്പ എടുക്കാനുള്ള നീക്കങ്ങൾ എങ്ങുമായിട്ടില്ല. ശമ്പളം വൈകുന്നതിനെതിരെ സർക്കാർ അനുകൂല എ.ഐ.ടി.യു.സി പണിമുടക്കിയിരുന്നു. സിഐ.ടി.യുവിൽ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.
സമരം കൂടി വന്നാൽ കെ എസ് ആർ ടി സി സമ്പൂർണ്ണമായും പൂട്ടേണ്ട അവസ്ഥ വരുമെന്നതാണ് വസ്തുത. അങ്ങനെ വന്നാൽ എല്ലാ ബസും പൊളിച്ചു വിൽക്കേണ്ടി വരും. 920 ബസുകൾ പൊളിച്ചു വിൽക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്. ഒന്പതുമുതൽ 16 വരെ വർഷം ഉപയോഗിച്ച ബസുകളാണ് ഇത്തരത്തിൽ സ്‌ക്രാപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.
കെ.എസ്.ആർ.ടി.സി.യുടെ 2800 ബസുകൾ വിവിധ ഡിപ്പോകളിൽ 'തള്ളി'യിരിക്കുകയാണെന്ന, ഹൈക്കോടതിയിലെ ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ കോർപ്പറേഷൻ നിഷേധിച്ചു. കോവിഡിനുമുമ്പ് 4336 ഷെഡ്യൂളുകളിൽ 6202 ബസുകൾ കെ.എസ്.ആർ.ടി.സി. ഓടിച്ചതാണ്. കോവിഡ് വന്നതോടെ എല്ലാം താളംതെറ്റി. ലോക്ഡൗണിൽ മുഴുവൻ ബസുകളും നിർത്തിയിടേണ്ടിവന്നു. ലോക്ഡൗൺ പിൻവലിച്ചശേഷവും ബസുകൾ പൂർണമായി ഇറക്കാനായിട്ടില്ല; പ്രത്യേകിച്ച് ജന്റം ബസുകൾ. കോവിഡ് മാനദണ്ഡമുള്ളതിനാൽ എ.സി. ബസുകൾ ഓടിക്കാനുള്ള തടസ്സമായിരുന്നു പ്രധാന കാരണം.
ജന്റം ബസുകൾ കേന്ദ്രസർക്കാർ സ്‌കീം അനുസരിച്ച് നൽകുന്നതാണ്. ഇത് കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ചുള്ളവയല്ല. ഇന്ധനച്ചെലവ് കൂടുതൽ, അറ്റകുറ്റപ്പണിക്കുള്ള ഉയർന്ന ചെലവ്, കേരളത്തിലെ റോഡിന് ഇണങ്ങാത്ത ഘടന എന്നിവയെല്ലാം ഇതിനുകാരണമാണ്. എന്നാലും 219 ജന്റം ബസുകളിൽ പരമാവധി എണ്ണം ഓടിക്കാനായിട്ടുണ്ട്. നിർത്തിയിട്ടവയിൽ 21 എണ്ണം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാനാകും. ബസ് നിർമ്മാണ കമ്പനിയുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് ബാക്കിയുള്ളവ സ്‌ക്രാപ്പാക്കി മാറ്റാൻ ശ്രമിക്കുന്നതെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.
100 വർക്ഷോപ്പുകളും 93 ഡിപ്പോകളും കെ.എസ്.ആർ.ടി.സി.ക്കുണ്ട്. സർവീസ് നടത്താത്ത ബസുകൾ പല ഡിപ്പോകളിലായി നിർത്തുന്നത് ജനങ്ങൾക്കും മറ്റു ബസുകളുടെ സർവീസിനും തടസ്സമാകുമെന്നതിനാൽ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. തേവര, പാറശ്ശാല, ഈഞ്ചയ്ക്കൽ, ചടയമംഗലം, ആറ്റിങ്ങൽ, കായംകുളം, ചേർത്തല, ചിറ്റൂർ, ചാത്തന്നൂർ, കാഞ്ഞങ്ങാട്, എടപ്പാൾ എന്നീ യാർഡുകളിലാണ് ബസുകളുള്ളത്. ഇവയെല്ലാം സ്‌ക്രാപ്പാക്കി മാറ്റാനുള്ളതല്ല. അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാവുന്നവയുണ്ട്. സർവീസ് ആവശ്യമാകുന്ന ഘട്ടത്തിൽ ഇവ ഉപയോഗിക്കുമെന്നും കെ.എസ്.ആർ.ടി.സി. വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ