തിരുവനന്തപുരം: അടുത്ത മാസവും കെ എസ് ആർ ടി സിയിലെ പ്രതിസന്ധി തുടരും. ഈ മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാരിൽ ഡ്രൈവർ, കണ്ടക്ടർ തസ്തികയിലുള്ളവർക്ക് ഇന്നലെ ചെയ്തു. ബാക്കി ജീവനക്കാർക്ക് ഇന്നും നാളെയുമായി നൽകും. അടുത്ത മാസവും സമാന പ്രതിസന്ധിയുണ്ടാകും.

ധനവകുപ്പ് 20 കോടി രൂപ കൂടി കൈമാറിയതോടെയാണു പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമായത്. ആദ്യം നൽകിയ 30 കോടി രൂപ കഴിഞ്ഞ തവണ ബാങ്കിൽനിന്നെടുത്ത അധികപ്പറ്റിൽ (ഓവർ ഡ്രാഫ്റ്റ്) തിരിച്ചടച്ചശേഷം 50 കോടി കൂടി ഓവർഡ്രാഫ്റ്റ് എടുത്തു. 82 കോടിയാണു ശമ്പള വിതരണത്തിനു വേണ്ടത്. ധനമന്ത്രി കെ.എൻ.ബാലഗോപാലും ആന്റണി രാജുവുമായി ചർച്ച നടത്തിയശേഷമാണു 20 കോടി കൂടി അനുവദിച്ചത്. അടുത്ത മാസവും വരുമാനക്കുറവ് കെ എസ് ആർ ടി സിയെ ബാധിക്കും.

പരിഷ്‌കരണവുമായി ജീവനക്കാർ സഹകരിച്ചില്ലെങ്കിൽ കെ എസ് ആർ ടി സി അടച്ചു പൂട്ടലിന്റെ വക്കിലെത്തും. കടക്കണിയിലാണ് സർക്കാർ. അതുകൊണ്ട് തന്നെ എല്ലാ മാസവും 30 കോടി നൽകാനാകില്ലെന്നതാണ് നിലപാട്. ഇതേസമയം സിഐടിയു നടത്തിയ പ്രതിഷേധ സംഗമത്തിൽ ഗതാഗത മന്ത്രിയുടെ മുൻനിലപാടിനെതിരെ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ കടുത്ത വിമർശനമുയർത്തി. ഇതിന് പിന്നാലെയാണ് ശമ്പളം നൽകുന്നത്.

ശമ്പളം നൽകേണ്ടതു മാനേജ്‌മെന്റിന്റെ മാത്രം ഉത്തരവാദിത്തം എന്ന മന്ത്രിയുടെ പ്രസ്താവന തൊഴിലാളികൾക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയെന്ന് ആനത്തലവട്ടം പറഞ്ഞു. സിറ്റി സർക്കുലർ, സിഎൻജി ബസുകൾ പോലുള്ള തീരുമാനങ്ങളെയും രൂക്ഷമായി വിമർശിച്ചു. അടുത്ത മാസം 6നു കെഎസ്ആർടിസിയെ സംരക്ഷിക്കാനുള്ള ബദൽ നയം സിഐടിയു പ്രഖ്യാപിക്കുമെന്നും അറിയിച്ചു. സിറ്റി സർക്കുലറും മറ്റും വലിയ നഷ്ടം ഉണ്ടാക്കുന്നുണ്ട്.

എന്നാൽ തന്നെ സിഐടിയു വിമർശിച്ചില്ലെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. പ്രതിസന്ധിക്കു മാസങ്ങൾക്കകം പരിഹാരമാകുമെന്നും കെ.ബി. ഗണേശ്‌കുമാറിന്റെ വിലകുറഞ്ഞ പരാമർശങ്ങൾക്കു മറുപടി പറയുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു. ഗതാഗതവകുപ്പ് സിപിഎമ്മിനു കൈമാറണമെന്ന ആവശ്യമായിരുന്നു ഗണേശിന്റേത്. ഇത് ഏറെ ചർച്ചയാകുന്നുണ്ട്. പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തി രണ്ടരക്കൊല്ലം കഴിയുമ്പോൾ ആന്റണി രാജു മന്ത്രി പദം ഒഴിയണം. അന്ന് പകരം എത്തേണ്ടത് ഗണേശ് കുമാറാണ്.

എന്നാൽ ഗണേശ് കുമാറിന് ഗതാഗതത്തോട് താൽപ്പര്യമില്ല. കടക്കെണിയിലുള്ള കെ എസ് ആർ ടി സിയെ രക്ഷിക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ഇത്. അതുകൊണ്ടാണ് വകുപ്പ് സിപിഎം ഏറ്റെടുക്കണമെന്ന് പറയുന്നതെന്നും സൂചനയുണ്ട്. ശമ്പളപ്രശ്‌നത്തിൽ മന്ത്രിമന്ദിരങ്ങളിലേക്കു ബിഎംഎസിന്റെ പട്ടിണി മാർച്ച് നടക്കും. അവരും സമരത്തിനാണ്.