തിരുവനന്തപുരം: ശമ്പളം നൽകാൻ വഴിയില്ലാത്തപ്പോഴും ശമ്പളപരിഷ്‌കരണത്തിനു തുനിഞ്ഞതാണ് കെ എസ് ആർ ടി സിയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. സർക്കാർ ഇത്രയൊക്കെ സഹായിച്ചിട്ടും തൊഴിലാളി സംഘടനകൾ വിട്ടുവീഴ്ചയ്ക്കു തയ്യാറാകുന്നില്ലെന്നതാണ് വസ്തു. ഈ മാസവും ശമ്പളം വൈകും. അഥിനിടെ ശമ്പളകാര്യത്തിൽ തീരുമാനമായില്ലെങ്കിലും അധികം ജോലി ചെയ്യുന്നവർക്ക് ഇൻസെന്റീവ് നൽകാൻ കെഎസ്ആർടിസി മാനേജ്‌മെന്റ് തീരുമാനം. മാസം 20 ഡ്യൂട്ടി ചെയ്യുന്നവർക്കു ശമ്പളത്തിനു പുറമേ 1000 രൂപ നൽകും. 25 ഡ്യൂട്ടി ചെയ്താൽ 2000 രൂപ വരെ ഇൻസെന്റീവ് കൊടുക്കാനും തീരുമാനിച്ചു.

ജീവനക്കാർ കൃത്യമായ ഡ്യൂട്ടിക്ക് വരാത്തതാണ് കെ എസ് ആർ ടി സിയിലെ പ്രധാന പ്രശ്‌നം. പലരും 15ൽ താഴെ ഡ്യൂട്ടി മാത്രമേ എടുക്കാറുള്ളൂ. അതുകൊണ്ട് തന്നെ പരമാവധി വരുമാനം കിട്ടുന്നില്ല. പരമാവധി വരുമാനം ഉണ്ടാക്കുക മാത്രമാണ് രക്ഷപ്പെടാൻ കെ എസ് ആർ ടി സിക്ക് മുമ്പിലുള്ള വഴി. അതിനിടെ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി. ആസ്ഥാനത്ത് സിഐ.ടി.യു., ഐ.എൻ.ടി.യു.സി. സംഘടനകൾ തിങ്കളാഴ്ച അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ശമ്പളം കിട്ടുന്നതുവരെ സമരം തുടരും. ബസ് സർവീസുകളെ ബാധിക്കാത്തവിധമാണ് സമരം.

ബി.എം.എസ്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആർ.ടി.സി.യുടെ ജില്ലാ ആസ്ഥാനങ്ങളിലും ചൊവ്വാഴ്ച അനിശ്ചിതകാല ധർണ ആരംഭിക്കും. 193 കോടി രൂപ മാസവരുമാനം നേടിയിട്ടും ശമ്പളം നൽകാത്തതാണ് സംഘടനകളുടെ പ്രതിഷേധത്തിനു കാരണം. ഡ്യൂട്ടി പരിഷ്‌കരണത്തെക്കുറിച്ച് ചർച്ചചെയ്യാൻ കെ.എസ്.ആർ.ടി.സി. എം.ഡി. വെള്ളിയാഴ്ച വിളിച്ച യോഗത്തിലാണ് ശമ്പളവിതരണത്തിലെ അനിശ്ചിതത്വം മാനേജ്മെന്റ് വ്യക്തമാക്കിയത്. ശമ്പളം കിട്ടിയിട്ട് ചർച്ചചെയ്യാമെന്നുപറഞ്ഞ് സംഘടനകൾ യോഗം ബഹിഷ്‌കരിച്ചു. ഡീസൽ ചെലവും കൺസോർഷ്യം വായ്പ തിരിച്ചടവും കഴിഞ്ഞപ്പോൾ അക്കൗണ്ട് കാലിയായെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.

ശമ്പളം ഉൾപ്പെടെ 250 കോടി രൂപ ഈ മാസം ചെലവുണ്ട്. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും കിട്ടിയിട്ടില്ല. കഴിഞ്ഞമാസം ശമ്പളം നൽകാനെടുത്ത 46 കോടിയുടെ ഓവർഡ്രാഫ്റ്റ് തിരിച്ചടയ്ക്കാത്തതിനാൽ ഇത്തവണ ഓവർഡ്രാഫ്റ്റിനു സാധ്യതയില്ല. ശമ്പളം നൽകാൻ മാത്രം 72 കോടി വേണം. കഴിഞ്ഞമാസം 50 കോടി സർക്കാർ നൽകിയിരുന്നു. ഇത്തവണയും സർക്കാർ സഹായം വേണ്ടിവരും. പെൻഷനുള്ള 65 കോടിക്കു പുറമെ വായ്പ തിരിച്ചടവിനുള്ള 30 കോടികൂടി മാസം നൽകാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

മാസം 16 ഡ്യൂട്ടി ചെയ്താൽ മാത്രമേ കൃത്യമായി ആദ്യം തന്നെ ശമ്പളം നൽകൂവെന്നു കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് സർക്കുലർ ഇറക്കിയിരിക്കുന്നു. 16 ഡ്യൂട്ടി ചെയ്യാത്തവരുടെ ശമ്പള ബിൽ എല്ലാ മാസവും 8ാം തീയതി കഴിഞ്ഞിട്ടേ തയാറാക്കൂവെന്നും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ജീവനക്കാർ ഓഫ് എടുക്കുന്നതും അവധിയെടുക്കുന്നതും കഴിയുന്നത്ര ഒഴിവാക്കണമെന്നു കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കി.

ഇതു ഫലം കണ്ടെന്നാണു നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച 6.92 കോടിയോളം രൂപ വരുമാനം ലഭിച്ചു. മെയ്‌ മാസവും വരുമാനം കൂടി194 കോടി. ദിവസം 8 കോടി വീതം വരുമാനമായി കിട്ടിയാൽ വൈകാതെ ശമ്പളം നൽകാനാകുമെന്നാണു മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഇതിന് വേണ്ടിയാണ് ഇന്റസന്റീവ് പ്രഖ്യാപനം.

കെഎസ്ആർടിസിക്കു സാമ്പത്തിക സഹായം തേടി മുഖ്യമന്ത്രിക്കു നൽകാനുള്ള റിപ്പോർട്ട് തയാറാക്കുകയാണ് ഗതാഗത വകുപ്പ്. ഇതുമായി അടുത്തയാഴ്ച മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും കാണും. സുശീൽഖന്ന റിപ്പോർട്ട് പ്രകാരം ദിവസം 10,000 കിലോമീറ്റർ ദൂരം ബസുകൾ ഓടുന്ന ഡിപ്പോയിൽ എൻജിനും ഗിയർ ബോക്‌സും ക്ലച്ചും ഉൾപ്പെടെ എല്ലാ ഭാഗങ്ങളും പ്രത്യേകം കരുതണമെന്നാണ്. ഏതു ഭാഗം തകരാറിലായാലും 8 മണിക്കൂർ കൊണ്ട് അഴിച്ചുപണി നടത്തി ബസ് ഇറക്കാനാകണം. ഇതിലൂടെ പരമാവധി ബസ് നിരത്തിലിറക്കാൻ കഴിയും.