തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ജില്ലാ ഓഫീസുകൾ. ഭരണനിർവ്വഹണം കാര്യക്ഷമമാക്കുന്നതിനാണ് പുതിയ ജില്ലാ ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതെന്നാണ് വിശദീകരണം. ആദ്യഘട്ടത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലാണ് ജില്ലാ ഓഫീസുകൾ പ്രവർത്തനം ആരംഭിക്കുന്നത്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിയിലാണ് താൽക്കാലികമായി ജില്ലാ ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ബാക്കി മൂന്ന് ജില്ലകളിലും അതാത് ജില്ലാ ആസ്ഥാനത്ത് തന്നെയാണ് കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഓഫീസുകൾ.

ജില്ലാ ഓഫീസുകൾ അതാത് ജില്ലാ ആസ്ഥാനത്ത് തന്നെ തുടങ്ങാനാണ് തീരുമാനമെങ്കിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരമൊരു സൗകര്യ ഒരുക്കാൻ ബുദ്ധിമുട്ട് നേരിടുന്നതിനാൽ കൊല്ലത്ത് കെ.എസ്.ആർ.ടി.സിയുടെ ജില്ലാ ഓഫീസ് കൊട്ടാരക്കരയിലായിരിക്കും. ആലപ്പുഴയിൽ ഹരിപ്പാടും, കോട്ടയത്ത് ചങ്ങനാശ്ശേരിയിലും, എറണാകുളത്ത് ആലുവയിലുമായിരിക്കും ജില്ല ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ഇടുക്കി ജില്ലയുടെ ജില്ലാ ഓഫീസ് തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ കോംപ്ലക്സിലാണ് ആരംഭിക്കുന്നത്.

കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസുകൾ ചുവടെ

തിരുവനന്തപുരം സൗത്ത് - പാപ്പനംകോട്, തിരുവനന്തപുരം നോർത്ത് - നെടുമങ്ങാട്, കൊല്ലം - കൊട്ടാരക്കര (താൽക്കാലികം), പത്തനംതിട്ട - പത്തനംതിട്ട, ആലപ്പുഴ - ഹരിപ്പാട് (താൽക്കാലികം), കോട്ടയം - ചങ്ങനാശ്ശേരി (താൽക്കാലികം), ഇടുക്കി - തൊടുപുഴ, എറണാകുളം - ആലുവ (താൽക്കാലികം), തൃശൂർ -തൃശൂർ, മലപ്പുറം - മലപ്പുറം, കോഴിക്കോട് - കോഴിക്കോട്.