തിരുവനന്തപുരം: യൂണിയനുകാരുടെ മാസ പരിവ് തടഞ്ഞായിരുന്നു കെ എസ് ആർ ടി സിയിൽ ടോമിൻ തച്ചങ്കരി പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. ശമ്പളത്തിൽ നിന്ന് ലക്ഷങ്ങൾ പിരിക്കുന്ന രീതിക്ക് അവസാനമിട്ടായിരുന്നു ഇടപെടൽ. അതിന് ശേഷം യൂണിയൻ നേതാക്കളെ കൊണ്ട് പണിയെടുപ്പിച്ചു. സ്ഥലംമാറ്റത്തിൽ ഉൾപ്പെടെ യൂണിയനുകൾക്ക് കഴിയില്ലെന്ന് തെളിയിച്ചു. എല്ലാത്തിനും ഉപരിയായി എല്ലാ മാസവും കൃത്യമായി ശമ്പളവും നൽകി. ഇതോടെ യൂണിയന്റെ ആവശ്യം കെ എസ് ആർ ടി സിയിൽ ഇല്ലാതെയായി. ഏറ്റവും വെല്ലുവിളി നേടുന്നത് സിഐടിയുവിന്റെ തൊഴിലാളി സംഘടനയ്ക്കാണ്. കെ എസ് ആർ ടി സിയുടെ ഏറ്റവും വലിയ തൊഴിലാളി സംഘടനയിൽ കൊഴിഞ്ഞു പോക്കും തുടങ്ങി. നാലിലൊന്ന് അംഗങ്ങൾ ഇതിനോടകം സംഘടന വിട്ടു. ഈ സാഹചര്യത്തിൽ തച്ചങ്കരിയെ തളയ്ക്കാനും കെ എസ് ആർ ടി സിയിൽ നിന്ന് പുറത്താക്കാനും യൂണിയനുകാർ ഒരുമിക്കുകയാണ്. ഇതിന് സിഐടിയു തന്നെ നേതൃത്വം നൽകി.

ഇതിന്റെ ഭാഗമായി കെഎസ്ആർടിസി എംഡി സ്ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ നീക്കണമെന്നാവശ്യപ്പെട്ടു ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലെ രണ്ടു സിപിഎം പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങൾ മൂലം സിഐടിയു യൂണിയനിലെ അംഗങ്ങളുടെ എണ്ണം 25 ശതമാനത്തോളം കുറഞ്ഞെന്നും ഇടതു സർക്കാരിന്റെ നയങ്ങളല്ല അദ്ദേഹം നടപ്പാക്കുന്നതെന്നുമാണു കത്തിലെ പ്രധാന ആരോപണം. ബോർഡ് അംഗങ്ങളായ ടി.കെ.രാജൻ, സി.വി.വർഗീസ് എന്നിവരാണു കത്തു നൽകിയത്.

സമീപകാലത്ത് എംഡിമാരായവരിൽ എ. ഹേമചന്ദ്രൻ മാത്രമാണു കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമിച്ചതെന്നു കത്തിൽ പറയുന്നു. യൂണിയൻ വരിസംഖ്യ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു നേരിട്ടു പിടിക്കുന്നതിനു തച്ചങ്കരി വിലക്കു കൊണ്ടുവന്നതോടെ അംഗങ്ങളുടെ എണ്ണം കാര്യമായി കുറഞ്ഞു. ബോർഡിൽ ആലോചിക്കാതെയാണ് എംഡി പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്. ടിക്കറ്റ് റിസർവേഷൻ കുടുംബശ്രീക്കു കൈമാറാനും ഇലക്ട്രിക് ബസ് വാടകയ്ക്ക് എടുക്കാനുമുള്ള തീരുമാനങ്ങൾ ഉൾപ്പെടെ ബോർഡിൽ ചർച്ച ചെയ്തില്ലെന്നും ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കത്തു നൽകിയിട്ടുണ്ട്.

കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് പിരിച്ചുവിട്ടു പ്രഫഷനൽ യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്ന പ്രഫ. സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കണമെന്നാവശ്യപ്പെട്ടു മുൻ എംഡി എ.ഹേമചന്ദ്രൻ നൽകിയ കത്തിൽ ഒൻപതു മാസമായിട്ടും സർക്കാർ തീരുമാനമായില്ല. കെഎസ്ആർ ടിസിയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു രക്ഷിക്കാൻ സർക്കാർ നിയോഗിച്ച സുശീൽ ഖന്നയുടെ റിപ്പോർട്ടിലെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്. ഇതിനും തച്ചങ്കരി ശ്രമിക്കുന്നുണ്ട്. ഇത് കൂടിയാകുമ്പോൾ കെ എസ് ആർ ടി സിയിൽ നിന്ന് യൂണിയനുകൾക്ക് പൂർണ്ണമായും പടിയിറക്കമാകും. ഇത് മനസ്സിലാക്കിയാണ് സി ഐ ടി യു പ്രത്യക്ഷ നിലപാടുമായി രംഗത്ത് വരുന്നത്.

അഴിമതിയും വെട്ടിപ്പും നടത്താനുള്ള പ്രസ്ഥാനമായി നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്കോടിയ കോർപ്പറേഷനെ ലാഭത്തിന്റെ പാതയിലേക്കു മാറ്റിയോടിക്കാനുള്ള ശ്രമങ്ങൾക്കു തുരങ്കം വച്ചിട്ടുള്ളത് തൊഴിലാളി സംഘടനകളെപ്പോലെ അവരുടെ പ്രതിനിധികളായെത്തിയിട്ടുള്ള ഡയറക്ടർബോർഡ് അംഗങ്ങളാണെന്നതാണ് വസ്തുത. ഒൻപതംഗ സർക്കാർ പ്രതിനിധികൾക്കു പുറമേ പുറത്തുനിന്നുള്ള എട്ടംഗ ഡയറക്ടർ ബോർഡാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും ഡയറക്ടർബോർഡ് യോഗ തീരുമാനം അനുസരിച്ചാണ്. ഒട്ടുമിക്ക ബോർഡ് യോഗങ്ങളിലും കേന്ദ്ര സർക്കാർ പ്രതിനിധികളായ രണ്ടംഗങ്ങൾ എത്താറില്ല. സർക്കാർ പ്രതിനിധികളായ മറ്റ് ഉദ്യോഗസ്ഥരിൽ പലരും തിരക്കുകൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയും ചെയ്യും. പിന്നെ കൃത്യമായെത്തുന്നത് പുറത്തുനിന്നുള്ള എട്ടംഗങ്ങളാണ്.

ഭരണകക്ഷിയുടെയും പ്രധാന തൊഴിലാളി സംഘടനകളുടെയും പ്രതിനിധികളായി ഡയറക്ടർബോർഡിൽ കടന്നു കൂടുന്നവരാണ് പുറത്തുനിന്നുള്ളവർ. സിറ്റിങ് ഫീസ് ഉൾപ്പെടെ ഇവർക്കായി പ്രതിവർഷം കോടികളാണു ചെലവഴിക്കുന്നത്. ഇതിനു പുറമേ യാത്രയ്ക്കായി മെറ്റൽ കാർഡുകളാണ് നൽകിയിരിക്കുന്നത്. ഈ കാർഡ് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയുടെ ഏതു ബസുകളിലും ഇവർക്ക് എപ്പോൾ വേണമെങ്കിലും സഞ്ചരിക്കാം. ഡയറക്ടർബോർഡ് അംഗങ്ങളായി വിലസിയ പലർക്കും അടിസ്ഥാന വിദ്യാഭ്യാസം പോലും ഉണ്ടായിരുന്നില്ല. തോട്ടം ജീവനക്കാരും വാച്ചർമാരും അംഗൻവാടി ജീവനക്കാരും തുടങ്ങി കൂലപ്പണിക്കാരെ വരെ ഡയറക്ടർബോർഡ് സ്ഥാനത്ത് അവരോധിച്ചിട്ടുണ്ട്.

ഡയറക്ടർബോർഡിൽ കുടുതൽ സാങ്കേതിക പരിജ്ഞാനം ഉള്ളവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സി.എം.ഡിമാർക്കെതിരേ ഒറ്റക്കെട്ടായി നിന്ന് ഇവരെ പുറത്താക്കുകയോ നിർജീവമാക്കി നിർത്തി ഭരണം കൈയാളുകയോ ആയിരുന്നു നടന്നുവന്നത്. ടി.പി. സെൻകുമാറിനെയും എം.ജി. രാജമാണിക്യത്തെയും പോലുള്ളവരെ ഇത്തരത്തിലാണ് കോർപ്പറേഷനിൽനിന്ന് പുകച്ചുപുറത്ത് ചാടിച്ചത്. ഇപ്പോൾ സി.എം.ഡി. ടോമിൻ തച്ചങ്കരിക്കെതിരെയും ഇത്തരത്തിലുള്ള പുറപ്പാടിലാണ് ഡയറക്ടർബോർഡ് അംഗങ്ങളിൽ ചിലർ. കോർപ്പറേഷനിൽ തച്ചങ്കരി തുടർന്നാൽ യൂണിയനുകൾ ഉണ്ടാകില്ലെന്നും ഏകാധിപതിയേപോലെ പെരുമാറുന്ന അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് ഇവർ കത്ത് നൽകിയതും ഇതിന്റെ ഭാഗമാണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരായ ടി.എം. തോമസ് ഐസകിന്റെയും എ.കെ ശശീന്ദ്രന്റെയും പിന്തുണയോടെ കോർപ്പറേഷനെ ലാഭത്തിലാക്കാനുള്ള തച്ചങ്കരിയുടെ ശ്രമത്തെ തകർക്കാനാണ് ഈ നീക്കം. സി.എം.ഡി: ടോമിൻ തച്ചങ്കരിക്കു പുറമേ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക ഉപദേഷ്ടാവും ചീഫ് അക്കൗണ്ടസ് ഓഫീസറുമായ ഐസക്ക്കുട്ടി, ധനവകുപ്പ് സെക്രട്ടറി ഷർമ്മിള മേരി ജോസഫ്, നീയമവകുപ്പ അഡീഷണൽ സെക്രട്ടറി പി. സുരേഷ്‌കുമാർ, നാറ്റ്പാക്ക് ചീഫ് സയന്റിസ്റ്റ് ഡോ. ബി.ജി. ശ്രീദേവി, കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടർ ആർ. രാഹുൽ, കേന്ദ്ര ട്രാൻസ്പോർട്ട് ഡെപ്യൂട്ടി സെക്രട്ടറി ഐറീൻ ചെറിയാൻ, ക്രേന്ദ ട്രാൻസ്പോർട്ട് ഡയറക്ടർ ഹർക്കീഷ് മീണ എന്നിവർ സർക്കാരിന്റെ ഭാഗത്തുനിന്നുള്ളവരും നോൺ ഒഫിഷ്യൽ അംഗങ്ങളായി ടി.കെ. രാജൻ, സി.വി വർഗീസ്, കെ.ജി. പങ്കജാക്ഷൻ, സലിം പി. മാത്യു, ആലീസ് മാത്യു, സി.എം. ശിവരാമൻ, മാത്യൂസ് കോലഞ്ചേരി, സയ്യിദ് ഫൈസൽ അലി എന്നിവരുമാണ് ഇപ്പോൾ ഡയറക്ടർബോർഡിലുള്ളത്.