- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ ശമ്പളം പറ്റി സ്ഥിരം ജീവനക്കാർ പലരും ഇഞ്ചിയും കാപ്പിയും കൃഷി ചെയ്യുന്നു; ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും ഉണ്ട്; ആനവണ്ടിയെ കൊല്ലുന്നത് രാഷ്ട്രീയമുള്ള ജീവനക്കാർ! സഹികെട്ട് സത്യം തുറന്ന് പറഞ്ഞ് കെ എസ് ആർ ടി സി എംഡി ബിജു പ്രഭാകർ; തച്ചങ്കരിയെ കണ്ടം വഴി ഓടിച്ചവർ ഇനി വെറുതെ ഇരിക്കില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യെ നഷ്ടത്തിലാക്കുന്നത് ജീവനക്കാർ നടത്തുന്ന ഗുരുതര ക്രമക്കേടുകളെന്ന് തുറന്നടിച്ച എം ഡി ബിജു പ്രഭാകർ ഇനി നേരിടേണ്ടി വരുക യൂണിയൻ നേതാക്കളുടെ കടുത്ത എതിർപ്പുകൾ. കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയും ജീവനക്കാരുടെ അലംഭാവവും മുൻപൊരിക്കൽ തുറന്നു കാട്ടിയ അന്നത്തെ എംഡി ടോമിൻ തച്ചങ്കരിക്കെതിരെ കെഎസ്ആർടിസി യൂണിയൻ നേതാക്കൾ രാഷ്ട്രീയം മറന്ന് ഒരുമിക്കുകയും പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തുകയും ചെയ്തതിന് സമാനമായ അനുഭവമാണ് ബിജു പ്രഭാകറിനേയും കാത്തിരിക്കുന്നത്.
മെയ്യനങ്ങാതെ ഭരിച്ച് മുന്നേറിയ യൂണിയൻ നേതാക്കളെക്കൊണ്ട് പണിയെടുപ്പിക്കാൻ ശ്രമിച്ചതാണ് തച്ചങ്കരി ശത്രുവാകാൻ അന്ന് കാരണമെങ്കിൽ സ്ഥിരം ജീവനക്കാരുടെ അനാസ്ഥയും തട്ടിപ്പും ക്രമക്കേടും തുറന്ന് പറഞ്ഞ ബിജു പ്രഭാകറും യൂണിയൻ നേതാക്കളുടെ ശത്രുവായി എണ്ണപ്പെടും.
കാലങ്ങളായി കെഎസ്ആർടിസിയിൽ നേരിടുന്ന ജീർണ്ണതകളാണ് വാർത്തസമ്മേളനത്തിലൂടെ എം ഡി ബിജു പ്രഭാകർ തുറന്നുകാട്ടിയത്. വലിയ ശമ്പളം കൈപ്പറ്റിക്കൊണ്ട് ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നുവെന്നും ബിജു പ്രഭാകർ തുറന്നടിച്ചിരുന്നു.
പല ഡിപ്പോകളിലും എംപാനൽ ജീവനക്കാരാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുന്നു. പലരും ഇഞ്ചിയും കാപ്പിയും കൃഷിചെയ്യുന്നു, ചിലർ ട്യൂഷനെടുക്കുന്നു. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നവരും കൂട്ടത്തിലുണ്ട്. വർക്ക് ഷോപ്പുകളിൽ സാധനങ്ങൾ വാങ്ങുന്നതിലും ക്രമക്കേടുണ്ടെന്നും ബിജു പ്രഭാകർ തുറന്നു പറയുന്നു.
ഇതിന് പുറമെ ദീർഘദൂര സ്വകാര്യ ബസുകളെ സഹായിക്കുന്നതിനായി ഒരുവിഭാഗം ജീവനക്കാർ ശ്രമിക്കുന്നു. ഇന്ധനം നടത്തി പണം സമ്പാദിക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. പല ജനപ്രതിനിധികളും തങ്ങളുടെ മണ്ഡലത്തിൽ വണ്ടികൾ സ്വന്തം ക്രഡിറ്റിനുവേണ്ടി ഉപയോഗിക്കുന്നുന്നുണ്ടെന്നും ബിജു പ്രഭാകർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജീർണ്ണതകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്ന് വ്യക്തം. യൂണിയനുകൾക്ക് വ്യക്തമായ സ്വാധീനമുള്ള കെഎസ്ആർടിസിയിൽ ക്രമക്കേടു നടത്തുന്നവരെ സംരക്ഷിക്കുന്നതും നേതാക്കൾ തന്നെയെന്ന് എംഡിയുടെ തുറന്നു പറച്ചിലിൽ വ്യക്തമാകുന്നുണ്ട്.
2012-2015 കാലയളവിൽ കെ.എസ്.ആർ.ടിയിൽനിന്ന് 100 കോടിയോളം രൂപ കാണാതായതടക്കം ഒട്ടേറെ ക്രമക്കേടുകൾ നടന്നിട്ടും നടപടി സ്വീകരിക്കാതെ യൂണിയൻ നേതാക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകുന്നതാണ് ഗുരുതര പ്രതിസന്ധിയിലേക്ക് എത്തിച്ചത്.
കെ.എസ്.ആർ.ടി.സി. നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇത് മറികടക്കുന്നതിനായി നടത്തിയ പഠനത്തിൽനിന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച കണ്ടെത്തിയെന്നും ബിജു പ്രഭാകർ പറയുന്നു. ആരെയും പിരിച്ചുവിടുക എന്നത് സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും നയമല്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. അതിനിടെയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള വലിയ ക്രമക്കേട് കണ്ടെത്തിയതെന്നും ഉള്ളു തുറന്ന് പറയുന്നു.
കെ എസ് ആർ ടി സിയെ നശിപ്പിക്കുന്നത് യൂണിയൻ നേതാക്കളാണ് എന്ന് തൊഴിലാളികൾക്കും അറിയാം. നഷ്ടത്തിൽ നിന്ന് കരകയറ്റാനും ജീവനക്കാരുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിച്ച് നടപ്പാക്കാനും ഉന്നത ഉദ്യോഗസ്ഥർ തയ്യാറാകുമ്പോഴും പിന്നോട്ടടിക്കുന്നത് യൂണിയൻ നേതാക്കളുടെ നിലപാടുകളാണ്. ഇത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ തവണ ബിഎംഎസിന് പിന്തുണ നൽകി ജയിപ്പിക്കാൻ ജീവനക്കാർ രാഷ്ട്രീയം മറന്ന് ഒന്നിച്ചത്.
പൊതുഗതാഗത സംവിധാനത്തിന് ഏറ്റവും സാധ്യതയുള്ള കേരളത്തിൽ നാൾക്കു നാൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ നന്നാക്കാൻ ശ്രമിച്ചവരെല്ലാം പടിക്കു പുറത്തായ അനുഭവമാണ് ഇതുവരെയുള്ളത്. ഭരണസ്വാധീനത്തിലൂടെയാണ് ടോമിൻ തച്ചങ്കരിയെ കെട്ടുകെട്ടിച്ചതെങ്കിൽ ബിജു പ്രഭാകറിനും സമാനമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് വ്യക്തം.
എംഡി സ്ഥാനത്തിരുന്ന് ബിജു പ്രഭാകർ രാഷ്ട്രീയം കളിക്കുന്നു എന്നതാകും ഉടൻ ഉയരാൻ പോകുന്ന വിമർശനം. കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണെന്നും അതുകൊണ്ടാണ് വിമർശിച്ചതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു പരത്തും. കോൺഗ്രസുകാരനായതു കൊണ്ടാണിതെന്നും വിവരിക്കും. അങ്ങനെ ബിജുവിനേയും സ്ഥാനത്ത് നിന്നും നീക്കാനുള്ള സമ്മർദ്ദം ശക്തമാക്കും.
സർക്കാരിലും വകുപ്പ് മന്ത്രിയിലും സമ്മർദ്ദം ചെലുത്തി എം ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റാനുള്ള നീക്കങ്ങളാകും വരും ദിവസങ്ങളിൽ കെഎസ്ആർടിസിയിൽ അരങ്ങേറുക.
യൂണിയൻ നേതാക്കളുടെ രാഷ്ട്രീയ ഇടപെടലുകൾക്കും ചരടുവലികൾക്കും പിന്തുണയുമായി ഭരണകക്ഷി നേരിട്ട് രംഗത്ത് വന്നുകൂടായ്കയില്ല.
മറുനാടന് ഡെസ്ക്