തുറവൂർ: വലിയ അറിവിനേക്കാൾ സന്ദർഭോചിത ഇടപെടലാണ് ചിലപ്പോൾ രക്ഷക്കെത്തുക.അത് ഒരിക്കൽ കൂടി സാക്ഷിയാവുകയായിരുന്നു തുറവൂർ ബസ് സ്റ്റാൻഡ് പരിസരം. ഡ്രൈവറില്ലാതെ തനിയെ മുന്നോട്ടു നീങ്ങിയ കെ.എസ്.ആർ.ടി.സി. ബസ് ബ്രേക്ക് ചവിട്ടി നിർത്തിയത് യാത്രക്കാരി.എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വ്യാഴാഴ്ച രാവിലെ 8.30-നാണ് സംഭവം. കലൂർ സ്വദേശിനിയായ രേഷ്‌ന അരുൺ ആണ് സമയോചിതമായ ഇടപെടലിലൂടെ അപകടം ഒഴിവാക്കിയത്.

തുറവൂരിലെ തന്റെ ബൊട്ടീക്കിലേക്കു പോകാനാണ് രേഷ്‌ന ആലപ്പുഴ ബസിൽ കയറിയത്. മുൻസീറ്റിലാണ് ഇരുന്നത്. അല്പം കഴിഞ്ഞപ്പോഴാണ് ബസ് തനിയെ നീങ്ങിയത്. യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങിയപ്പോൾ പെട്ടെന്ന് ഡ്രൈവറുടെ സീറ്റിലേക്ക് കടന്നിരുന്ന് ബ്രേക്ക് ചവിട്ടി നിർത്തുകയായിരുന്നു.

വാഹനം ഓടിക്കാൻ അറിയില്ല. റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവ് അരുൺ ഓടിക്കുന്നതു കണ്ടുള്ള പരിചയം മാത്രമേയുള്ളു. അരുൺ പറഞ്ഞുതന്നിട്ടുള്ള എ.ബി.സി. രീതി (ആക്‌സിലറേറ്റർ, ബ്രേക്ക്, ക്ലച്ച്) ഓർത്താണ് ബ്രേക്കിൽ കാൽ അമർത്തിയത് - രേഷ്ന പറഞ്ഞു.

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ബസ് നിർത്തിയിടുന്നിടത്ത് ഒരു ചരിവ് ഉണ്ട്. വണ്ടി സെക്കൻഡ് ഗിയറിൽ കിടന്നാൽ, ആളുകൾ കയറുന്നത് അനുസരിച്ച് തെന്നി തനിയെ നീങ്ങാൻ സാധ്യതയുണ്ടത്രെ.