കോഴിക്കോട്: മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ രൂപകൽപനയിൽ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും, കെട്ടിടത്തിന്റെ ഭാരം താങ്ങുന്ന തൂണുകളിൽ 90 ശതമാനവും ബലപ്പെടുത്തേണ്ടതുണ്ടെന്നും മദ്രാസ് ഐഐഐടി സംഘം. 15-20 കോടി രൂപയാണ് അറ്റകുറ്റപ്പണിക്ക് ഇപ്പോൾ ചെലവുകണക്കാക്കുന്നത്. എന്നാൽ കെട്ടിടത്തിന്റെ വലുപ്പത്തിനനുസരിച്ച് ഭൂമിക്കടിയിലേക്കുള്ള പൈലിങ് പരിശോധിക്കേണ്ടി വരുമെന്നുമാണ് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

അതിനു വേണ്ടത്ര ഉറപ്പില്ലെങ്കിൽ കെട്ടിടം തന്നെ പൊളിച്ചു മാറ്റേണ്ട ഗുരുതര സ്ഥിതിയും ഉണ്ടായേക്കുമെന്നാണു തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ഐഐടി സംഘം അറിയിച്ചിരിക്കുന്നത്. കെട്ടിടത്തിലെ ഓരോ തൂണും കോൺക്രീറ്റും ഐഐടി സംഘം പരിശോധിച്ചിരുന്നു. രൂപകൽപന പ്രകാരമുള്ള നിർമ്മാണം തന്നെയാണു കരാറുകാരൻ നടത്തിയിരിക്കുന്നതെന്നാണു കണ്ടെത്തൽ.

എന്നാൽ, ഇത്രയും വലിയ കെട്ടിടത്തിന്റെ ഭാരം താങ്ങാൻ മാത്രമുള്ള കമ്പിയും സ്റ്റീലും ഉപയോഗിച്ചിട്ടുണ്ടോ എന്നു സംശയമാണ്. പ്രത്യേകിച്ചു പൈലിങ്ങിന്റെ കാര്യത്തിൽ. രൂപകൽപനയിലെ പ്രശ്‌നങ്ങളിലേക്കാണ് അതു വിരൽചൂണ്ടുന്നത്. ഭൂമിക്കടിയിലേക്ക് തുരന്ന് ബലവും ഉറപ്പും പരിശോധിക്കേണ്ടതുണ്ട്. വേണ്ടത്ര ഉറപ്പില്ലെങ്കിൽ ചുറ്റിലും കോൺക്രീറ്റ് നിറയ്ക്കണം. എങ്കിലേ മുകൾ നിലകൾ ബലപ്പെടുത്തുമ്പോൾ കൂടുതലായി വരുന്ന ഭാരം താങ്ങാൻ സാധിക്കൂ.

കോൺക്രീറ്റ് നിറച്ച് പൈലിങ് ബലപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ കെട്ടിടത്തിന്റെ നിലനിൽപു തന്നെ ആശങ്കയിലാണ്. ഭൂമിക്കടിയിലേക്ക് പരിശോധിച്ചു മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്നും ഐഐടി സംഘം വ്യക്തമാക്കി.

അതേസമയം നിർമ്മാണത്തിലെ അപാകതയുടെ പേരിൽ വിവാദത്തിലായ കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ദ്ധർ കെഎസ്ആർടിസി സിഎംഡി ഉൾപ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നിർമ്മാണത്തിന് ചെലവായതിന്റെ പകുതിയിലധികം തുക അറ്റകുറ്റപ്പണിക്ക് ആവശ്യമായി വന്നാലേ കെട്ടിടം പൊളിക്കേണ്ട സാഹചര്യമുള്ളൂ.

എന്നാൽ നിലവിലെ ടെർമിനൽ ബലപ്പെടുത്താൻ 25 ശതമാനത്തിൽ താഴെയേ ചെലവ് വരൂ. പൈലിംഗിൽ പോരായ്മകൾ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധനകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കും. അപാകത കണ്ടെത്തിയാലും കെട്ടിടം പൊളിക്കാതെ ബലപ്പെടുത്താനാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം അറ്റകുറ്റപ്പണിയുമായി മുന്നോട്ട് പോകും. ഏത് രീതിയിൽ അറ്റകുറ്റപ്പണി നടത്തണം എന്നതിൽ ഐഐടി വിദഗ്ധരെ കൂടി ഉൾപ്പെടുത്തി തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ആറു മാസം കൊണ്ട് അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു. ഇതിന്റെ ചെലവ് കെടിഡിഎഫ്‌സി (KTDFC) വഹിക്കുമെന്നും ആന്റണി രാജു പറഞ്ഞു. ബസ് സർവീസിന് മുടക്കം സംഭവിക്കാത്ത തരത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കരാർ കമ്പനിയുടെ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

കെടിഡിഎഫ്‌സി 70 കോടി രൂപ ചെലവിൽ നിർമ്മിച്ച വാണിജ്യ സമുച്ചയം അപകടാവസ്ഥയിലെന്നും ഉടനടി ബലപ്പെടുത്തണമെന്നും നിർദ്ദേശിച്ച് മദ്രാസ് ഐഐടി നേരത്തെ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. അതേസമയം സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിക്ക് ഈ നിലപാട് അല്ലായിരുന്നു. ഉടനടി കെട്ടിടം ബലപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കാട്ടി വിദഗ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. കെട്ടിടത്തിന്റെ അടിസ്ഥാന ഘടനയിൽ ഊന്നി മാത്രമാണ് ഐഐടി പഠനം നടത്തിയതെന്നായിരുന്നു സർക്കാർ സമിതിയുടെ വിശദീകരണം. മദ്രാസ് ഐഐടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം മേധാവി അളഗസുന്ദര മൂർത്തിയുടെ നേതൃത്വത്തിലാണ് പഠനം പൂർത്തിയാക്കിയത്.