- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃത്തിയുള്ള ബസുകളെക്കുറിച്ച് പഠിക്കാൻ കെഎസ്ആർടിസി എം.ഡി നെതർലൻഡിലേക്ക്; യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവ്; ശമ്പളം കൊടുക്കാൻ വകയില്ലാതെ കോർപ്പറേഷൻ നട്ടം തിരിയുമ്പോൾ ബിജു പ്രഭാകറിന്റെ വിദേശയാത്ര
തിരുവനന്തപുരം: കെഎസ്ആർടിസി അതിന്റ തകർച്ചയുടെ പടുകുഴിയിലാണ്. ശമ്പളമില്ലാതെ ജീവനക്കാർ നട്ടം തിരിയുന്നു. ഇതിനിടെയും അധികാര തലത്തിൽ കൂടുതൽ ബസുകൾ ഇറക്കുകയും ചെയ്തു കോർപ്പറേഷൻ. കെഎസ്ആർടിസി സ്വിഫ്റ്റ് സംവിധാനം കളക്ഷന്റെ കാര്യത്തിൽ മികവുമായി മുന്നോട്ടു പോകുന്നുണ്ട്. എന്നാൽ കെ സ്വിഫ്റ്റ് സംവിധാനം കെഎസ്ആർടിസിയെ തകർക്കാൻ വേണ്ടിയാണെന്ന ആക്ഷേപവും ഉയരുന്നു. ഇതിനിടെ കെ.എസ്.ആർ.ടി.സി സിഎംഡി ബിജു പ്രഭാകർ വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണ്.
യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാനാണ് സിഎംഡിയുടെ വിദേശയാത്ര. മെയ് 11 മുതൽ 14 വരെ നെതർലൻഡ് തലസ്ഥാനമായ ആംസ്റ്റർഡാമിലേക്കാണ് ബിജു പ്രഭാകറിന്റെ യാത്ര. ബസുകളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുന്ന അദ്ദേഹം നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര.
അതേസമയം വിദേശയാത്രയ്ക്ക് വേണ്ടി ബിജു പ്രഭാകറിന് യാത്രാ ചെലവിനായി ദിവസേന 100 ഡോളർ നൽകണമെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നത് വലിയ സമരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് സിഎംഡിയുടെ വിദേശയാത്ര. ഇതാദ്യമായല്ല കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ വിദേശയാത്ര നടത്തുന്നത്. മുൻ സർക്കാരുകളുടെ കാലത്തും വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടെ സിഎംഡി വിദേശയാത്ര നടത്തുന്നു എന്ന വാർത്ത പുറത്തുവന്നതോടെ വിവാദവും ഉയരുന്നുണ്ട്. ഇതിനിടെ കെഎസ്ആർടിസിയുടെ നഷ്ടക്കണക്കുകളുടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കെഎസ്ആർടിസി ഒരു ദിവസം ശരാശരി അഞ്ചു കോടിയാണ് കളക്ഷൻ. അങ്ങനെ മാസം 150 കോടി കിട്ടും. ഇതിൽ 90 കോടി ഡീസലിന് വേണം. കളക്ഷനെല്ലാം ബാങ്കിലാണ് നിക്ഷേപിക്കുന്നത്. അങ്ങനെ നിക്ഷേപിക്കുന്നതിൽ നിന്ന് ദിവസവും 98 ലക്ഷം ബാങ്കുകളും കൊണ്ടു പോകും. അതായത് 30 കോടിയോളം അങ്ങനെ തീരും. ബാക്കിയുള്ള 22 കോടിയിൽ ശമ്പളം കൊടുക്കണം. എന്നാൽ 80 കോടിയെങ്കിലും ഉണ്ടെങ്കിലേ ശമ്പളം കൊടുക്കാനാകൂ. ഇങ്ങനെ സർക്കാരിന് മുന്നിൽ കെഞ്ചി തുകവാങ്ങി ശമ്പളം നൽകും. പക്ഷേ യൂണിയനുകൾക്ക് ഈ ദുരവസ്ഥയൊന്നും അറിയില്ല.
കട്ടപ്പുറത്ത് ഓടുന്ന ബസിന് ഒരു കൈ സഹായം പോലും അവർ ചെയ്യുനനില്ലെന്നതാണ് വസ്തുത. എങ്ങനേയും ചെലവു കുറച്ചുള്ള ബസ് സർവ്വീസ് അതിന് വേണ്ടിയാണ് സ്വിഫ്റ്റുമായി കെ എസ് ആർ ടി സി എത്തിയത്. അത് ക്ലച്ച് പിടിച്ചില്ലെങ്കിൽ കെ എസ് ആർ ടി സി സമീപ ഭാവിയിൽ തന്നെ അടച്ചു പൂട്ടും. രാവിലെ ജോലിക്കു വരുന്നവർ എട്ട് മണിക്കൂർ ജോലി ചെയ്ത് വൈകിട്ട് പോകും. അങ്ങനെ പോകുമ്പോൾ അഞ്ചു മണിക്ക് ശേഷം ബസ് ഓടിക്കാൻ ആളില്ല. രാവിലെ പതിനൊന്ന് മണി വരേയുംം വൈകിട്ട് മൂന്നരയ്ക്ക് ശേഷവും ആണ് യാത്രക്കാർ കൂടുതൽ. രാവിലെ വരുന്നവർ ഡ്യൂട്ടി സമയം കഴിഞ്ഞ് പോകുന്നതിനാൽ ആറു മണിക്ക് ശേഷം ആളുണ്ടെങ്കിലും സർവ്വീസ് നടത്താൻ കഴിയുന്നില്ല. ജീവനക്കാരുടെ അലംഭാവം കാരണം എം പാനലുകാരെ പുറത്തു നിന്ന് എടുക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് ഉള്ള ജീവനക്കാർ പരമാവധി ജോലി ചെയ്യണമെന്ന ആവശ്യം കെ എസ് ആർ ടി സി മുമ്പോട്ട് വയ്ക്കുന്നത്. എന്നാൽ ഇത് അട്ടിമറിക്കുകയാണ് യൂണിയനുകൾ.
ഒന്നുകിൽ 12 മണിക്കൂർ ജോലി. ഇതിൽ ഓവർ ടൈമിന് മാന്യമായ ശമ്പളം. അല്ലെങ്കിൽ ഉച്ചയ്ക്ക് 12 മണി മുതൽ അടുത്ത ദിവസം ഉച്ചയ്ക്ക് 12 മണി വരെ നീളുന്ന ഡബിൾ ഷിഫ്റ്റ്. രാത്രിയിൽ ഉറങ്ങാൻ കഴിയുന്ന തരത്തിലെ ക്രമീകരണം. ഇതും യൂണിയനുകൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. എം പാനലുകാരെ വച്ച് സർവ്വീസ് നടത്തണമെന്നതാണ് അവരുടെ നിലപാട്. കെ എസ് ആർ ടി സിയുടെ ചെലവുകൾ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങൾ. അടുത്ത മാസം കൂട്ട വിരമിക്കലിന് കളം ഒരുങ്ങുന്നു. ഈ സാഹചര്യത്തിൽ നിലവിലുള്ളവരെ പരമാവധി വിന്യസിച്ച് ലാഭമുണ്ടാക്കുന്ന ഫോർമുലയാണ് കെ എസ് ആർ ടി സി സിഎംഡി ബിജു പ്രഭാകർ അവതരിപ്പിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ