- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സിഎൻജി ബസ് വാങ്ങുന്നതിന് ചെലവു വരിക 55 ലക്ഷം രൂപയോളം; ബസ് വാങ്ങാതെ, സിഎൻജി എൻജിൻ മാത്രം വാങ്ങിയാൽ ചെലവാകുക 15 ലക്ഷവും; കെഎസ്ആർടിസി ബസുകളിൽ സിഎൻജി എൻജിൻ ഘടിപ്പിച്ചു ചെലവു ചുരുക്കാൻ ബിജു പ്രഭാകർ; കെഎസ്ആർടിസി വർക്ഷോപ്പുകൾ ആധുനിക വൽക്കരിക്കും; എംഡിയുടേത് ഭാവി മുന്നിൽ കണ്ടുള്ള നീക്കം
തിരുവനന്തപുരം: കേന്ദ്രസർക്കാർ കാർബൺ ന്യൂട്രൽ പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്. ഇതോടെ കേരളത്തിലും ഹരിതവാതകവുമായി മുന്നോട്ടുപോകേണ്ട അവസ്ഥയിലാണ്. ഇതിനിടെ ബസുകൾ വാങ്ങി കോടികൾ പൊടിക്കുന്നതിന് പകരം പകുതി ചിലവു വരുന്ന പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് താൽപ്പര്യം. ഇതിനായി സിഎൻജി എൻജിനുകൾ വാങ്ങി ഇപ്പോഴുള്ള കെഎസ്ആർടിസി ബസുകളിൽ ഘടിപ്പിക്കാനാണ് നീക്കം.
കർണാടകയിലെ ഹൊസൂറിൽ അശോക് ലെയ്ലൻഡിന്റെ ഹൈഡ്രജൻ, സിഎൻജി ബസുകളുടെ പ്ലാന്റിൽ ഗതാഗതമന്ത്രി ആന്റണി രാജുവും ഉദ്യോഗസ്ഥ സംഘവും സന്ദർശനം നടത്തിയിട്ടുണ്ടത് ഈ ലക്ഷ്യത്തോടെയാണ്. ഹൈഡ്രജൻ ബസുകൾ പുറത്തിറങ്ങാൻ 2028ൽ കഴിയുമെന്നാണ് സൂചന. കിഫ്ബി ഫണ്ടുപയോഗിച്ച് സിഎൻജി ബസുകൾ വാങ്ങുന്നതിനു പകരം ഡീസൽ എൻജിൻ മാറ്റി സിഎൻജി എൻജിനും ഗീയർ ബോക്‌സും ഘടിപ്പിച്ചു തരുന്ന പദ്ധതി അശോക് ലെയ്ലൻഡുമായി മന്ത്രിതല സംഘം സംസാരിച്ചു.
6 സിലിണ്ടർ എൻജിൻ 12 -15 ലക്ഷമാണ് ചെലവ് വരുന്നത്. ഒരു സിഎൻജി ബസ് വാങ്ങുന്നതിന് 50-55 ലക്ഷം ചെലവാകുമ്പോൾ എൻജിൻ മാറ്റാനായാൽ അതാകും ലാഭകരമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ. എൻജിൻ മാറ്റുന്നതിന് കേന്ദ്രസർക്കാർ സ്ഥാപനമായ ഓട്ടോമോട്ടിവ് റിസർച് അസോസിയേഷന്റെ അനുമതി വാങ്ങും. ഹരിത എൻജിനുകളിലേക്കു 3000 ഡീസൽ ബസുകൾ മാറ്റുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. 1500 എണ്ണം സിഎൻജിയിലേക്കാണ് മാറ്റാനുദ്ദേശിക്കുന്നത്.
കെഎസ്ആർടിസിയുടെ വർക്ഷോപ്പുകൾ ആധുനീകരിക്കാൻ വൻകിട വാഹന നിർമ്മാണ കമ്പനികളായ അശോക് ലെയ്ലൻഡ്, ടാറ്റ, വോൾവോ, ഐഷർ കമ്പനികളെ കൊണ്ടുവരുന്നതിന് ഗതാഗതവകുപ്പിന്റെ തീരുമാനം. എടപ്പാളിൽ അശോക് ലെയ്ലൻഡിനും തിരുവനന്തപുരത്ത് ടാറ്റയ്ക്കും ആലുവയിൽ വോൾവോയ്ക്കും ഐഷറിനും കെഎസ്ആർടിസിയുടെ സെൻട്രൽ വർക്ഷോപ്പുകളിൽ സ്ഥലസൗകര്യം അനുവദിക്കും. ഈ കമ്പനികളുടെ ബസുകളുടെ എൻജിൻ റീകണ്ടീഷൻ ചെയ്യുന്ന പ്ലാന്റുകൾ സ്ഥാപിക്കാനാണു കെഎസ്ആർടിസി സഹായം ചോദിച്ചിട്ടുള്ളത്.
ഒരു ദിവസം 10,000 കിലോമീറ്റർ ദൂരം ബസുകൾ ഓടുന്ന ഡിപ്പോയിൽ എൻജിനും ഗിയർബോക്‌സും ക്ലച്ചും ഉൾപ്പെടെ എല്ലാ വാഹനഭാഗങ്ങളും പ്രത്യേകം കരുതണമെന്നാണ് സുശീൽഖന്ന റിപ്പോർട്ടിലെ നിർദ്ദേശം. ഏതു ഭാഗം തകരാറിലായാലും 8 മണിക്കൂർ കൊണ്ട് ബസ് പുറത്തിറക്കാൻ സാധിക്കണമെന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മാസം 7075 ബസുകളാണ് എൻജിൻ കേടായി വർക്ഷോപ്പിൽ കയറുന്നത്. ഇത് പണി കഴിഞ്ഞിറങ്ങാൻ 4 മാസം വരെ എടുക്കും. ഈ സാഹചര്യത്തിലാണു ബസ് നിർമ്മാണ കമ്പനികളുടെ തന്നെ സഹായം തേടുന്നത്.
എൻജിൻ റീകണ്ടീഷൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് കമ്പനികൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ പണം കെഎസ്ആർടിസി ആദ്യഘട്ടത്തിൽ മുടക്കേണ്ടിവരും.
വിദഗ്ധരായ ജീവനക്കാരെ കമ്പനി ആദ്യഘട്ടത്തിൽ നിയമിക്കും. ഇവർ കെഎസ്ആർടിസിയുടെ മെക്കാനിക്കൽ വിഭാഗത്തിൽ ഉള്ളവർക്കു പരിശീലനം നൽകും..
സുശീൽഖന്ന നിർദേശിച്ച പ്രകാരം എൻജിൻ ഉൾപ്പെടെ എല്ലാ പാർട്‌സും പ്രത്യേകം കരുതണമെങ്കിൽ 84 കോടി രൂപ വേണ്ടിവരും. എല്ലാ വർഷവും 30 കോടി രൂപ വർക്ഷോപ് നവീകരണത്തിന് ചെലവിടുന്നുണ്ട്. ഈ തുകയ്‌ക്കൊപ്പം കുറച്ചുകൂടി പണം കണ്ടെത്തിയാൽ ബസ് നിർമ്മാണ കമ്പനികളുടെ പ്ലാന്റുകൾക്കു സൗകര്യമൊരുക്കാനാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ.
അതേമയം എയർ-റെയിൽ സർക്കുലർ സർവീസുമായി കെഎസ്ആർടിസി സ്വിഫ്റ്റും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തെ വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള 24 മണിക്കൂർ സർവീസ് ഉടൻ ആരംഭിക്കും. പുതുതായി എത്തിയ ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കാനാണ് തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകളിലെത്തുന്നവരെ തമ്പാനൂർ ബസ് സ്റ്റാന്റ് , സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും എത്തിക്കുന്ന തരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവ്വീസ് തുടങ്ങുന്നത്.
ആദ്യ ഘട്ടത്തിൽ ഓരോ മണിക്കൂറിലും ഒരു ബസ് ടെർമിനലുകളിൽ എത്തും. കെഎസ്ആർടിസി സ്വിഫ്റ്റ് സിറ്റി സർക്കുലറിനായി പുതുതായി വാങ്ങിയ രണ്ട് ഇലക്ട്രിക് ബസ്സുകൾ ഇതിനായി ഉപയോഗിക്കും. കെഎസ്ആർടിസിയുടെ ദീർഘ ദൂര ബസ് സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകളും എടുക്കാനുള്ള സൗകര്യവും ഈ ബസ്സുകളിൽ ഉണ്ടാകും. യാത്രാക്കാരുടെ ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. 20 മുതൽ 50 രൂപവരെയായിരിക്കും ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫറായി ആദ്യത്തെ ഒരുമാസം ലഗേജ് ചാർജ് ഈടാക്കില്ല. ടിക്കററ്റ് നിരക്കിൽ 10% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ഹ്രസ്വദൂര സർവീസുകളിലേക്കുള്ള പ്രവേശനത്തിനും എയർ റെയിൽ സർക്കുലർ കാരണമാകും.
മറുനാടന് മലയാളി ബ്യൂറോ