- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിഷയത്തെ തുടക്കത്തിൽ ഗൗരവമായി കാണാത്തത് എന്റെ തെറ്റാണ്; പിടിച്ചെന്ന് പറഞ്ഞെന്ന് സ്ത്രീകളുടെ ശബ്ദം കേട്ടു, പിന്നാലെ അയാൾ സോറി പറഞ്ഞിട്ട് സീറ്റ് മാറിയിരുന്നു, ഇതോടെ വിഷയം അവസാനിച്ചെന്ന് ഞാൻ കരുതി; അദ്ധ്യാപികക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിൽ മാപ്പു പറഞ്ഞ് കണ്ടക്ടർ
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ അദ്ധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തെ ഗൗരവമായി കാണാത്തതിൽ ഖേദം പ്രകടിപ്പിച്ച് കണ്ടക്ടർ ജാഫർ. പ്രശ്നം പരിഹരിക്കപ്പെട്ടെന്ന് കരുതിയാണ് തുടക്കത്തിൽ വിഷയത്തിൽ ഇടപെടാതിരുന്നത് എന്നാണ് കണ്ടക്ടർ പറുന്നത്. ഇപ്പോഴാണ് അതിന്റെ ഗൗരവം മനസിലായെന്നും കണ്ടക്ടർ പറഞ്ഞു. സംഭവത്തിൽ യുവതിയോട് മാപ്പ് പറയുന്നെന്നും കണ്ടക്ടർ പറഞ്ഞു.
കണ്ടക്ടർ ജാഫർ സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ: ''സംഭവസമയത്ത് ഞാൻ ചെറിയൊരു മയക്കത്തിലായിരുന്നു. പിടിച്ചെന്ന് പറഞ്ഞെന്ന് സ്ത്രീകളുടെ ശബ്ദം കേട്ടു. പിന്നാലെ അയാൾ സോറി പറഞ്ഞിട്ട് സീറ്റ് മാറിയിരുന്നു. ഇതോടെ വിഷയം അവസാനിച്ചെന്ന് ഞാൻ കരുതി. ഞാൻ ഇടപെട്ടിരുന്നെങ്കിൽ അത് ഒന്നു കൂടി രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് തോന്നിയതുകൊണ്ട് അങ്ങോട്ട് പോയില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞശേഷമാണ് അവർ രണ്ട് സ്ത്രീകൾ എന്റെ അടുത്ത് വന്ന് വിഷയം സംസാരിച്ചു. ഇതോടെ ഞാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞു. അങ്ങനെ പോകുമ്പോഴാണ് വഴിയിൽ ഹൈവേ പൊലീസിനെ കാണുന്നത്. അവർ പറഞ്ഞു, ബസിൽ ഒരുപാട് യാത്രക്കാരുണ്ട്. അതുകൊണ്ട് കോഴിക്കോട് എത്തിയിട്ട് പരാതി കൊടുക്കാമെന്ന് ഹൈവേ പൊലീസ് സ്ത്രീകളോട് പറഞ്ഞു. അങ്ങനെയാണ് പോന്നത്.''
''വിഷയത്തെ തുടക്കത്തിൽ ഗൗരവമായി കാണാത്തത് എന്റെ തെറ്റാണ്. ജീവിതത്തിൽ ആദ്യമായിട്ടുള്ള സംഭവമാണിത്. അതിൽ ക്ഷമ ചോദിക്കുന്നു. ഇനി ഇത്തരം സംഭവം ആവർത്തിക്കില്ല. ഏഴ് വർഷമായി രാത്രി മാത്രമാണ് ഞാൻ സർവീസ് നടത്തുന്നത്. തിരുവനന്തപുരം-ബംഗളൂരു സർവീസും നടത്തിയിട്ടുണ്ട്. ഇതുവരെയും ആരും പരാതി പറഞ്ഞിട്ടില്ല. സ്ത്രീകൾ എവിടെ നിർത്തണമെന്ന് പറഞ്ഞാലും അങ്ങനെ തന്നെ ചെയ്യാറുണ്ട്.''
അതേസമയം കെഎസ്ആർടിസി ബസിൽ അദ്ധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ചുമതലയാണ്. സംഭവത്തിൽ കണ്ടക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. ലൈംഗികാതിക്രമത്തിൽ കണ്ടക്ടർ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതര കുറ്റമാണ്. സംഭവത്തെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. വിഷയത്തിൽ കെഎസ്ആർടിസി എംഡിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞദിവസം തിരുവനന്തപുരം- കോഴിക്കോട് കെഎസ്ആർടിസി ബസിൽ വച്ചായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ അദ്ധ്യാപികക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴാണ് സംഭവം നടന്നതെന്ന് അദ്ധ്യാപിക പറഞ്ഞു. ഉറങ്ങിയ സമയത്ത് പിന്നിൽ ഇരിക്കുകയായിരുന്ന യാത്രക്കാരൻ ശരീരത്തിൽ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടർ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്ന് അദ്ധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ അടക്കമുള്ളവർ സംഭവത്തിൽ ഒര് അക്ഷരം പോലും പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അദ്ധ്യാപിക പറഞ്ഞു. സംഭവത്തിൽ കണ്ടക്ടർക്കെതിരെ കെഎസ്ആർടിക്കും പൊലീസിനും പരാതി നൽകുമെന്ന് അദ്ധ്യാപിക പറഞ്ഞു. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകൾക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും അദ്ധ്യാപിക പറഞ്ഞു.
യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ
ഒരുപാട് ഇടങ്ങളിൽ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം.. ചുറ്റുമുള്ള മനുഷ്യർ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു.. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്.. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.. അതും നടന്നത് ഞാൻ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ KSRTC ബസ്സിനുള്ളിൽ..
കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവിൽ പരാതി പറഞ്ഞപ്പോൾ കയർത്ത് ബഹളം ഉണ്ടാക്കി, ട്രോമയിൽ ഇരുന്ന എന്നെ മാനസികമായി തകർത്തതും ഒരു KSRTC ഉദ്യോഗസ്ഥൻ ആണെന്ന് ഓർക്കുമ്പോൾ എനിക് പേടിയാവുന്നു.. പൊലീസ് ഇടപെട്ടിട്ടു പോലും താൻ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ, അയാൾ ഇവിടെ സീറ്റിൽ സമാധാനമായി മയങ്ങുന്നത് കാണുമ്പോൾ സഹിക്കുന്നില്ല.. എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പൊലീസ് സ്റ്റേഷനിൽ പോയാൽ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്...
ദയവായി പറയട്ടെ....
നിങ്ങളുടെ മുന്നിൽ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോൾ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയർക്കരുത്... താങ്ങാൻ ആവില്ല അത്... ഞാൻ ഇപ്പോൾ OK ആണ്, ഉപദ്രവിക്കപ്പെട്ടതിൽ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും, സംഭവം കഴിഞ്ഞു 3 മണിക്കൂർ ആയിട്ടും ആ KSRTC ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാൻ തോന്നുന്നില്ലല്ലോ.. എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു.. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാൻ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉൾകൊള്ളാൻ പറ്റുന്നില്ല..
ഇനി പഴയ പോലെ, KSRTC മാസ്സാണ്, ഡ്രൈവർ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തിൽ രാത്രി ഇങ്ങനെ ബസ്സിൽ കയറി വരാൻ പറ്റുമോന്നറീല്ല!
This is a serious legal issue and i will address it that way only. Right now all i care is, i dont wanna lose hope in KSRTC and i dont wanna lose hope in humanity and human beings ????
#KSRTC #ksrtclove #KSRTCBus
മറുനാടന് മലയാളി ബ്യൂറോ