പെരുമ്പാവൂരിൽ: കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടറെയും ഡ്രൈവറെയും ആക്രമിച്ച കോതമംഗലം സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയിലായി. ഇന്ന് പുലർച്ച ഒരു മണിയോടെയാണ് കൽപ്പറ്റയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് സർവ്വീസ്സ് പോകുകയായിരുന്ന കെ എസ് ആർ ടി ബസ്സിലെ കണ്ടക്ടർ സതീഷീന് നേരെ ആക്രമണമുണ്ടായത്.

പരിക്കേറ്റ ഇദ്ദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്. അക്രമികളെ തടയാൻ ശ്രമിച്ച ഡ്രൈവർ കോഴിക്കോട് സ്വദേശി അബ്ദുൽ സലിമിനും നിസാര പരിക്കേറ്റു. പെരുമ്പാവൂരിൽ ചായ കുടിക്കാൻ ബസ് നിർത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് നേരെയുള്ള അക്രമികളുടെ വിളയാട്ടം.

സംഭവത്തേക്കുറിച്ച് കണ്ടക്ടറും ഡ്രൈവറും നൽകുന്ന വിവരങ്ങൾ ഇങ്ങനെ:

ഞങ്ങൾ ചായകുടിച്ചുകൊണ്ടിരുന്നപ്പോൾ മൂന്നു ചെറുപ്പക്കാർ വന്ന് ഞങ്ങളുടെ ബസ്സിന് സമീപം പാർക്ക് ചെയ്തിരുന്ന തിരുവനന്തപുരം ബസ്സ് എപ്പോൾ പുറപ്പെടുമെന്ന് ചോദിച്ചു. ഞങ്ങൾ ഇവിടുത്തുകാരല്ലന്നും ഓഫീസിൽ ചോദിക്കു എന്നും സതീഷ് പറഞ്ഞു. നിങ്ങൾ ജീവനക്കാരല്ലെയെന്നും ഇതൊക്കെ അറിഞ്ഞു വയ്‌ക്കേണ്ടതല്ലേ എന്നും ചോദിച്ച് ചെറുപ്പക്കാരിലൊരാൾ സതീഷിനെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ മുഖത്തിന് ഇടിക്കുകയും ചവിട്ടി താഴെ വീഴ്‌ത്തുകയുമായിരുന്നു.

ഇതിനിടയിൽ കൈയിലിരുന്ന ബാഗ് തട്ടിപ്പറിക്കുവാനും ശ്രമിച്ചു. ഒരു കൈയിൽ ബാഗും മറ്റേ കൈയിൽ ബില്ലിങ് മെഷീനും ഉണ്ടായിരുന്നതിനാൽ താഴെ വീണ സതീഷിന് പെട്ടെന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഈ അവസരം മുതലെടുത്ത് അക്രമി ചെരുപ്പിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തു.

മലപ്പുറത്തു കൊടുത്തതിന്റെ ബാക്കിയാണ് എന്ന് പറഞ്ഞായിരുന്നു ചവിട്ട്. പിടി വലിക്കിടെ നിലത്തു വീണ ബാഗിൽ നിന്ന് പണം നഷപ്പെട്ടിട്ടുണ്ട് . ബില്ലിങ് മെഷ്യനും കേടുപാടുകൾ പറ്റി. സംഭവം കണ്ട യാത്രക്കാരും ഞങ്ങളും ചേർന്ന് ഇവരിൽ രണ്ട് പേരെ മൽപ്പിടുത്തത്തിലൂടെ കീഴ്‌പ്പെടുത്തി പെരുമ്പാവൂർ പൊലീസിൽ ഏല്പിച്ചുവെന്നും .ഒരാൾ ഓടി രക്ഷപെട്ടുവെന്നും കണ്ടക്ടറും ഡ്രൈവറും പറയുന്നു. അക്രമി സംഘത്തിലെ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് പെരുമ്പാവൂർ പൊലീസ് അറിയിച്ചു.