എരുമേലി: പേര് ജെയ്‌സൺ ജോസഫ്, എരുമേലി കെഎസ്ആർടി ഡിപ്പോയിൽ നാട്ടുകാർക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനായ കണ്ടക്ടർ. എരുമേലിയിൽ നിന്നും ശബരിമല റൂട്ടിൽ ഏയ്ഞ്ചൽവാലി എന്ന ഗ്രാമ പ്രദേശത്തേക്ക് സർവ്വീസ് നടത്തുന്ന ഓർഡിനറി ബസിലാകും മിക്ക സമയവും ജോലി. ബസ് യാത്ര പോകുന്നത് പച്ചപ്പു നിറഞ്ഞ ഗ്രാമീണ വഴിയിലൂടെ യാത്രകൾ അറിവു നേടാനുള്ള പഠനയാത്രകളാക്കി മാറ്റിയ ജെയ്‌സൺ ഒടുവിൽ 'ഡോക്ടർ കണ്ടക്ടറാ'യി. കണമല നായ്പുരയിടത്തിൽ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകനായ ജെയ്‌സൺ ജോസഫ് എന്ന 38 കാരനാണ് സ്വപ്രയത്ന്നത്താൽ ഡോക്ടറേറ്റ് നേടിയത്.

ഭാരതീയാർ യൂണിവേഴ്‌സിറ്റിയിലെ നിന്നുമാണ് ജെയ്‌സൺ ജോസഫ് ഡോക്ടറേറ്റ് നേടിയത്. ബോട്ടണിയിൽ ബിരുദാനന്തര ബിരുദം നേടിയ ജയ്‌സന് കല്ലൂർ വഞ്ചിയെ പറ്റിയുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. കേരളത്തിലെ പശ്ചിമഘട്ടത്തിലെ നദികളിൽ കാണപ്പെടുന്ന ഔഷധച്ചെടിയാണ് കല്ലൂർ വഞ്ചി (Rotula Aquatica). ഇതേക്കുറിച്ച് ആദ്യമായി ഔദ്യോഗിക പഠനം നടത്തിയത് ജെയ്‌സൺ ആയിരുന്നു. 2009ൽ തുടങ്ങിയ പഠനം 2014ൽ പൂർത്തിയായി. കഴിഞ്ഞ മാസമാണ് ഡോക്ടറേറ്റ് ലഭിച്ചതും.

ദിവസവും അഞ്ചു ട്രിപ്പ് ഏയ്ഞ്ചൽവാലി സർവ്വീസ് നടത്തുന്ന സാധാരണക്കാരുടെ ബസിലെ പുഞ്ചിരിക്കുന്ന മുഖമുള്ള കണ്ടക്ടർ ഉന്നതബിരുദം നേടിയെന്ന് അറിഞ്ഞതോടെ നാട്ടുകാരും ഹാപ്പിയാണ്. കണ്ടക്ടർ സാറെ എന്ന് വിളിച്ചവർ ഇനി 'ഡോക്ടർ കണ്ടക്ടർ സർ' എന്ന് വിളിച്ചു തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും യാത്രക്കാരും സഹപ്രവർത്തകരും അനുമോദന യോഗങ്ങൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഏറെ ഔഷധഗുണമുള്ള കല്ലൂർ വഞ്ചിയെ കുറിച്ച് വിശദമായി പഠിച്ച് പിഎച്ച്ഡി നേടാൻ ജെയ്‌സൺ തീരുമാനിച്ചത് നാട്ടറിവുകളുടെ അടിസ്ഥാനത്തിലാണ്. പമ്പാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളുടെ തീരങ്ങളിലാണ് ഈ ഔഷധസസ്യം കാണപ്പെടുന്നത്. ഇതിന്റെ വേരാണ് ഔഷധാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ വേര് പിഴുതെടുത്ത് ഉപേക്ഷിക്കുന്നതിനാൽ പൊതുവിൽ എല്ലായിടത്തും ഈ സസ്യം കാണാറില്ല. ചെറുപ്പത്തിൽ മുതൽ കാണാറുണ്ടായിരുന്ന കല്ലൂർ വഞ്ചിയെ കുറിച്ച് പാഠ്യവിഷയമാക്കിയത്. മൂത്രത്തിൽ കല്ലടക്കമുള്ള

ചങ്ങനാശ്ശേരി എസ്എച്ച് കോളേജിലെ ബോട്ടണി വിഭാഗം മേധാവി ഡോ. വി ടി ആന്റണിയാണ് ജെയ്‌സണ് വേണ്ട പ്രോത്സാഹനങ്ങൾ നൽകിയതും ഗൈഡായി നിന്നതും. കെഎസ്ആർടിസിയെ കണ്ടക്ടർ ജോലിക്കിടെ ഡോക്ടറേറ്റ് നേടാനുള്ള ജെയ്‌സന്റെ ശ്രമത്തിന് പ്രോത്സാഹനവുമായി സഹപ്രവർത്തകരും സീനിയർ ഉദ്യോഗസ്ഥരും കൂടെ നിന്നു. ബോട്ടണി അദ്ധ്യാപിക കൂടിയായ ഭാര്യ ജോളി ആന്റണിയും ജെയ്‌സന്റെ ഡോക്ടറേറ്റ് ദൗത്യത്തിൽ സഹായങ്ങൾ ചെയ്തു. പഠനത്തിൽ ഒടുവിൽ ഡോക്ടറേറ്റ് നേടിയപ്പോൾ അതിൽ ഏറെ സന്തോഷമുണ്ടെന്ന് ജെയ്‌സൺ മറുനാടൻ മലയാളിയോട് പറഞ്ഞു.

എരുമേലിയിലെ പ്രദേശിക സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജെയ്‌സൺ റാന്നി സെന്റ് തോമസ് കോളേജിൽ നിന്നാണ് ബോട്ടണിയിൽ ബിരുദം നേടിയത്. തുടർന്ന് ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്നും ഇതേ വിഷയത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. മൂന്നര വർഷം മുമ്പ് എരുമേലി കെഎസ്ആർടി ഡിപ്പോയിൽ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം ജോലിക്കൊപ്പം തന്നെ പഠനവും കൊണ്ടുപോകുകയായിരുന്നു. വിദേശത്തു നിന്നുള്ള ശാസ്ത്രജ്ഞർ അടക്കമുള്ളവർ കല്ലൂർ വഞ്ചിയെ കുറിച്ച് ഇന്റർനെറ്റിൽ തിരയുമ്പോൾ ലഭിക്കുന്ന വിക്കി പീഡിയ പേജിലെ വിവരങ്ങൾ അപ്ലോഡ് ചെയ്തതും ജെയ്‌സനാണ്. കൂടാതെ താൻ പാഠ്യവിഷയമാക്കിയ കലൂർ വഞ്ചിയെ കുറിച്ച് അന്താരാഷ്ട്ര ജേണലുകളിൽ പോലും പരാമർശം വരുന്നതും ഈ എരുമേലിക്കാരനെ സന്തോഷിപ്പിക്കുന്നു.

നാട്ടറിവുകൾ തന്നെയാണ് തനിക്ക് ഡോക്ടറേറ്റ് നേടാൻ സഹായകമായതെന്ന് വിശ്വസിക്കുന്ന നാട്ടുകാരുടെ ഈ പ്രിയ കണ്ടക്ടർ ഇപ്പോൾ 'ഡോക്ടർ കണ്ടെക്ടർ' ആയി മാറിയിരിക്കയാണ്. ഡോക്ടറേറ്റ് നേടിയ വിഷയത്തിൽ തന്നെ അദ്ധ്യാപകനായി ജോലി ചെയ്യാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജെയ്‌സൺ. എൽകെജി വിദ്യാർത്ഥിയായ ജിയോൺ, ഒന്നരവയസുകാരി ജോവാന എന്നിവരാണ് ജെയ്‌സന്റെ മക്കൾ.