തിരുവനന്തപുരം: കാണാതായ കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹം സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയതിൽ ദുരൂഹത അവസാനിക്കുന്നില്ല. പേരൂർക്കട ഇന്ദിരനഗർ സ്വദേശിയായിരുന്ന ഉല്ലാസ് എന്ന അരുൺ ചന്ദ്രന്റെ(35) മൃതദേഹം കഴിഞ്ഞ ദിവസമാണ് വീടിന് സമീപമുള്ള കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പ്രദേശത്തെ മദ്യപന്മാർ ഒത്തുകൂടുന്ന സ്ഥലത്തിന് സമീപത്തുള്ള കിണറ്റിൽ നിന്നുമാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ എന്ന് ചില ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ അന്വേഷണം തുടരുകയാണ് പേരൂർക്കട പൊലീസ്. കിണറ്റിലെ വെള്ളം കുടിച്ചാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ അരുണിനെ കാണാനില്ലായിരുന്നു. പ്രദേശത്തെ സുഹൃത്തുക്കളോടും പരിചയക്കാരോടും ഒക്കെ തന്നെ അരുണിനെ കുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. പ്രദേശത്തെ മുൻ ഡിവൈഎഫ്ഐ നേതാവ് കൂടിയായിരുന്ന അരുൺ പ്രദേശത്തെ ജനകീയനായിരുന്നു. എന്നാൽ അടുത്തിടെ ഇയാൾക്ക് ചില പ്രശ്നങ്ങളും മാനസിക വിഷമങ്ങളമുണ്ടായിരുന്നതായും മദ്യത്തെ ആശ്രയിച്ചിരുന്നതുമായിട്ടാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രദേശത്തെ ചിലർ ഒത്തുകൂടുന്ന സ്ഥലമാണ് ഇന്ദിരാ നഗറിലെ കിണറിന്റെ പരിസരം. ഞാറാഴ്ചയും ഇവിടെ ചിലർ അരുണിനൊപ്പം ഒത്തുകൂടിയിരുന്നു. ഉച്ചയോടെ പലരും അവിടെ നിന്നും പോയെങ്കിലും അരുണിനെ പിന്നീട് ആരും കണ്ടില്ല. ഇടയ്ക്ക് ചില ചിരിയും ഒച്ചയും ബഹളവുമൊക്കെ കേട്ടെങ്കിലും അസ്വഭാവീകത തോന്നാത്തതിനാൽ ആരും അത് കാര്യമാക്കിയില്ല.

വൈകുന്നേരമായിട്ടും അരുണിനെ കാണാതായതോടെയാണ് വീട്ടുകാർ അന്വേഷിച്ചിറങ്ങിയത്. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറായി ജോലി നോക്കി വരികയായിരുന്നു അരുൺ. ഇന്ദിര നഗർ ബിജിആർഎ ടി 4 ശംഭു ഭവനിൽ പരേതനായ ചന്ദ്രന്റേയും ഉഷകുമാരിയുടേയും മകനാണ് അരുൺ. അ്മ്മയ്ക്ക് ഒപ്പമാണ് വീട്ടിൽ താമസിക്കുന്നത്. രണ്ട് ദിവസമായിട്ടും അരുണിനെ കുറിച്ച് വിവരം കിട്ടാതെ വന്നതോടെയാണ് ഈ വിഷയം കാണിച്ച് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.ഉടൻ തന്നെ സ്റ്റേഷനിലെ പൊലീസുകാരെ പരാതിക്കാർ്ക്കൊപ്പം സിഐ പറഞ്ഞ് വിടുകയും ചെയ്തു. സമീപത്തെ കിണറിൽ നിന്നും ചെറിയ ദുർഗന്ധം വന്ന് തുടങ്ങിയതോടെയാണ് പൊലീസ് ആ ഭാഗത്ത് തിരിച്ചിൽ നടത്തിയതും മൃതദേഹം കണ്ടെത്തിയതും.

അതേസമയം അരുണിന്റെ മരണം അപകടം കാരണമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളോട് വ്യക്തിപരമായി ആർക്കും ശതച്രുതയുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. എന്നാൽ സംഘമായി ഇരുന്ന് മദ്യപിച്ച സമയത്ത് എന്തെങ്കിലും അപകടം സംഭവിച്ചതോ മറ്റോ ആണോ എന്നും പൊലീസ് പരിശോധിക്കുമെന്ന് പേരൂർക്കട സർക്കിൾ ഇൻസ്പെക്ടർ സ്റ്റുവർട്ട് കീലർ മറുനാടൻ മലയാളിയോട് പറഞ്ഞു. പേരൂർക്കട എസ്ഐ സമ്പത്തിനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിട്ടുള്ളത്.

അതേസമയം കഴിഞ്ഞ ദിവസം അരുണിന്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുക്കാൻ പ്രദേശത്ത് വൻ ജനാവലിയായിരുന്നു. സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു അരുൺ. പ്രദേശത്തെ ഓരോ വീട്ടിലുള്ളവരേയും നേരിട്ട് പരിചയമുള്ള വ്യക്തി എന്ന നിലയിൽ പ്രദേശത്തെ ജനകീയനായിരുന്നു അരുൺ.എല്ലാവരോടും സദാ സ്നേഹത്തോടെ പെരുമാറിയിരുന്ന യുവാവിന് ഇത്തരമൊരു മരണം സംഭവിച്ചുവെന്ന് പലർക്കും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതേ സമയം കിണറ്റിലേക്ക് വീണ ഒരാളുടെ ഒച്ച കേട്ടരുന്നുവെന്ന് ചില സമീപ വസികൾ പറയുന്നുണ്ട്. എന്നാൽ അവിടെ കൂടി നിന്നവരുടെ ഒച്ചയാകും എന്നാണ് സമീപവാസികൾ കരുതിയത്.