- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകെയുള്ള കളക്ഷനിൽ 67 ശതമാനവും ഡീസലടിക്കാൻ ചെലവാകും; ഒരു കോടിയോളം രൂപ ബാങ്കുകൾക്ക് കൊടുക്കണം; ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കേണ്ടത് ബാക്കി തുകയിൽ നിന്നും; പണിമുടക്കോ ഹർത്താലോ വന്നാൽ എല്ലാം താറുമാറാകും; കെഎസ്ആർടിസിയുടെ ദുരവസ്ഥ ഇങ്ങനെ
തിരുവനന്തപുരം: കാലങ്ങലായി ഭരിച്ചു മുടിച്ചവർ കെഎസ്ആർടിസിയെ കുത്തുപാള എടുപ്പിച്ച നിരവധി കഥകൾ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരുടെ പിടിവാശിയും യോഗ്യതയില്ലാത്തവരെ മാനേജ്‌മെന്റ് തലപ്പത്ത് വെച്ചത് അടക്കം കോർപ്പറേഷനെ കുത്തുപാള എടുക്കാൻ കാരണമായിട്ടുണ്ട്. ഇപ്പോഴും ബസ് ഓടിച്ചു കൊണ്ട് മാത്രം കോർപ്പറേഷന് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന് വ്യക്തമാണ്. ഇതിനായി വൈവിധ്യ വൽക്കരണ നടപടികളിലേക്ക് കോർപ്പറേഷൻ കടക്കുമ്പോഴും അതിനും തടസം നിൽക്കുകയാണ് ഒരു വിഭാഗം ജീവനക്കാരും തൊഴിലാളി സംഘടനകളും.
ഇതിനിടെ കോർപ്പറേഷന്റെ ബസുകൾ സർവീസിന് യോഗ്യത അല്ലാത്തവയായി കിടക്കുകയും ചെയ്യുന്നുണ്ട്. 585 ബസുകളാണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യാത്ത കണ്ടിഷനിൽ ഉള്ളത്. 856 ബസ്സുകൾ കണ്ടം ചെയ്യാനായി മാറ്റിയിട്ടിരിക്കുന്നു. 106 എണ്ണം വില നിർണ്ണയിച്ച് എം.എസ്.ടി.സി ( MSTC) വഴി ലേലം ചെയ്തു കഴിഞ്ഞുവെന്നു കോർപ്പറേഷൻ എംഡി ബിജു പ്രഭാകർ പറയുന്നു.
കോർപ്പറേഷൻ ആകെ പ്രതിസന്ധിയിലാണ് മുന്നോട്ടു പോകുന്നതും. ആകെയുള്ള ബസിൽ ലഭിക്കുന്ന കളക്ഷന്റെ 67 ശതമാനത്തോളം ഒരു ദിവസം ഇപ്പോൾ ഡീസലിന് ചെലവാകുന്നു. മുൻപ് ഇത് ശരാശരി 50% ആയിരുന്നു. ഇന്ധന വില ഉയർന്നതോടെ ഈപ്പോഴത്തെ കാര്യങ്ങൽ കൂടുതൽ പരുങ്ങലിൽ ആയി. ഒരു കോടിയോളം രൂപ ബാങ്കുകൾ കളക്ഷനിൽ നിന്ന് എടുക്കുന്നു. ലോൺ തുക തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ശേഷിക്കുന്ന തുകയിൽ നിന്ന് വേണം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നോക്കാൻ.
സർക്കാർ സഹായം ശമ്പളത്തിനായി ലഭിക്കുന്നതുകൊണ്ടാണ് ഒരു വിധം പിടിച്ചുനിൽക്കുന്നത്. ഒരു മാസം അത് ഇപ്പോൾ 30 കോടി രൂപ മാത്രമാണ്. ബസുകൾ റിപ്പയർ ചെയ്യാൻ കുറഞ്ഞത് 10 കോടി രൂപ വേണം. ഇൻഷ്വറൻസ് തുകയ്ക്കു മറ്റൊരു ഒമ്പത് കോടി രൂപയും ടോളിന് മാസം മൂന്ന് കോടി രൂപയും വേണ്ട അവസ്ഥയിലാണ്.
704 സൂപ്പർ ക്ലാസ് ബസുകളുടെ രണ്ട് വർഷ കാലാവധി കഴിഞ്ഞു. അത് രണ്ട് വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു. അടുത്ത വർഷം കഴിയുംമ്പോൾ കണ്ടീക്ഷനിലുള്ള സൂപ്പർ ക്ലാസ്സ് ബസ്സുകൾ ഇല്ലാതാകും. കിഫ്ബി സഹായം സിഎൻജി, ഇലക്ട്രിക് ബസുകൾക്ക് മാത്രമാണ്. ഇതിനാണ് ഇപ്പോൾ ഡ്രൈ ലീസിന് വണ്ടിയെടുക്കുന്നത്. ലോങ് ടേമിൽ നോക്കിയാൽ അത് കോർപ്പറേഷൻ നല്ലതാണ്. യാതൊരു മെയിന്റനൻസ് ചെലവും ഉണ്ടാകില്ലെന്ന് ബിജു പ്രഭാകർ പറയുന്നു.
അതേസമയം ഇന്നലെ പണിമുടക്കിന്റെ ആദ്യദിനം, കെ.എസ്.ആർ.ടി.സിയിൽ ജോലിക്കെത്തിയത് 2525 ജീവനക്കാരാണ്. ഇവർ ചേർന്ന് സംസ്ഥാനമൊട്ടാകെ നടത്തിയത് 52 സർവീസുകളും. മാർച്ച് 28 ലെ കണക്കനുസരിച്ച് 18145 സ്ഥിരം ജീവനക്കാരും 612 താൽക്കാലികക്കാരും ഉൾപ്പെടെ 18757 ജീവനക്കാർ കോർപറേഷനിലുണ്ട്.
428 സ്ഥിരം ജീവനക്കാർ അവധിയിലാണ്. ഇവരിൽ 13.46 ശതമാനം പേർ ജോലിക്കെത്തിയെങ്കിലും ഓടിക്കാനായത് ആകെ സർവീസുകളിൽ 1.31 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതൽ ഓടിച്ചത് മാനന്തവാടി ഡിപ്പോയാണ്. 67 ഷെഡ്യൂളുകളിൽ 33 എണ്ണം നിരത്തിലിറക്കാൻ അവർക്കായി. ആകെയുള്ള 400 ജീവനക്കാരിൽ 147 പേർ ജോലിക്കെത്തിയിരുന്നു. തൊട്ടുപിന്നിൽ സുൽത്താൻ ബത്തേരിയാണ്. 66 സർവീസുകളിൽ 16 എണ്ണം ഓടി. 437 ജീവനക്കാരിൽ 49 പേരാണ് ജോലിക്കെത്തിയത്.
തിരുവനന്തപുരം സിറ്റിയിൽ 107 സർവീസുകളിൽ രണ്ടെണ്ണവും വിതുരയിലെ 31 സർവീസുകളിൽ ഒരെണ്ണവും ഓടിച്ചു. യഥാക്രമം 43 ഉം ഒമ്പതും ജീവനക്കാരാണ് ഇവിടെ ജോലിക്കെത്തിയത്. മറ്റുഡിപ്പോകളിലും ജീവനക്കാർ എത്തിയെങ്കിലും സർവീസുകൾ നടത്തിയില്ല. ബി.എം.എസ് അനുകൂല തൊഴിലാളി സംഘടനയിൽപെട്ടവരാണ് ജോലിക്കെത്തിയത്. സംഘപരിവാറിന് വലിയ സ്വാധീനമുള്ള പാലാ ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ ജീവനക്കാരെത്തിയത്. 221 ജീവനക്കാരിൽ 72 പേർ ഇവിടെ ജോലിക്കെത്തി. എന്നാൽ, 55 സർവീസുകളിൽ ഒന്നുപോലും ഓടിക്കാൻ സാധിച്ചില്ല.
എറണാകുളത്ത് 288 ജീവനക്കാരിൽ 64 പേരും കോട്ടയത്ത് 190 പേരിൽ 60 ജീവനക്കാരും ഹാജരായെങ്കിലും സർവീസുകളൊന്നും നടത്തിയില്ല. 2020ൽ നടത്തിയ ഹിതപരിശോധനയുടെ കണക്കുകൾ പ്രകാരം ബി.എം.എസ്. സംഘടനയിൽപ്പെട്ട 4802 ജീവനക്കാർ കെ.എസ്.ആർ.ടി.സിയിലുണ്ട്. ഇവരെ ഉപയോഗിച്ച് സർവീസുകൾ നടത്താനുള്ള ഒരു ക്രമീകരണവും കോർപറേഷൻ മേധാവികൾ സ്വീകരിച്ചിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ