- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഘട്ടം ഘട്ടമായി കെഎസ്ആർടിസിയെ ഇല്ലാതാക്കും; പകരം ബാധ്യതകൾ ഇല്ലാത്ത സ്വിഫ്റ്റ് നിലവിൽ വരും; ഒരിക്കലും നന്നാകാത്ത കെഎസ്ആർടിസിക്ക് പിണറായി ദയാവധം ഒരുക്കുന്നത് ബദൽ സംവിധാനമൊരുക്കി; ഘടക കക്ഷി മന്ത്രിമാരെയും ഐഎഎസുകാരെയും ഏൽപ്പിച്ചിട്ടും നന്നാകാത്ത കെഎസ്ആർടിസിയെ പിണറായി കുഴിച്ചു മൂടുന്ന വിധം
തിരുവനന്തപുരം: ഏതൊരു മന്ത്രിയും ഉദ്യോഗസ്ഥനും വന്നാലും കെഎസ്ആർടിസി നന്നാവില്ലെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിവുള്ള കാര്യമാണ്. ടോമിൻ തച്ചങ്കരിയെ പടിയിറക്കിവിട്ടത് അവിടത്തെ തൊഴിലാളി യൂണിയനാണ്. എന്തായാലും നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ ദയാവധത്തിന് വിടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിക്കുന്നത്. കെഎസ്ആർടിസി സ്വിഫ്റ്റിന്റെ രംഗപ്രവേശം ഇതിലേക്ക് വിരൽചൂണ്ടുന്നതാണ്.
നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിക്ക് സ്വാഭാവിക മരണം അനുവദിക്കുമ്പോൾ പകരം കെ സ്വിഫ്റ്റിനെ പരുവപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്റെ സൂചനയെന്നോണം കെ സ്വിഫ്റ്റ് ഭേദപ്പെട്ട നിലയിൽ ലാഭം കൊണ്ടുവന്നു തുടങ്ങി. സർവീസുകൾ ആരംഭിച്ച 11 മുതൽ 17വരെ ലഭിച്ചത് 35,38,291രൂപ. 78,415 കിലോമീറ്ററാണ് സ്വിഫ്റ്റ് ബസുകൾ ഈ ദിവസങ്ങളിൽ സർവീസ് നടത്തിയത്. ബെംഗളൂരുവിലേക്കുള്ള സർവീസുകളാണ് കലക്ഷനിൽ ഒന്നാമത്.
2021 ഫെബ്രുവരി 19നാണ് കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസിക്ക് സ്വിഫ്റ്റ് സർവീസ് ലാഭമാണോ എന്ന് കുറച്ചു കാലത്തെ പ്രവർത്തനം നിരീക്ഷിച്ച ശേഷമേ പറയാൻ കഴിയൂ എന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാൽ സർവീസുകൾ ലാഭമാണെന്ന് കെഎസ്ആർടിസി പറയുന്നു.
സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തിൽ കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകിയിരിക്കുന്നത്. മൾട്ടി ആക്‌സിൽ ബസുകൾക്കു കിലോമീറ്ററിനു 26 രൂപയും മറ്റുള്ള ബസുകൾക്ക് 20 രൂപയും നൽകാനാണ് കെഎസ്ആർടിസി തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആർടിസിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നതിനു സ്വിഫ്റ്റ് ഫീസ് നൽകണം. സർക്കാർ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ച 50 കോടിരൂപ കൊണ്ട് 100 ബസുകൾ നിരത്തിലിറക്കാനാണ് ആലോചന. ഏപ്രിലിൽ 100 ബസുകളും പുറത്തിറക്കുമെന്ന് സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി.രാജേന്ദ്രൻ പറഞ്ഞു.
വോൾവോയുടെ 8 എസി സ്ലീപ്പർ ബസുകളും 20 എസി സെമി സ്ലീപ്പർ ബസുകളും 72 നോൺ എസി ബസുകളുമാണ് സ്വിഫ്റ്റിന്റെ 100 ബസുകളുടെ കൂട്ടത്തിലുള്ളത്. ഇതിൽ 8 വോൾവോ ബസുകൾ സർവീസിന്റെ ഭാഗമായി കഴിഞ്ഞു. തിരുവനന്തപുരത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചും, എറണാകുളത്തുനിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമാണ് വോൾവോ ബസുകൾ സർവീസ് നടത്തുന്നത്. ദീർഘദൂര ബസുകൾ സ്വിഫ്റ്റിന്റെ ഭാഗമാകുന്നതോടെ പ്രവർത്തന ചെലവ് കുറയ്ക്കാൻ കഴിയുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ കണക്കുകൂട്ടൽ.
വിമിക്കുന്നവർക്ക് പകരക്കാർ വരുമോ?
അതേസമയം ഒരുമാസത്തിനകം കെ.എസ്.ആർ.ടി.സി.യിൽ നിന്ന് ഏകദേശം 500 ജീവനക്കാർ വിരമിക്കുകയാണ്. ഇവർക്ക് പകരക്കാർ ഉണ്ടാകുമോ എന്ന കാര്യം ഇനിയും വ്യക്തമയിട്ടില്ല. ഇത്രയുംപേർ വിരമിക്കുന്നതോടെ ബസ് സർവീസുകൾ കുറയ്‌ക്കേണ്ടിവരും. എറണാകുളം ഡിപ്പോയിൽ മാത്രം 10 പേർ വിരമിക്കുകയാണ്.
രണ്ടുവർഷത്തെ കോവിഡിന്റെ പരിക്കുകൾ ബസ് സർവീസിൽ ഇപ്പോഴുമുണ്ട്. കോവിഡ് കാലത്തിന് മുൻപ് 83 സർവീസുകൾ എറണാകുളത്തുനിന്ന് ഓടിയിരുന്നു. ആ സ്ഥാനത്ത് 65 ഷെഡ്യൂളുകളാണ് ഇപ്പോൾ. നിലവിലുള്ള സർവീസുകളെല്ലാം നടത്താൻ ആളില്ലാതാകുന്ന നിലയിലാണ് കെ.എസ്.ആർ.ടി.സി.
വേണ്ടത്ര ഡ്രൈവർമാരോ കണ്ടക്ടർമാരോ ഇല്ലെങ്കിലും വരുമാനത്തിൽ നല്ലനിലയാണ് എറണാകുളം ഡിപ്പോയ്ക്ക്. 83 ബസുകൾ ഓടിയിരുന്ന കാലത്ത് ഡിപ്പോയുടെ ടാർജറ്റ് 13 ലക്ഷമായിരുന്നു. ഇപ്പോൾ വണ്ടികൾ കുറഞ്ഞിട്ടും ശരാശരി 12 ലക്ഷം രൂപ പ്രതിദിന കളക്ഷനുണ്ട്. തിങ്കൾ, ശനി ദിവസങ്ങളിൽ അത് 13 ലക്ഷം വരെയെത്താറുണ്ട്. ശമ്പളം കിട്ടാതായ വിഷു-ഈസ്റ്റർ കാലത്തും സർവീസ് മുടങ്ങാതെ ജീവനക്കാർ ജോലിയിലുണ്ട്. പ്രതിഷേധങ്ങളുണ്ടെങ്കിലും ബസോട്ടം മുടങ്ങിയില്ല.
അതേസമയം കെ.എസ് ആർ.ടി.സി. ജീവനക്കാർക്ക് പകുതി ശമ്പളത്തോടെ ദീർഘകാല അവധി നൽകുന്ന 'ഫർലോ അവധി' കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിൽ കണ്ടക്ടർ, മെക്കാനിക് തസ്തികകളിലുള്ളവർക്കാണ് അവധിക്ക് അപേക്ഷിക്കാവുന്നത്. വാർഷിക ഇൻക്രിമെന്റ്, പെൻഷൻ എന്നിവയെ ഫർലോ അവധി ബാധിക്കില്ല. രണ്ടു മുതൽ അഞ്ചു വർഷം വരെയാണ് ലീവ് നൽകുന്നത്. തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും ഒപ്പുവെച്ച കരാർപ്രകാരമുള്ളതാണ് ഈ അവധി. എന്നാൽ, ജീവനക്കാർ ഈ അവധിയോട് കാര്യമായി പ്രതികരിക്കുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ