തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അടിമുടി പ്രതിസന്ധി രൂക്ഷം. ധനവകുപ്പു നൽകുമെന്നു പറഞ്ഞ 20 കോടി രൂപ ലഭിക്കാതെ വന്നതോടെയാണ് കോർപ്പറേഷനിൽ വൻ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഡീസൽ വാങ്ങാൻ പണമില്ലാതെ ഇന്നലെ 50% ഓർഡിനറി സർവീസുകൾ ഓടിയില്ല. ഇതോടെ യാത്രക്കാർ വലഞ്ഞു. കിലോമീറ്ററിനു 35 രൂപ വരുമാനമുള്ള ഓർഡിനറി സർവീസുകൾ മാത്രം തൽക്കാലം ഓടിച്ചാൽ മതിയെന്നാണു നിർദ്ദേശം. ദിവസം 6.5 കോടിയാണ് കെഎസ്ആർടിസിയുടെ ശരാശരി വരുമാനം. അതിൽ മൂന്നരക്കോടിയാണു ഡീസൽ ചെലവ്.

ശമ്പളം നൽകാനും ബാങ്കുകളുടെ മുൻവായ്പക്കുടിശിക അടയ്ക്കാനുമായി ധനവകുപ്പ് നൽകുന്ന 50 കോടി രൂപയിൽ 30 കോടി മാത്രമേ ഇതുവരെ നൽകിയിട്ടുള്ളൂ. അതു ബാങ്കുകളുടെ വായ്പക്കുടിശികയായി അടച്ചു. ബാക്കി 20 കോടി രൂപ ആവശ്യപ്പെട്ടുള്ള ഫയൽ ധനമന്ത്രിയുടെ ഓഫിസിൽ നൽകിയിട്ടു മൂന്നാഴ്ചയായിട്ടും പണം ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 5 കഴിഞ്ഞിട്ടും ജീവനക്കാർക്കു ജൂലൈയിലെ ശമ്പളം നൽകാൻ ആലോചന പോലും തുടങ്ങിയിട്ടില്ല.

ഇപ്പോൾ ദിവസേന പണം നൽകിയാണു ഡീസൽ വാങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപറേഷനു മുൻ കുടിശിക 123 കോടിയും പലിശയും ചേർത്തു 139 കോടി കൊടുക്കാനുള്ളതിനാൽ ഇന്ധനം ലഭിക്കില്ല. കൊല്ലം (140), കണ്ണൂർ (69), വയനാട് (46), കാസർകോട് (35), കോട്ടയം (32), പത്തനംതിട്ട (23), തൃശൂർ (18) എന്നിങ്ങനെ വിവിധ ജില്ലകളിൽ ഷെഡ്യൂളുകൾ മുടങ്ങി. കോഴിക്കോട്ട് സ്വകാര്യ പെട്രോൾ ബങ്കിൽനിന്ന് 6,000 ലീറ്റർ ഡീസൽ വാങ്ങിയാണ് അത്യാവശ്യ സർവീസുകൾ നടത്തിയത്. എറണാകുളം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ബുദ്ധിമുട്ടുണ്ടായില്ല.

ഡീസൽ പ്രതിസന്ധി രൂക്ഷമായോടെ കെഎസ്ആർടിസി 50 ശതമാനം ഓർഡിനറി സർവീസുകൾ വെട്ടിക്കുറ്ചിരിക്കയാണ്. വൻ തുക കുടിശിക ആയതിനെ തുടർന്ന് ഡീസൽ നൽകാനാവില്ലെന്ന് എണ്ണക്കമ്പനികൾ അറിയിച്ചു. 135 കോടിയാണ് കുടിശിക. വണ്ടി ഓടിയ പണം കൊണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുത്തപ്പോൾ വണ്ടിക്കുള്ള ഇന്ധനത്തിനുള്ള പണമില്ലാതായതാണ് അവസ്ഥ.

കുടിശ്ശികയായ പണം നൽകാതെ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനം നൽകുന്നത് കമ്പനികൾ ചവിട്ടിപ്പിടിച്ചതോടെ ഓട്ടംനിലച്ച് കട്ടപ്പുറത്തായിരിക്കുകയാണ് സംസ്ഥാനത്തെ മിക്ക ജില്ലകളിലേയും കെ.എസ്.ആർ.ടി.സി ബസ്സുകൾ. മഴയും പ്രകൃതിക്ഷോഭവും കാരണം ദിവസവരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 4.6 കോടി രൂപയാണ് കഴിഞ്ഞ ചൊവ്വാഴ്‌ച്ചത്തെ വരുമാനം. ബാങ്ക് ഓവർഡ്രാഫ്റ്റായി ലഭിച്ച 50 കോടിക്കുശേഷം ബാക്കിയുള്ള ശമ്പളം ദിവസവരുമാനത്തിൽനിന്നാണ് നൽകിയത്. 10 കോടി രൂപയോളം എണ്ണക്കമ്പനികൾക്ക് കുടിശ്ശികയുണ്ട്. സർക്കാരിനോട് അടിയന്തരസഹായധനമായി 20 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.

കടുത്ത പ്രതിസന്ധിയിലേക്കാണ് സ്ഥാപനം നീങ്ങുന്നത്. ജൂണിലെ ശമ്പളം പൂർണമായി നൽകിയിട്ടില്ല. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാർക്ക് ജില്ലതിരിച്ചാണ് ശമ്പളം നൽകുന്നത്. ഇനി രണ്ടു ജില്ലകളിലെ ശമ്പളം നൽകാനുമുണ്ട്. ഇതിനുശേഷം ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും ശമ്പളം നൽകേണ്ടതുണ്ട്. ശമ്പളക്കുടിശ്ശിക തീർക്കാൻ 10 കോടി രൂപയോളം വേണം.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാഡിപ്പോകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവയെ ഓപ്പറേറ്റിങ് സെന്ററാക്കി മാറ്റി ജീവനക്കാരേയും വാഹനത്തേയും കുറച്ചിരുന്നു. ഇതിനിടെയാണ് ഡീസൽ പ്രതിസന്ധിയും വന്നിരിക്കുന്നത്. ഡീസലടിക്കാൻ പണമില്ലാത്തതിനാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഞായറാഴ്ചയും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കാൻ കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ ഉത്തരവുണ്ട്. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം.

നിലവിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഭാഗമായും ഡീസലിന്റെ ലഭ്യത കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും മോശം കാലാവസ്ഥയിലുമാണ് വരുമാനമില്ലാതെ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വരുമാനം ലഭിക്കുന്ന ഫാസ്റ്റ് പാസഞ്ചർ മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾ ശനിയാഴ്‌ച്ചയും ഉച്ചക്ക് ശേഷം കഴിവതും കൃത്യമായി ഓപ്പറേറ്റ് ചെയ്യുകയും ഞായറാഴ്‌ച്ച ഉച്ചക്ക് ശേഷം എല്ലാ ദീർഘദൂര സർവീസുകളും ഓപ്പറേറ്റ് ചെയ്യുകയും തിങ്കളാഴ്‌ച്ച തിരക്ക് ഉണ്ടാകുമ്പോൾ ഏതാണ്ട് പൂർണമായും ഓപ്പറേറ്റ് ചെയ്യുകയും വേണമെന്ന് ഉത്തരവിൽ പറയുന്നു.

അതേസമയം പ്രതിദിനം നാല് ലക്ഷത്തി പതിനായിരം ലിറ്റർ ഡീസലാണ് കെഎസ്ആർടി വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി ഒന്ന് മുതൽ കെഎസ്ആർടിസി ഉൾപ്പടെയുള്ള ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽപ്പെട്ടവർക്ക് വിപണി വിലയേക്കാൾ കൂടുതൽ തുകയ്ക്കാണ് പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ വിൽക്കുന്നത്. കൂടുതൽ തുകയ്ക്ക് ഡീസൽ വാങ്ങേണ്ടി വരുന്നതോടെ പ്രതിദിനം പത്തൊമ്പത് ലക്ഷം രൂപ അധികമായി നൽകേണ്ടിവരും. ഇപ്പോൾ തന്നെ പ്രതിസന്ധിയിലുള്ള കോർപറേഷന്റെ അടച്ചുപൂട്ടലിന് ഇത് വഴിവെക്കുമെന്ന് കെഎസ്ആർടിസി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

സ്വകാര്യ ബസുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോൾ ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാകുന്നത്. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനമാണ്. ലോകത്ത് എല്ലാ ഇടങ്ങളിലും ബൾക് പർച്ചെയ്സർ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്. ലാഭം ഉണ്ടാക്കുന്നതിന് എണ്ണക്കമ്പനികൾ പൊതുമേഖലാ സ്ഥാപനങ്ങളെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ ലാഭത്തിന് വേണ്ടിയല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കെഎസ്ആർടിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.