കൊച്ചി: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിക്ക് പിന്നാലെ പിഎസ് സി വഴി കോർപ്പറേഷനിൽ കണ്ടക്ടർമാരുടെ നിയമനം നടത്താൻ അതിവേഗ നിർദ്ദേശവുമായി ഹൈക്കോടതി. കണ്ടക്ടർ സ്ഥാനത്തേക്ക് അഡൈ്വസ് നിയമനത്തിനായി പി.എസ്.സി അഡ്വവൈസ് മെമോ നൽകിയവർക്ക് രണ്ട് ദിവസത്തിനകം നിയമന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇന്നു തന്നെ നിയമന ഉത്തരവ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഇവർക്ക് പരിശീലനം േവണ്ട, ജോലി തന്നെ പഠിച്ചോളും. 3991 പേർക്ക് നിയമന ഉത്തരവ് നൽകാൻ കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം. കെഎസ്ആർടിസിയെ വിശ്വാസമില്ലെന്ന് ഹൈക്കോടതി വാദത്തിനിടെ അഭിപ്രയപ്പെട്ടു.

നിയമന ഉത്തരവ് കിട്ടുന്നവർക്ക് ഉടൻ ജോലിയിൽ പ്രവേശിക്കാമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. എം.പാനൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കാണിച്ച് കെ.എസ്.ആർ.ടി സി എം.ഡി കോടതിയിൽ നേരിട്ടെത്തി സത്യവാങ് മൂലം നൽകിയിരുന്നു. കക്ഷി ചേരുന്നതിന് ജീവനക്കാർ നൽകിയ ഹർജി പിന്നീട് പരിഗണിക്കും.

അതേസസമയം എംപാനലുകാരുടെ പിരിച്ചുവിടലിനെ തുടർന്ന് ഇന്ന് കെഎസ്ആർടിസിയിൽ നിരവധി സർവീസുകൾ മുടങ്ങി. രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സർവീസുകൾ മുടങ്ങി. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളിൽ നിന്നായി മുപ്പതോളം സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്. ടൗൺ ടു ടൗൺ സർവീസുകളാണ് ഇതിലേറെയും. അതേ സമയം ദീർഘദൂര സർവീസുകൾ മുടക്കം കൂടാതെ നടത്താൻ കെഎസ്ആർടിസി എംഡി നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചിയിൽ പുലർച്ചെ മുതൽ ഓടേണ്ട 62 ൽ 24 ഓളം സർവീസുകൾ മുടങ്ങി. തിരു-കൊച്ചി സർവീസുകളേയും ജനറൽ സർവീസുകളേയുമാണ് ജീവനക്കാരില്ലാത്തത് ബാധിച്ചിരിക്കുന്നത്. മലബാറിൽ രാവിലെ ഏഴ് മണിവരെയുള്ള കണക്കുകൾ പ്രകാരം 79 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. കാസർഗോഡും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തൽമണ്ണയിൽ അഞ്ചും കണ്ണൂരിൽ എട്ടും വയനാട്ടിൽ 26 ഉം സർവീസുകളാണ് മുടങ്ങിയിരിക്കുന്നത്.

എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് മൂലം മലബാർ മേഖലയിൽ വയനാട്ടിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്ന് 281 എംപാനൽ കണ്ടക്ടർമാരേയാണ് പിരിച്ചുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം മാത്രം 55 ഓളം സർവീസുകൾ മുടങ്ങിയിരുന്നു. ഗ്രാമീണ മേഖലകളിലേക്ക് പോകേണ്ട ബസുകളായിരുന്നു ഇതിലധികവും. ഇന്നലെ സംസ്ഥാനത്തുടനീളം എണ്ണൂറിലധികം സർവീസുകൾ മുടങ്ങിയിരുന്നു.

എം.പാനൽ കണ്ടക്ടർമാരുടെ പിരിച്ചുവിടലിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ഇന്ന് സംസ്ഥാനത്ത് 959 സർവീസുകൾ വെട്ടിക്കുറച്ചു. തിരുവനന്തപുരം സോണിൽ 367, എറണാകുളം സോണിൽ 403, കോഴിക്കോട് 189 സർവീസുകളാണ് വെട്ടിക്കുറച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറെസർവീസുകൾ മുടങ്ങിയത്. മലബാറിൽ കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും സർവീസുകൾ ഒഴിവാക്കിയിട്ടുണ്ട്. ഓർഡിനറി സർവീസുകളാണ് മുടങ്ങിയതിൽ ഏറെയും. അവധിയിലുള്ള കണ്ടക്ടർമാരെ തിരിച്ചുവിളിച്ചും ലൈസൻസുള്ള മെക്കാനിക്കൽ ജീവനക്കാരെ കണ്ടക്ടർമാരാക്കിയും പ്രതിസന്ധി നേരിടാൻ ശ്രമം നടത്തിവരികയാണ് എംഡി ടോമിൻ തച്ചങ്കരി.