തിരുവനന്തപുരം: വനിത ജീവനക്കാർ ഉൾപെടുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പങ്കുവെച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് സസ്‌പെൻഷൻ. കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ എം. സാബുവിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

സാബു വീട്ടിൽവെച്ച് അടിവസ്ത്രം ധരിക്കുന്ന വിഡിയോ 35 വനിതാ ജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്‌സാപ് ഗ്രൂപ്പിൽ പങ്കുവെച്ചതായായിരുന്നു പരാതി. നെടുമങ്ങാട് ഇൻസ്പെക്ടർ ബി. ഗിരീഷ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സാബുവിനെതിരെ നടപടിയെടുത്തത്. ഇയാൾ വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് ജോലി ചെയ്ത്‌വരുന്നത്.

ജീവനക്കാരുടെ മക്കൾ ഓൺലൈൻ ക്ലാസുകൾക്കുപയോഗിക്കുന്ന ഫോണിൽ ദൃശ്യങ്ങൾ പ്രചരിച്ചത് കുടുംബങ്ങളിൽ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്നാണ് റിപ്പോർട്ട്. സാബുവിന്റെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതര സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷനൽ സെക്രട്ടറി മുഹമ്മദ് അൻസാരിയുടെ ഉത്തരവിൽ പറയുന്നു.