- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടിക്കറ്റുകൾ ചൂടപ്പം പോലെ; 4 ദിവസം കൊണ്ട് ലഭിച്ചത് 27,000 രൂപയും; തലസ്ഥാനത്തിന്റെ രാത്രിക്കാഴ്ച്ചകളെ ആസ്വദിപ്പിച്ച് കെഎസ്ആർടിസി ഡബിൾ ഡെക്കർ; കെ സ്വിഫ്റ്റിന് പിന്നാലെ ഹിറ്റടിച്ച് ഡബിൾ ഡെക്കറും
തിരുവനന്തപുരം: നിരവധി നെഗറ്റീവ് പബ്ലിസിറ്റികളെ അതിജീവിച്ച് കെ സ്വിഫ്റ്റ് വിജയപ്രയാണം തുടരുകയാണ്.ചുരുങ്ങിയ ദിവസം കൊണ്ട് ഉണ്ടാക്കിയ മികച്ച നേട്ടത്തിന്റെ കണക്കുകൾ കഴിഞ്ഞ ദിവസം വകുപ്പ് പുറത്ത് വിട്ടിരുന്നു.ഇപ്പോഴിത ആ സന്തോഷത്തിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി കെ എസ് ആർ ടി സിയെ തേടി എത്തിയിരിക്കുകയാണ്.കെ സ്വിഫ്റ്റിന് പിന്നാലെ കെ എസ് ആർ ടി സി ഡബിൾ ഡക്കർ കൂടി ഹിറ്റടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
തലസ്ഥാന നഗരത്തിന്റെ കാഴ്ചകൾ രാജകീയമായി കാണാൻ അവസരമൊരുക്കുന്നതാണ് കെഎസ്ആർടിസി പുതിയ ഡബിൾ ഡെക്കർ ഓപ്പൺ ബസുകളിൽ നടത്തുന്ന 'സിറ്റി റൈഡ്' സർവീസുകൾ. സർവീസ് തുടങ്ങി ഒരാഴ്ച തികയും മുൻപു വിനോദസഞ്ചാരികളുടെയും കെഎസ്ആർടിസി പ്രേമികളുടെയും യാത്രക്കാരുടെയും ഇടയിൽ പ്രിയമേറുകയാണ് സിറ്റി റൈഡ്
ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടർന്നുള്ള 4 ദിവസങ്ങൾക്കുള്ളിൽ 27,000 രൂപയാണ് ഡബിൾ ഡെക്കറിലൂടെ കെഎസ്ആർടിസിയുടെ പോക്കറ്റിൽ വീണത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സർവീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റു തീരുകയാണ്. റൈഡിന്റെ പ്രചാരണാർഥം ഇന്നലെ വൃദ്ധസദനത്തിലെ 54 അന്തേവാസികൾക്ക് സൗജന്യ സർവീസ് നടത്തി.
പേര് സൂചിപ്പിക്കുന്നതു പോലെ, മുകൾവശം തുറന്നിരിക്കുന്ന ഇരുനില ബസിലാണ് യാത്ര. താഴെ 28 സീറ്റുകളും മുകൾനിലയിൽ 39 സീറ്റുകളുമാണ് ഉള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുള്ള 'ഡേ സിറ്റി റൈഡ്', വൈകിട്ട് 5 മുതൽ രാത്രി 10 വരെയുള്ള 'നൈറ്റ് റൈഡ്' എന്നിങ്ങനെ രണ്ടു തരം സർവീസുകളാണുള്ളത്. രണ്ടിലും ടിക്കറ്റ് നിരക്ക് 250 രൂപ. പ്രാരംഭ ഓഫർ ആയി 200 രൂപ നൽകിയാൽ മതി. ഡേ, നൈറ്റ് റൈഡുകൾ ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്കു 350 രൂപയുടെ ടിക്കറ്റും ലഭ്യം. യാത്രക്കാർക്ക് വെൽകം ഡ്രിങ്ക്, സ്‌നാക്‌സ് തുടങ്ങിയവയും ഇതിനോടൊപ്പം ലഭിക്കും.
രാവിലെ 9ന് കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ഡേ റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം പ്ലാനറ്റേറിയം, സ്റ്റാച്യു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് ഒരു മണിക്കൂർ ഭക്ഷണത്തിനായി ഇടവേളയുമുണ്ട്. സിറ്റി റൈഡുകൾക്കു നിലവിൽ ഫോൺ ബുക്കിങ് സംവിധാനം മാത്രമാണുള്ളത്. സീറ്റ് ബുക്ക് ചെയ്യുന്നതിനായി പേര്, മൊബൈൽ നമ്പർ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ 9447479789, 8129562972 എന്നീ നമ്പറുകളിലേക്കു വാട്‌സാപ് ചെയ്യണം.
മറുനാടന് മലയാളി ബ്യൂറോ