പമ്പ: കെഎസ്ആർടിസി സ്പെഷൽ ഓഫീസറുടെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ ബന്ദിയാക്കി അതിക്രൂരമായി മർദിച്ചു. വിവരമറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പൊലീസ് ഇടപെട്ട് ഗുരുതര പരുക്കേണ്ട കണ്ടക്ടറെ ആശുപത്രിയിലാക്കി. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടർ കുളനട തുമ്പമൺ താഴം പുഴുക്കുന്നിൽ പിഎൻ സന്തോഷിനെ(49)യാണ് പമ്പ സ്പെഷൽ ഓഫീസർ ഷിബുവിന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ബന്ദിയാക്കി മർദിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ തുടങ്ങിയ മർദനം ഇന്ന് പുലർച്ചെ വരെ നീണ്ടു നിന്നു.

പമ്പ സ്പെഷൽ സർവീസിന്റെ ഭാഗമായി ചെങ്ങന്നൂർ പൂളിൽ നിന്നുള്ള ബസിലാണ് സന്തോഷ് ഡ്യൂട്ടി ചെയ്തിരുന്നത്. ചെങ്ങന്നൂരിൽ നിന്ന് വന്ന വാഹനം റിപ്പോർട്ട് ചെയ്യുന്നതിനായി നിലയ്ക്കൽ ഡിപ്പോയിൽ നിർത്തി. ഇതിനിടെ ബസിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ അയ്യപ്പന്മാർ മൂത്രശങ്ക തീർക്കാൻ ഇറങ്ങിപ്പോയി. ഇവിടെ ബസ് ഒരു മിനിറ്റിൽ കൂടുതൽ നിർത്താൻ പാടില്ലെന്നാണ് ചട്ടം. ബസ് എടുത്തു കൊണ്ട് വേഗം സ്ഥലം വിടാൻ കൺട്രോളിങ് ഇൻസ്പെക്ടർ ആവശ്യ്െപ്പട്ടു. കണ്ടക്ടറും ഡ്രൈവറും ബസ് വിടാൻ തുനിഞ്ഞപ്പോൾ യാത്രക്കാർ ബഹളം കൂട്ടി. ഇറങ്ങിപ്പോയവർ തിരിച്ചു വരാതെ ബസ് വിടരുതെന്നായിരുന്നു അവരുടെ ആവശ്യം.

യാത്രക്കാർ ഇറങ്ങിപ്പോയതിന്റെ പേരിൽ കണ്ടക്ടറും കൺട്രോളിങ് ഇൻസ്പെക്ടറുമായി വാക്കേറ്റം നടന്നു. അൽപ്പം താമസിച്ചാണ് ബസ് പുറപ്പെട്ടത്. പമ്പയിൽ ബസ് എത്തിയ ശേഷം കണ്ടക്ടർ സന്തോഷ് വേ ബില്ലും പണവുമായി അവിടുത്തെ കൺട്രോളിങ് ഇൻസ്പെക്ടർ ബിനുവിന്റെ അടുത്തു ചെന്നെങ്കിലും അദ്ദേഹം ഇത് സ്വീകരിച്ചില്ല. എസ്ഓയെ കണ്ടിട്ടു വരാൻ ആവശ്യപ്പെട്ടു. സന്തോഷ് ചെല്ലുമ്പോൾ എസ്ഓ ഷിബു റൂമിലുണ്ടായിരുന്നില്ല. പിന്നീട് വന്ന ഇദ്ദേഹം സന്തോഷിനോട് തട്ടിക്കയറുകയായിരുന്നു. നിലയ്ക്കലിലെ കൺട്രോളിങ് ഇൻസ്പെക്ടർ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിവരങ്ങൾ കൊടുത്തതാണ് ഷിബുവിന്റെ പ്രകോപനത്തിന് കാരണമായത്. യഥാർഥ സംഭവം സന്തോഷ് പറഞ്ഞെങ്കിലും ഷിബു കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, കേട്ടാലറയ്ക്കുന്ന തരത്തിൽ അസഭ്യം വിളിക്കുകയും ചെയ്തു. തർക്കത്തിനൊടുവിൽ തന്തയ്ക്ക് വിളിച്ചപ്പോൾ നിയന്ത്രണം വിട്ട സന്തോഷ് ഷിബുവിനെ കൈയേറ്റം ചെയ്തു. ഇതോടെ ഷിബു തനിക്കൊപ്പമുണ്ടായിരുന്ന നാലു ഡ്രൈവർമാരെ വിളിച്ചു വരുത്തി സന്തോഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

ഒരു മുറിക്കുള്ളിലേക്ക് കയറ്റിയിട്ടിട്ടായിരുന്നു മർദനം. പുറത്തിറങ്ങാൻ അനുവദിക്കാതെ നാലു പേർ കാവലും നിന്നു. ഷിബുവാകട്ടെ പമ്പ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടിയ ശേഷം രാത്രി തന്നെ സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങി. മർദനമേറ്റ് അവശനായ സന്തോഷിനെ മൂത്രമൊഴിക്കാൻ പോലും അനുവദിക്കാതെ നാലംഗ സംഘം കാവൽ നിൽക്കുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസ് സ്ഥലത്ത് ചെന്നപ്പോൾ സന്തോഷിനെ കുറ്റക്കാരനാക്കുന്ന രീതിയിലാണ് അവിടെയുള്ളവർ കഥ മെനഞ്ഞത്. വേബില്ലും പണവും സ്വീകരിക്കാൻ കൺട്രോളിങ് ഇൻസ്പെക്ടർ തയാറുമായിരുന്നില്ല. വേ ബിൽ കിട്ടിയില്ലെന്ന് പറഞ്ഞ് സന്തോഷിനെതിരേ കള്ളക്കേസ് എടുക്കാനുള്ള നീക്കമാണ് നടന്നത്.അന്വേഷണത്തിൽ സംഭവത്തിന്റെ വസ്തുത പിടികിട്ടിയ പൊലീസ് വേ ബില്ലും പണവും സ്വീകരിക്കാൻ കൺട്രോളിങ് ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു. ഇൻസ്പെക്ടർ അതിന് തയാറാകുന്നില്ലെങ്കിൽ മഹസർ എഴുതി പൊലീസ് കൈപ്പറ്റുമെന്നും അറിയിച്ചു. ഇതോടെ പണവും വേബില്ലും ഇൻസ്പെക്ടർ കൈപ്പറ്റി.

തുടർന്ന് പൊലീസ് ജീപ്പിൽ സന്തോഷിനെ പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചു. മർദനത്തിൽ ഗുരുതര പരുക്കേറ്റതിനാൽ സന്തോഷിനെ ഇന്ന് രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ശബരിമല നട തുറന്നിരിക്കുന്ന സന്ദർഭങ്ങളിൽ പമ്പ സ്പെഷൽ ഓഫീസറായി വരുന്ന ഷിബുവിനെ കുറിച്ച് ജീവനക്കാർക്കിടയിൽ വ്യാപക പരാതിയാണുള്ളത്. തന്റെ ഗുണ്ടാസംഘമായി പ്രവർത്തിക്കുന്ന ചില ജീവനക്കാരെ ഇയാൾ ഈ സമയം ഒപ്പം കൂട്ടും. തനിക്കെതിരേ ആരെങ്കിലും പറഞ്ഞാൽ കൈകാര്യം ചെയ്യുന്നതിനാണ് സ്വന്തം ഗുണ്ടാ സംഘത്തെ ഇറക്കിയിരിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

കീഴ്ജീവനക്കാരെ അസഭ്യം മാത്രമാണ് വിളിക്കുന്നത്. ഇത് കേട്ട് മടുത്തെന്ന് പമ്പയിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടർമാരിലൊരാൾ പറയുന്നു. ഇയാളെ എതിർത്താൽ പല നടപടികളും നേരിടേണ്ടി വരും. സിപിഎം നേതാക്കളുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് ഷിബു വിലസുന്നതെന്നും പറയുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഷിബുവിനെതിരേ തൊഴിലാളികൾക്കിടയിൽ വ്യാപക അതൃപ്തിയുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.