കോട്ടയം: കെഎസ്ആർടിസിയിലെ ഒരു സ്ഥിരം യാത്രക്കാരിയുടെ സങ്കടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്‌സാപ്പിൽ വൈറലാണ്. സ്ഥിരം യാത്ര ചെയ്യുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസ് ആലുവയിലേക്ക് കൊണ്ടുപോയതാണ് വിഷമത്തിന് കാരണം. ബസ് തിരിച്ച് തരണമെന്നാണ് യുവതിയുടെ ആവശ്യം. വോയ്‌സ് ക്ലിപ്പ് സമൂഹമാധ്യങ്ങളിൽ വൈറലായതോടെ വിഷയം കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ആലുവയിലേക്ക് കൊണ്ടുപോയ കെഎസ്ആർടിസി വേണാട് ബസ് ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി ഉത്തരവിട്ടു.

കെഎസ്ആർടിസി അധികൃതരുമായുള്ള യാത്രക്കാരിയുടെ ഫോൺ സംഭാഷണം വൈറലാവുകയായിരുന്നു. ഇത് പുതുതായി കെഎസ്ആർടിസി എംഡിയായി ചാർജെടുത്ത ടോമിൻ ജെ. തച്ചങ്കരിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇടപെടൽ. രണ്ടാഴ്ച മുൻപാണ് ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറിയത്. ഇത് ഉടൻ തന്നെ തിരിച്ച് നൽകാനാണ് എംഡി ആവശ്യപ്പെട്ടത്.

ബസിലെ സ്ഥിരം യാത്രക്കാരി പേരു വെളിപ്പെടുത്താതെ ആലുവ ഡിപ്പോ അധികൃതരെ ഫോണിൽ വിളിച്ച് ബസ് കൊണ്ടുപോയതിനെതിരെ സംസാരിച്ചിരുന്നു. ഈരാറ്റുപേട്ട കൈപ്പള്ളി, ഈരാറ്റുപേട്ട കോട്ടയം കട്ടപ്പന റൂട്ടിൽ സർവീസ് നടത്തിയ ബസാണിത്. ബസ് ആലുവയിലേക്കു മാറ്റിയതായി കണ്ടക്ടർ സമീർ ഈരാറ്റുപേട്ടയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്.

തുടർന്നാണ് യുവതി ആലുവ ഡിപ്പോയിലേക്കു ഫോൺ ചെയ്യുന്നത്. ജീവനക്കാരെ മാറ്റിയാലും ബസ് കൊണ്ടുപോയതു ശരിയായില്ലെന്ന യുവതിയുടെ നിലപാട് ചർച്ചയായി. 'ബസ് ഞങ്ങളുടെ ജീവനാണ്. ഇതു തിരിച്ചുകൊണ്ടുവരാൻ പരാതി നൽകു'മെന്നും ഫോൺ സംഭാഷണത്തിൽ യുവതി പറഞ്ഞിരുന്നു.

കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ബസ് തിരിച്ചു കൊണ്ടുവരാൻ ഉത്തരവിറക്കി. ഇതിനിടെ ആലുവ ഡിപ്പോയ്ക്ക് കൈമാറിയ ബസ് കണ്ണൂർ ഡിപ്പോയിലേക്കു മാറ്റിയിരുന്നു. ബസ് കൊണ്ടുവരാൻ ഈരാറ്റുപേട്ട ഡിപ്പോയിലെ ജീവനക്കാർ ഇന്നലെ വൈകിട്ട് കണ്ണൂരിലേക്കു പുറപ്പെട്ടു. ഇന്നു വൈകിട്ടു തിരിച്ചെത്തും.