തിരുവനന്തപുരം: വിത്തെടുത്തു കുത്തുക എന്നൊക്കെ പറഞ്ഞാൽ അത് കെഎസ്ആർടിസിയുടെ കാര്യത്തിലാണ്. ശമ്പളം കൊടുക്കാൻ ഗതിയില്ലാത്ത അവസ്ഥയിൽ ഡിപ്പോകൾ പണയം വെച്ചു ശമ്പളം കൊടുക്കാനുള്ള നീക്കങ്ങളാണ് കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്നത്. കെഎസ്ആർടിസിയെ സർക്കാർ തീർത്തും കൈയൊഴിഞ്ഞിട്ടുണ്ട്. സർക്കാർ ഖജനാവ് കാലിയാക്കുന്ന ഈ സംരംഭവുമായി ഇനിയൊരു മുന്നോട്ടു പോക്ക് സാധ്യമല്ലെന്ന് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു കഴിഞ്ഞു. അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി കോർപ്പറേഷന്റെ കാര്യത്തിൽ ഇടപെടുമെന്ന പ്രതീക്ഷയെല്ലാം വെറുതേയായി. ഇതോടെയാണ് ശമ്പളം നൽകാൻ മറ്റു മാർഗ്ഗങ്ങൾ കെഎസ്ആർടിസി തേടുന്നത്.

ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം ഇന്നലെയും വിതരണം ചെയ്തിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഗതാഗത മന്ത്രി ആന്റണി രാജു കണ്ടെങ്കിലും പ്രശ്‌നപരിഹാരത്തിനു വഴിതുറന്നില്ല. മുഖ്യമന്ത്രിയെക്കണ്ട ശേഷം മാധ്യമങ്ങളോടു പ്രതികരിച്ച മന്ത്രി, ട്രേഡ് യൂണിയനുകളുടെ പിടിവാശിക്കു വഴങ്ങില്ലെന്നു നിലപാട് കടുപ്പിക്കുകയും ചെയ്തു.

ശമ്പളക്കാര്യത്തിൽ ആവശ്യമുണ്ടെങ്കിലേ സർക്കാർ ഇടപെടുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ പ്രതീക്ഷയും അതോടെ അസ്തമിച്ചു. അതേസമയം, ശമ്പളത്തിനും മറ്റാവശ്യങ്ങൾക്കുമായി കടമെടുത്ത് കെഎസ്ആർടിസിയുടെ 52 ഡിപ്പോകൾ ബാങ്കുകളിൽ പണയത്തിലാണ്. 3100 കോടിയാണ് ഈ ഡിപ്പോകൾ പണയപ്പെടുത്തി 2018 ൽ കടമെടുത്തത്. ഡിപ്പോയും സബ്ഡിപ്പോയും ഓപ്പറേറ്റിങ് സെന്ററുമായി 94 കേന്ദ്രങ്ങളും 5 റീജനൽ വർക്ഷോപ്പുകളും ചീഫ് ഓഫിസുമാണ് കെഎസ്ആർടിസിക്കുള്ളത്.

അതിൽ 30 ഡിപ്പോ കൂടി പണയപ്പെടുത്തിയാൽ 400 കോടി രൂപ കൂടി വായ്പ ലഭിക്കുമെന്നാണു കണക്കു കൂട്ടുന്നത്. ഇതിനുള്ള ശ്രമങ്ങൾ കോർപ്പറേഷൻ നടത്തുന്നുണ്ട്. എന്നാൽ ധനകാര്യ വകുപ്പും ഇക്കാര്യത്തിൽ നിലപാട് അറിയിക്കേണ്ടതുണ്ട്. സർക്കാരിനെ വിരട്ടി കാര്യം കാണാമെന്നു ട്രേഡ് യൂണിയൻ വാശിയാണ് കെഎസ്ആർടിസി വിഷയത്തിൽ പാളിയത്. ഭീഷണിക്ക് വഴങ്ങില്ലെന്ന് മന്ത്രി ആന്റണി രാജുവും വ്യക്തമാക്കി.

സർക്കാർ നൽകിയ ഉറപ്പുകൾ അംഗീകരിക്കാതെ പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ട് ജനത്തെ ബുദ്ധിമുട്ടിച്ചതു ട്രേഡ് യൂണിയനുകളാണ്. സാമ്പത്തിക സഹായം ലഭിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രിയോടു ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി എംഡി ആംസ്റ്റർഡാമിൽ സെമിനാറിൽ പങ്കെടുക്കാൻ പോയതിനാൽ മാനേജ്‌മെന്റിന്റെ തീരുമാനവും വൈകും.

സിഐടിയു നേതൃത്വം ഇന്നലെ മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചെങ്കിലും കൂടിക്കാഴ്ച നടന്നില്ല. ബിഎംഎസും ടിഡിഎഫും ഇന്നു മുതൽ ഡിപ്പോ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.