തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ പുതിയ ജി.പി.എസ്. അധിഷ്ഠിത ടിക്കറ്റ് മെഷീൻ കരാർ കൂടുതൽ തുകയ്ക്ക് നൽകിയത് വിവാദമാവുന്നു. കുറഞ്ഞതുക സമർപ്പിച്ച തങ്ങളെ മറികടന്ന് കരാർ നൽകിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെൽട്രോൺ പരാതിയുമായി രംഗത്തെത്തി. പരാതിലഭിച്ചെന്ന് ഗതാഗതമന്ത്രി സ്ഥിരീകരിച്ചു.

കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് കെ.എസ്.ആർ.ടി.സി. കരാർ നൽകുന്നത്. പുതിയ ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റവും കംപ്യൂട്ടർവത്കരണവും നടപ്പാക്കാനാണ് കരാർ. സൊസൈറ്റിക്ക് കരാർനൽകിയതിലൂടെ കെ.എസ്.ആർ.ടി.സി.ക്ക് 35 കോടിയുടെ അധികബാധ്യതയുണ്ടാകും.

ബിൽഡ് ഓൺ ഓപ്പറേഷൻ പ്രകാരം അഞ്ചുകൊല്ലത്തേക്കാണ് കരാർ. ടിക്കറ്റ് അടിസ്ഥാനത്തിലായിരുന്നു കരാർതുക നിജപ്പെടുത്തൽ. ഊരാളുങ്കൽ സൊസൈറ്റി ടിക്കറ്റ് ഒന്നിന് 25 പൈസ നിരക്കിലാണ് ക്വോട്ട് ചെയ്തത്. കെൽട്രോണിന്റേത് 20 പൈസയോടടുത്തും. കെൽട്രോണിനെ അപേക്ഷിച്ച് ഒരു വർഷത്തേക്ക് ഏഴുകോടി രൂപ കൂടുതലാണ് ഊരാളുങ്കൽ സൊസൈറ്റി സമർപ്പിച്ച ടെൻഡർ.

അഞ്ചുവർഷത്തേക്ക് കെൽട്രോണിനെക്കാൾ 35 കോടി കൂടുതൽ ചോദിച്ച സൊസൈറ്റിക്ക് കരാർ നൽകുന്നത് ഒഴിവാക്കണമെന്നാണ് കെൽട്രോണിന്റെ ആവശ്യം. തത്സമയപരീക്ഷണത്തിൽ കാണിച്ച മെഷീൻ അല്ല കെൽട്രോൺ ടെൻഡറിൽ വിശദീകരിച്ചിരിക്കുന്നതെന്നാണ് കെ.എസ്.ആർ.ടി.സി.യിലെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. നിയമപ്രകാരം ഒരാൾ മാത്രമേ ടെൻഡറിൽ അവശേഷിക്കുന്നുള്ളുവെങ്കിൽ വീണ്ടും പുതിയ ടെൻഡറുമായി പോകാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു.

ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം ബസുകളിൽ പ്രവർത്തിപ്പിക്കുന്നത് തത്സമയം പരീക്ഷിച്ചപ്പോൾ ടെൻഡർ നൽകിയിരുന്ന മൂന്ന് സ്ഥാപനങ്ങളും ആദ്യം പരാജയപ്പെട്ടു. രണ്ടാമത് അവസരം നൽകിയപ്പോൾ സി-ഡിറ്റ് വീണ്ടും പരാജയപ്പെടുകയും കെൽട്രോണും ഊരാളുങ്കലും വിജയിച്ചെന്നും അധികൃതർ പറയുന്നു.

കുറഞ്ഞ തുകയ്ക്ക് കരാർ ചോദിച്ചിട്ടും കെൽട്രോണിന് നൽകിയില്ലെന്നാണ് കെൽട്രോൺ എം.ഡി. ടി.ആർ. ഹേമലത പറയുന്നത്. തത്സമയപരീക്ഷണത്തിൽ കാണിച്ച മെഷീൻ തന്നെയാണ് ടെൻഡറിലും പറഞ്ഞിട്ടുള്ളത്. സർക്കാർ സ്ഥാപനമായതിനാൽ കുറഞ്ഞതുകയാണ് പറഞ്ഞത്. ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറയുന്നു. അതേസമയം കരാർ സംബന്ധിച്ച പരാതി കിട്ടിയെന്നും അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

കെ.എസ്.ആർ.ടി.സി.യുടെ 95 ഡിപ്പോകളെയും തിരുവനന്തപുരത്തെ ചീഫ് ഓഫീസുമായി ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഇന്റലിജന്റ്സ് ട്രാൻസ്പോർട്ട് സിസ്റ്റം. കൂടാതെ ജി.പി.എസ്. സഹായത്തോടെയുള്ള ഓട്ടോമേറ്റഡ് ടിക്കറ്റിങ് മെഷീൻ വഴി എത്ര ടിക്കറ്റ് കൊടുത്തു, കണ്ടക്ടർ എന്തുചെയ്യുന്നു, ബസിന്റെ പോക്ക് എങ്ങനെ എന്നൊക്കെ കൃത്യമായി മനസ്സിലാക്കാനും സാധിക്കും. ചീഫ് ഓഫീസിന് ജി.പി.എസിലൂടെ എല്ലാം നിയന്ത്രിക്കാനാവുമെന്നു ചുരുക്കം.