തിരുവനന്തപുരം: ഒരു ഹൈക്കോടതി വിധി കൊണ്ട് കെഎസ്ആർടിസി നേരിടുന്നത് കടുത്ത വെല്ലുവിളികളാണ്. കോർപ്പറേഷന്റെ അടിത്തറ തോണ്ടും വിധത്തിലേക്കാണ് എംപാനൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള ഉത്തരവ് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുന്നത്. കണ്ടക്ടർമാരെ പിരിച്ചു വിട്ടതോടെ കെഎസ്ആർടിസി ബസ് സർവീസ് വീണ്ടും അവതാളത്തിലാകുകയാണ്. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമൂലം ഇന്നലെ മുതൽ ബസ് സർവീസുകൾ മുടങ്ങിത്തുടങ്ങി.

തിങ്കളാഴ്ച ഉച്ചയോടെയാണ് പിരിച്ചുവിടൽ നോട്ടീസ് പലർക്കും ലഭിച്ചത്. ഇതോടെ കെ.എസ്.ആർ.ടി.സി.യുടെ 500 ബസുകൾ ഒറ്റയടിക്ക് മുടങ്ങി. ഉച്ചയ്ക്കുശേഷമുള്ള ട്രിപ്പുകളാണ് മുടങ്ങിയത്. വടക്കൻ ജില്ലകളിലും എറണാകുളം, ആലപ്പുഴ ജില്ലകളിലുമാണ് കണ്ടക്ടർമാരുടെ അഭാവം രൂക്ഷമായി ബാധിച്ചത്. ചൊവ്വാഴ്ച ഇതിൽ കൂടുതൽ ബസുകൾ മുടങ്ങാനിടയുണ്ട്. സിംഗിൾ ഡ്യൂട്ടി സംവിധാനമായതിനാൽ ഉച്ചയ്ക്കു ശേഷം ജീവനക്കാർ മാറേണ്ടിവരും. പകരം അയയ്ക്കാൻ ജീവനക്കാരില്ലാത്തതിനെ തുടർന്നാണ് ബസുകൾ മുടങ്ങിയത്. വടക്കൻ ജില്ലകളിൽ വരുംദിവസങ്ങളിൽ യാത്രാക്ലേശം രൂക്ഷമാകാനാണ് സാധ്യത.

ഒട്ടേറെ സർവീസുകൾ റദ്ദായി.ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം ജില്ലയിൽ 995 പേരെ പിരിച്ചുവിട്ടു; 220 സർവീസുകൾ റദ്ദാക്കി. കൊല്ലം ജില്ലയിൽ 221 പേർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. ഇവരുടെ അഭാവം ലോക്കൽ, ചെയിൻ സർവീസുകളെ ബാധിച്ചു. ആലപ്പുഴ 250ൽ പരം എംപാനലുകാരെ പിരിച്ചുവിട്ടു. ഒട്ടേറെ സർവീസുകൾ മുടങ്ങി. പത്തനംതിട്ടയിൽ 30 സർവീസുകൾ മുടങ്ങി.

കോട്ടയത്ത് 376 പേരെ പിരിച്ചുവിട്ടു; 50 സർവീസുകൾ റദ്ദായി. ഇടുക്കിയിൽ 102 സർവീസുകൾ മുടങ്ങി. 263 പേരെയാണ് പിരിച്ചുവിട്ടത്. എറണാകുളത്ത് 377 പേരെ ഒഴിവാക്കി;എറണാകുളം ഡിപ്പോയിൽ 20ൽ അധികം സർവീസ് മുടങ്ങി. തൃശൂരിൽ 261 പേരെ പിരിച്ചുവിട്ടു;44 സർവീസുകൾ റദ്ദാക്കി. മലപ്പുറത്ത് 34 സർവീസുകൾ മുടങ്ങി.85 പേരെ പിരിച്ചുവിട്ടു. കോഴിക്കോട് തിരുവമ്പാടി ഡിപ്പോയിൽ 6 സർവീസുകൾ നിർത്തി. പാലക്കാട് 139 പേരെ വിട്ടു; 12 സർവീസുകൾ മുടങ്ങി. കണ്ണൂരിൽപിരിച്ചുവിട്ടത് 152 പേരെ; റദ്ദാക്കിയത് 21 സർവീസുകൾ. കാസർകോട് 44 സർവീസുകൾ ഇന്നു മുടങ്ങും. ഇന്നലെ പലയിടത്തും സർവീസ് മുടങ്ങി. വയനാട് ജില്ലയിൽ 201 ജീവനക്കാരെ പിരിച്ച് വിട്ടു; 60 സർവീസുകൾ മുടങ്ങി.

പിഎസ്‌സിക്കാരെ കാത്തിരുന്നാൽ കെഎസ്ആർടിസി കുത്തുപാളയെടുക്കും

ഇപ്പോഴത്തെ സാഹചര്യത്തിൽ കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരായ 3861 പേരെ പിരിച്ചുവിട്ടതിനെത്തുടർന്നു ബസ് സർവീസുകൾ മുടങ്ങാതിരിക്കാൻ പലവഴി തേടി കെഎസ്ആർടിസി ശ്രമം തുടങ്ങിയിട്ടുണട്. പിഎസ്‌സി പട്ടികയിലുള്ളവർ എത്തിയാലും പരിശീലനം, കണ്ടക്ടർ ലൈസൻസ് എന്നിവയെല്ലാം കഴിഞ്ഞു ഡ്യൂട്ടിയിൽ കയറണമെങ്കിൽ രണ്ടു മാസമെങ്കിലും കഴിയുമെന്നാണു മാനേജ്ന്റിന്റെ കണക്കുകൂട്ടൽ. ഇങ്ങനെ ഇവരെ നിയമിക്കുമ്പോഴേക്കും പല റൂട്ടുകളിലും സർവീസ് മുടങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇതോടെ മുമ്പു ജീവനക്കാരുടെ എതിർപ്പ് മറികടന്ന് എംഡി നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം മാറ്റേണ്ടി വരും. ഓവർടൈം ജോലി ചെയ്യുന്നവർക്ക് വേതനം നൽകി ജോലിക്കിറക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. എന്നാൽ, ഇത് എങ്ങനെ നടപ്പിലാക്കുമെന്ന ആശങ്കയും ശക്തമാണ്. നിലവിൽ സിംഗിൾ ഡ്യൂട്ടി ചെയ്യുന്ന സ്ഥിരം ജീവനക്കാർക്ക് അധിക ഡ്യൂട്ടി ചെയ്താൽ ലഭിക്കുന്നത് എംപാനൽഡ് ജീവനക്കാർക്കു നൽകുന്ന വേതനമായ 480 രൂപ മാത്രമായിരുന്നു. പുതിയ സാഹചര്യത്തിൽ കൂടുതലാളുകളെ ഓവർ ടൈം ഡ്യൂട്ടിയിലേക്ക് ആകർഷിച്ചു സർവീസുകൾ നിലനിർത്താൻ സ്ഥിരം ജീവനക്കാരുടെ വേതനം നൽകാൻ ഉത്തരവിറക്കി. ഇതോടെ ഒരാൾക്കു ശരാശരി 750 രൂപയിലധികം അധിക ഡ്യൂട്ടിക്കു ലഭിക്കും. ഇതെല്ലം കോർപ്പറേഷനെ കാര്യമായി തന്നെ ബാധിക്കും.

ജീവനക്കാർ അനാവശ്യമായി അവധിയെടുക്കുന്നതു തടയാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. യൂണിറ്റ് ഓഫിസുകൾക്കു പകരം ചീഫ് ഓഫിസിന്റെ അനുമതിയോടെ മാത്രം ഇനി അവധി. മെക്കാനിക്കൽ വിഭാഗത്തിൽ കണ്ടക്ടർ ലൈസൻസുള്ള താൽക്കാലിക ജീവനക്കാരെ കണ്ടക്ടർമാരായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലുള്ള ഡ്രൈവർമാരെ ദീർഘദൂര സർവീസുകൾക്കു പുറമേ ചെറിയ റൂട്ടുകളിൽ കണ്ടക്ടർമാരായി വിടും. ഡ്രൈവർമാർ ഏറെയുള്ളതിനാലാണു തീരുമാനം കൈക്കൊണ്ടത്.

പമ്പയിലേക്ക് ജൂനിയർ കണ്ടക്ടർമാരെ നിയോഗിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം. പമ്പയിൽ സർവീസുകൾ മുടങ്ങാതിരിക്കാനായി വിവിധ ഡിപ്പോകളിൽ നിന്നായി 10 വീതം ജൂനിയർ കണ്ടക്ടർമാരെ നിയോഗിച്ചു. 11,000 സ്ഥിരം കണ്ടക്ടർമാരും 5000 ബസുകളുമാണുള്ളത്. സ്ഥിരം ജീവനക്കാരെ ഫലപ്രദമായി വിന്യസിച്ച് ബസ് മുടങ്ങുന്നത് ഒഴിവാക്കാനാണ് ശ്രമം. 1500 കണ്ടക്ടർമാരെ മധ്യ-വടക്കൻ ജില്ലകളിലേക്ക് വിന്യസിച്ചാൽ പ്രതിസന്ധി മറികടക്കാമെന്നാണ് നിഗമനം.

താത്കാലിക അവധിയായി കണ്ടാൽ മതിയെന്ന് ജീവനക്കാരോട് തച്ചങ്കരി

ഇതൊരു താത്കാലിക അവധിമാത്രമായി കണ്ടാൽമതിയെന്ന് കെ.എസ്.ആർ.ടി.സി.യിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക ജീവനക്കാരോട് മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി. വിഷയത്തിൽ മേൽകോടതിയെ സമീപിക്കാൻ കോർപ്പറേഷൻ നീക്കമുണ്ട്. അതുകൊണ്ട് തന്നെ എല്ലാം ശരിയാകുമെന്നാണ് അദ്ദേഹം ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടപ്പെട്ടവരും കേസിൽ കക്ഷിചേരണം. മഹായുദ്ധങ്ങൾ നയിക്കേണ്ടി വരുേമ്പാൾ ചെറിയ യുദ്ധങ്ങൾ തോൽക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങളായി ഈ സ്ഥാപനത്തിന്റെ ഭാഗമാണെന്ന വിശ്വാസത്തിൽ വിയർപ്പൊഴുക്കുന്നവരാണ്. അവരെ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനും മാനേജ്മെന്റിനുമുള്ളത്. ഹൈക്കോടതിയിൽ നടക്കുന്ന കേസിൽ മാനേജ്മെന്റ് വീഴ്ചവരുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കെ.എസ്.ആർ.ടി.സി. കോടതിയിൽ നൽകിയ രേഖകൾ പരസ്യമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

ജീവനക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് ആദ്യംമുതൽ സ്വീകരിച്ചത്. അതിന് സാധ്യമായതെല്ലാം ചെയ്തു. നിർഭാഗ്യവശാൽ കോടതിവിധി എതിരായി. പിരിച്ചുവിടൽ നടപടിക്ക് കോടതി വളരെ കുറഞ്ഞ സമയമാണ് അനുവദിച്ചത്. സാവകാശം കിട്ടുമെന്ന് സ്വാഭാവികമായും പ്രതീക്ഷിച്ചു. വിധി നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യം നേരിടേണ്ടിവരും. 3861 കണ്ടക്ടർമാരെ ഒഴിവാക്കുന്നത് ബസുകൾ മുടക്കിയേക്കാം. ഇക്കാര്യം കോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്ച സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ഇക്കാര്യം ഉൾപ്പെടുത്തും -അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വിധിയാണിതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. 8,000 പേരെ ഒരുമിച്ച് നിയമിക്കുമ്പോൾ ശമ്പളയിനത്തിൽ കൂടുതൽ പണം നൽകേണ്ടിവരും. 4000 ജീവനക്കാർ ഒരുമിച്ച് പുറത്തുപോകുമ്പോൾ സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. വരുമാനനഷ്ടവും ശന്പളവും ആനുകൂല്യവും കൊടുക്കാൻ ബുദ്ധിമുട്ടും. വിധി നടപ്പാക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്‌നങ്ങളിൽ സർക്കാരിന് ആശങ്കയുണ്ട്. റോഡിൽനിന്നു കെ.എസ്.ആർ.ടി.സി. പിൻവലിയുന്ന ഗുരുതരമായ സാഹചര്യമാണ് കേരളത്തിലുണ്ടാവുക. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊട്ടിക്കരഞ്ഞു ചിലർ, ആത്മഹത്യാ ഭീഷണിയും ജീവനക്കാർ

ഹൈക്കോടതിവിധി പാലിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. 3861 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ വികാര നിർഭരമായ രംഗങ്ങൾക്കാണ് മിക്ക ഡിപ്പോകളും സാക്ഷ്യം വഹിച്ചത്. പി.എസ്.സി. പട്ടികയിലുള്ളവരെ നിയമിക്കാൻ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി തിങ്കളാഴ്ചയും അതൃപ്തി പ്രകടിപ്പിച്ചതിനിടെയാണ് നടപടി. രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോഴാണ് പുറത്തായ വിവരം മിക്കവരും അറിയുന്നത്. പലരും പൊട്ടിക്കരഞ്ഞു. പത്തുവർഷത്തോളം സർവീസുള്ളവർവരെ ജോലി നഷ്ടമായ കൂട്ടത്തിലുണ്ട്. കോട്ടയത്ത് കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കയറി ജീവനക്കാരൻ ആത്മഹത്യാഭീഷണി മുഴക്കി. കണ്ടക്ടർ കുട്ടനാട് മിത്രക്കരി വി എസ്. നിഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവർത്തകർ ഇടപെട്ട് അനുനയിപ്പിച്ച് താഴെയിറക്കി.

കോടതി ഉത്തരവ് നടപ്പിലാക്കിയെന്ന് കാണിച്ച് കെ.എസ്.ആർ.ടി.സി. എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം ചൊവാഴ്ച നൽകും. ഹൈക്കോടതിവിധിയിൽ വെള്ളം ചേർക്കുകയോ ധിക്കരിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ നിയമന ഉത്തരവും പിരിച്ചുവിടൽ നോട്ടീസും കഴിഞ്ഞദിവസംതന്നെ നൽകിത്തുടങ്ങി. സർവീസ് മുടങ്ങൽ, പിരിച്ചുവിടുന്നവരോടുള്ള മാനുഷിക പരിഗണന, എണ്ണായിരം ജീവനക്കാരെ നിയമിക്കുമ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് സർക്കാരിന്റെ മുമ്പിലുള്ളത്.