തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പളം സർക്കാർ ജീവനക്കാർക്ക് തുല്യമായി പരിഷ്‌കരിക്കുവാൻ തീരുമാനമായി. ഗതാഗത മന്ത്രി ആന്റണി രാജു കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 2021 ജൂൺ മുതൽ പുതിയ ശമ്പളസ്‌കെയിൽ നിലവിൽ വരും. 2022 ജനുവരിയിലെ ശമ്പളം മുതൽ പുതിയ നിരക്കിലുള്ള ശമ്പളം ലഭിച്ചു തുടങ്ങും. നിലവിലുള്ള അടിസ്ഥാന ശമ്പളം 8730/ രൂപയിൽ നിന്നും 23,000/ രൂപയായി വർദ്ധിപ്പിക്കും. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്‌കെയിലിൽ ലയിപ്പിക്കും. ഫിറ്റ്‌മെന്റ് അലവൻസ് 10 ശതമാനം നിലനിർത്തും.

ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്ക് തസ്തികയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് 6 മാസം പ്രസവാവധിക്ക് പുറമെ 5000 രൂപ അലവൻസോട് കൂടി ഒരു വർഷത്തെ ശൂന്യവേതനാവധി അനുവദിക്കും. സർവ്വീസ് ആനുകൂല്യങ്ങൾക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്‌കരണത്തിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

വീട്ടു വാടക ബത്ത 4 ശതമാനം നിരക്കിൽ കുറഞ്ഞത് 1200/ രൂപ മുതൽ 5000/ രൂപ വരെ വർദ്ധിപ്പിക്കും. ഡി.സി.ആർ.ജി. 7 ലക്ഷത്തിൽ നിന്നും 10 ലക്ഷമായി വർദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് 50 രൂപയും 20ൽ കൂടുതൽ ഡ്യൂട്ടി ചെയ്യുന്നവർക്ക് 100 രൂപയും അധിക ബത്ത നൽകും. പ്രമോഷൻ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേൺ പരിഷ്‌കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഉത്പാദനക്ഷമത വർദ്ധിപ്പിക്കും.

500 കിലോമീറ്റർ വരെയുള്ള ദീർഘദൂര സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടറെ നിയോഗിക്കും. അന്തർസംസ്ഥാന ബസുകളിൽ ക്രൂ ചെയിഞ്ച് നടപ്പാക്കും. ഡ്രൈവർ കം കണ്ടക്ടർ, അക്കൗണ്ടിങ് വിഭാഗം എന്നീ പുതിയ കേഡർ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കൽ ജനറൽ, മെക്കാനിക്കൽ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കൽ വിഭാഗം രണ്ടായി പുനഃസംഘടിപ്പിക്കും. 45 വയസിലധികം പ്രായമുള്ള ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വർഷം വരെ സർവ്വീസ് ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും.

പെൻഷൻ പരിഷ്‌കരണം സംബന്ധിച്ച് പെൻഷൻകാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചർച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കും. എംപാനൽ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുവാൻ 3 അംഗ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി സിഫ്റ്റ് സർക്കാരിന്റെ പ്രഖ്യാപിത നയമായതിനാൽ 2022 ജനുവരിയിൽ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ജീവനക്കാർക്കായി ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നത് കണക്കിലെടുത്ത് ജീവനക്കാർ സംതൃപ്തരാകുമെന്നും പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു.