കൊച്ചി: ഒരുകാലത്ത് സർക്കാറിനെ സേവിച്ച് ആരുടെയും സഹായം കൂടാതെ സ്വന്തം കാലിൽ നിൽക്കാൻ സേവിച്ചവരായിരുന്നു അവർ.. എന്നാൽ, ഇപ്പോൾ തങ്ങളുടേതല്ലാത്ത കാരണത്താൽ നകരിച്ച് മക്കളുടെയും മറ്റ് ബന്ധുക്കളോടും ഇരന്ന് ജീവിക്കേണ്ടി വരുന്നു. സ്വഭാവിക ജീവിതം നയിക്കുമ്പോൾ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകാമെങ്കിലും ചികിത്സക്ക് പണം ഇല്ലാത്തതെ വന്നതോടെ ജീവനൊടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലാണ് ഇക്കൂട്ടർ. പറഞ്ഞു വരുന്നത് കെഎസ്ആർടിസി പെൻഷൻ കാരെ കുറിച്ചാണ്. പണമില്ലാതെ ചികിൽസ മുടങ്ങി രോഗം മൂർച്ഛിച്ച കെഎസ്ആർടിസി പെൻഷൻകാരൻ കൂടി മരിച്ചു.

പുതുവൈപ്പ് വലിയപറമ്പിൽ പരേതനായ വാരിജാക്ഷന്റെ മകൻ റോയി (59) യാണ് ഹൃദയാഘാതം മൂലം മരിച്ചത്. 34 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽനിന്നു മൂന്നരവർഷം മുൻപാണു വിരമിച്ചത്. പെൻഷൻ ലഭിച്ചിട്ട് അഞ്ചു മാസമായെന്നും വിരമിച്ചപ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ പലതും ഇനിയും കിട്ടിയിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. സമാനമായ വിധത്തിൽ ചികിത്സ മുടങ്ങിയതു കൊണ്ട് മരണപ്പെട്ട നിരവധി പെൻഷൻ മുടങ്ങിയത് മൂലം ചികിത്സ മുടങ്ങി നിരവധി പേർ മരിച്ചു. അ്ർഹതപ്പെട്ട പണം സർക്കാർ തന്നെ നൽകാതിരിക്കുമ്പോൾ ഇത് ഒരർത്ഥത്തിൽ ഭരണകൂടത്തിന്റെ കൊലപാതകമായി മാറുകയാണ്.

ദീർഘകാലമായി ഹൃദ്രോഗത്തിനു ചികിൽസയിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ അടിയന്തര ഹൃദയ ശസ്ത്രക്രിയ നിർദേശിച്ചതാണ്. ഒന്നരലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്കു പണം കൈവശമില്ലാത്തിനാൽ നടത്തിയില്ല. കുറച്ചുകാലം ആയുർവേദ ചികിൽസ നടത്തിയെങ്കിലും അതും മുടങ്ങി. തുടർന്നു വലിയ മാനസിക സമ്മർദത്തിലായിരുന്നു. ചികിത്സ മുടങ്ങിയതാണു മരണത്തിലേക്കു നയിച്ചതെന്നു വീട്ടുകാർ പറയുന്നു.

ഭാര്യ വീട്ടുജോലി ചെയ്താണു കുടുംബം പുലർത്തുന്നത്. റോയിയുടെ രണ്ടു പെൺമക്കളിൽ മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഇളയമകൾ എസ്എസ്എൽസി വിദ്യാർത്ഥിനിയാണ്. കുട്ടികളുടെ പഠനമുൾപ്പെടെ വീട്ടവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ കുടുംബം ഏറെ ക്ലേശിച്ചിരുന്നു. റോയിക്കു നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ: സിന്ധ്യ, ബിന്ധ്യ. മരുമകൻ: ടോണി.

പെൻഷൻകാർ ജീവനൊടുക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് സർക്കാർ

കെഎസ്ആർടിസി പെൻഷൻ കിട്ടാതെ പെൻഷൻകാർ ജീവനൊടുക്കുന്നത് തുടരുമ്പോഴും പ്രതിസന്ധി പരിഹരിക്കാൻ ഒരു വഴിയും കാണാതെ സർക്കാരും കെഎസ്ആർടിസിയും. അടുത്തിടെ നിരവധി പേരാണ് ആശ്രിത പെൻഷനും മറ്റും ലഭിക്കാത്തതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്തയിലായത്. കെഎസ്ആർടിസി ഡ്രൈവറായിരുന്ന ഭർത്താവ് മാധവൻ മരിച്ചതിനെ തുടർന്ന് കിട്ടിക്കൊണ്ടിരുന്ന കുടുംബ പെൻഷനായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. കഴിഞ്ഞ 5 മാസമായി അതും മുടങ്ങി. നിത്യച്ചെലവിന് പോലും പണമില്ല. ഇന്നലെ ഉച്ചയോടെയാണ് തങ്കമ്മ തൂങ്ങി മരിച്ചത്. പെൻഷൻ കിട്ടാതെ എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയിലായിരുന്നു തങ്കമ്മയെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പെൻഷൻ കിട്ടാത്ത മനോവിഷമത്തിൽ ഇതുവരെ ആറു പേർ ആത്മഹത്യ ചെയ്തെന്നാണ് പെൻഷൻകാരുടെ സംഘടനകൾ പറയുന്നത്.

ജീവിതം വഴിമുട്ടിയത് 38,000 ത്തോളം പെൻഷൻകാർക്ക്

60 കോടിയാണ് ഒരു മാസത്തെ പെൻഷന് വേണ്ടത്. 38,000 ത്തോളം പെൻഷൻകാരണുള്ളത്. മാസം 175 കോടി കടത്തിലാണ് കെ.എസ്.ആർ.സി. ഓടുന്നത്. സർക്കാർ സഹായത്തിലാണ് കഴിഞ്ഞ മാസങ്ങളിൽ ശമ്പളം കൊടുത്തത്. വായ്പാ തിരച്ചടവിനും മറ്റു ചെലവുകൾക്കും വരുമാനം മാറ്റിയതോടെ പെൻഷന് പണമില്ലാതെയായി. ധനമന്ത്രി തോമസ് ഐസക്ക് കാര്യമായ വാഗ്ദാനമായിരുന്നു ഈ കുടുംബങ്ങൾക്ക് നൽകിയത്. എന്നാൽ, ആ വാക്കു വിശ്വസിച്ചവരൊക്കെ പെരുവഴിയിലായ അവസ്ഥയിലായി.

പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുമെന്നു നേരത്തേ വാഗ്ദാനം നൽകിയിരുന്ന മന്ത്രി ഒടുവിൽ കൈമലർത്തി. ശമ്പളവും പെൻഷനും സർക്കാർ നൽകുന്ന രീതി അധികകാലം മുന്നോട്ടു പോകില്ലെന്നും സംസ്ഥാന സർക്കാരിനു പുതിയ റവന്യു ബാധ്യതകൾ ഏറ്റെടുക്കാനാവില്ലെന്നുമാണ് ഐസക്കിന്റെ പുതിയ നിലപാട്.

ഒരു കൊല്ലമായി ശമ്പളത്തിനും പെൻഷനും വേണ്ട പണം സർക്കാർ നൽകുന്നുവെന്ന തെറ്റായ അവകാശവാദവും മന്ത്രി നിരത്തിയിട്ടുണ്ട്. അഞ്ചു മാസമായി പെൻഷൻ ലഭിക്കാത്തതിൽ പെൻഷൻകാരുടെ പ്രയാസം മനസ്സിലാക്കുന്നുവെന്നു സമ്മതിച്ചതിനുശേഷമുള്ള വരിയിലാണ് ഒരു വർഷമായി സർക്കാർ പണം നൽകുകയോ വായ്പയ്ക്കു ഗാരന്റി നിൽക്കുകയോ ചെയ്തിട്ടുണ്ടെന്നു മന്ത്രി അവകാശപ്പെട്ടത്. ഒരുകാലത്ത് പെൻഷൻകാർക്ക് വേണ്ടി ശക്തമായ വാദിച്ച നേതാവ് ഇപ്പോൾ എല്ലാം മറന്ന അവസ്ഥയിലാണ്.

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ആരുടെയും ഔദാര്യമല്ല, സർവീസ് കാലത്ത് ഒഴുക്കിയ വിയർപ്പിന്റെ വിലയാണ്. ഈ സർക്കാരിന്റെ കാലത്തു പെൻഷനുവേണ്ടി നിങ്ങൾ സമരം ചെയ്യേണ്ടിവരില്ല. പെൻഷൻ മുടങ്ങില്ലെ- ഈ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തോമസ് ചാണ്ടി മന്ത്രിയായപ്പോൾ പെൻഷൻ ഒറ്റ ഗഡുവായി നൽകുമെന്നും പറയുകയായി. ഈ വാഗ്ദാനമെല്ലാം പാളിയതോടെ ആത്മഹത്യയുടെ വക്കിലാണ് പെൻഷൻകാർ.