തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ എന്താകും ജനവിധിയെന്ന കാര്യത്തിൽ ഇടത് സർക്കാർ ഭയപ്പാടിലാണ്. വിവാദങ്ങൾ നേട്ടമാകുമോ കോട്ടമാകുമോ എന്ന് സർക്കാരിനും പൊലീസിനും അറിയാത്ത അവസ്ഥ. ഈ പ്രശ്‌നങ്ങൾക്കിടയിലും ശബരിമലയിൽ വലിയ പ്രതീക്ഷകൾ മാത്രമാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ എസ് ആർ ടി സിക്കുള്ളത്. ഇതുവരെയൊന്നും ആരും പ്രാവർത്തികമാക്കാത്ത ആശയങ്ങളുമായി കെ എസ് ആർ ടി സി എത്തുകയാണ്. അതും അയ്യപ്പഭക്തരുടെ മനസ് പിടിക്കാൻ. ശബരിമലയിലേക്ക് സുഖകരമായ യാത്ര തീർത്ഥാടകർക്കൊരുക്കി പ്രതിസന്ധിയിൽ നിന്ന് കരകയറാനുള്ള ശ്രമമാണ് ആനവണ്ടി നടത്തുന്നത്. ഭക്തരുടെ മനസ്സ് അറിഞ്ഞുള്ള പദ്ധതികളുമായി സിഎംഡി ടോമിൻ തച്ചങ്കരി എത്തുമ്പോൾ അത് ശബരിമല തീർത്ഥാടനത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പോലും മാറ്റി മറിക്കുന്ന തരത്തിലേക്ക് മാറുകയാണ്.

അയ്യപ്പദർശൻ ടൂർ പാക്കേജെന്നാണ് യാത്രാ പദ്ധതിക്ക് കെ എസ് ആർ ടി സി നൽകുന്ന പേര്. എയർപോർട്ടിലും റെയിൽവേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയിൽവേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ കെ എസ് ആർ ടി സി പ്രതിനിധികൾ സ്വീകരിക്കും. ഇതോടെ അയ്യപ്പഭക്തരെ ആനവണ്ടി ഏറ്റെടുക്കുകയാണ്. ഭക്തരുടെ വേഷത്തിൽ അയ്യപ്പദർശൻ സ്റ്റിക്കറും പതിക്കും. പിന്നെ എല്ലാം കെ എസ് ആർ ടി സി നോക്കും. വിമാനത്താവളത്തിലായാലും റെയിൽവേ സ്‌റ്റേഷനിലായാലും തിരികെ എത്തിക്കുകയും ചെയ്യും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലുമാണ് അയ്യപ്പദർശൻ പരിപാടിയുണ്ടാവുക.

എസി വോൾവോ ബസിലാകും യാത്ര. പമ്പായാത്രയിൽ ഒരു കുപ്പി കുടിവെള്ളം സൗജന്യമായി നൽകും. ബസിൽ മൊബൈൽ ചാർജ്ജ് ചെയ്യുന്നതിനും വൈഫൈ സൗകര്യവും ലഭ്യമായിരിക്കും. അങ്ങനെ അത്യാധുനിക ബസിൽ യാത്ര. യാത്രയ്ക്കിടെ തീർത്ഥാടനത്തെ കുറിച്ചുള്ള വിവരങ്ങൾ ബസിൽ അനൗൺസ് ചെയ്യും. അയ്യപ്പഭക്തിഗാനങ്ങൾ യാത്രയിൽ ഉടനീളം ഭക്തർക്കായി ബസിൽ കേൾപ്പിക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും അയ്യപ്പനെ മാത്രം മനസിൽ ധ്യാനിച്ചുള്ള യാത്ര. യാത്രാ മധ്യേ ആവശ്യപ്പെടുന്നവർക്ക് ടോയിലറ്റ് സൗകര്യവും ലഭ്യമാകും. നിലയ്ക്കലിൽ ബസ് മാറികയറാതെ നേരിട്ട് പമ്പയിൽ ഇറങ്ങാവുന്നതുമാണ്. അതുകൊണ്ട് തന്നെ മറ്റ് അസൗകര്യങ്ങളും ഇല്ല. പമ്പയിൽ ക്ലോക്ക് റൂം സൗകര്യം ലഭ്യമാകും. ഇവിടെ മറ്റ് സാധനങ്ങൾ വച്ച് ഇരുമുടികെട്ടുമായി മല ചവിട്ടാം.

പമ്പയിൽ കെ എസ് ആർ ടി സി പ്രതിനിധികൾ യാത്രക്കാരെ സ്വീകരിക്കും. പൊലീസിന്റെ വിർച്ച്യവൽ ക്യൂ അടക്കമുള്ള ദർശനത്തിന് സൗകര്യവും കെ എസ് ആർ ടി സി തന്നെ ഒരുക്കും. അതായത് ദർശനത്തിന് വേണ്ടി യാതൊരു ബുദ്ധിമുട്ടും ഭക്തർക്ക് ഉണ്ടാകില്ല. ദർശനം കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഒരു ടിൻ ആരവണ പായസം സൗജന്യമായി കെ എസ് ആർ ടി സി നൽകും. തിരികെയുള്ള യാത്രയ്ക്ക് എയർപോർട്ടായാലും റെയിൽവേ സ്‌റ്റേഷനായാലും അതുവരെ കെ എസ് ആർ ടി സി സൗകര്യം ഒരുക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും സുഖയാത്രയാണ് അയ്യപ്പ ഭക്തർക്ക് കെ എസ് ആർ ടി സി ഒരുക്കുക.

നെടുമ്പാശ്ശേരി വിമാനത്താളത്തിൽ നിന്നുള്ള അയ്യപ്പദർശൻ യാത്രയ്ക്ക് ഒരു ഭക്തനിൽ നിന്ന് 1500 രൂപയാണ് കെ എസ് ആർ ടി സി ഈടാക്കുക. ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് 900 രൂപയും. മുൻകൂട്ടി റിസർവ്വ് ചെയ്യാത്തവർക്ക് ബസിൽ ഒഴിവുണ്ടെങ്കിൽ സീറ്റുകൾ കിട്ടും. ഒക്ടോബർ 29 മുതൽ റിസർവേഷൻ സൗകര്യവും ഒരുക്കും. തിരിക്ക് കൂടിയാൽ ശബരിമല ദർശൻ പാക്കേജിൽ നോൺ എസി ബസുകളും ഉൾപ്പെടുത്തും. ഭക്തർ എങ്ങനെയാണ് ഈ പദ്ധതിയെ ഏറ്റെടുക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയാകും ഈ ഇടപെടൽ. യാത്രക്കാർ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ എംഡി തന്നെ നേരിട്ട് എല്ലാം വിലയിരുത്തും. യാത്രക്കാരെ അയ്യപ്പ ഭക്തരായി കണ്ടുള്ള ഇടപെടലാകും ഇത്തവണ കെ എസ് ആർ ടി സി നടത്തുക.

ഇതരസംസ്ഥാനത്ത് നിന്ന് ട്രയിനിലും വിമാനത്തിലും എത്തുന്ന ഭക്തർ ഈ സംവിധാനം പരമാവധി ഉപയോഗിക്കുമെന്നാണ് കെ എസ് ആർ ടി സിയുടെ വിലയിരുത്തൽ. നിലവിലെ പ്രശ്‌നങ്ങളുടെ സാഹചര്യത്തിൽ പരമാവധി സുരക്ഷിതമായി ഭക്തർക്ക് ദർശനമൊരുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംഡി ടോമിൻ തച്ചങ്കരി മറുനാടനോട് പറഞ്ഞു. നെടുമ്പാശ്ശേരിയിൽ 50 പേർ ഇറങ്ങുമ്പോൾ അത്രയും ടാക്‌സികളും പമ്പയിലേക്ക് വരാറുണ്ട്. ഇത് വലിയ ട്രാഫിക് കുരുക്കിനും കാരണമാകും. ഇതും 50 സീറ്റുള്ള ബസിലെ സുഖയാത്രയിലൂടെ കുറയ്ക്കാനാവും. ഇത് പരിസ്ഥിതിക്കും പൊലീസിനും എല്ലാം ഗുണകരമാകുമെന്നും തച്ചങ്കരി പറയുന്നു. ഈ വർഷം ഇത് വിജയം കണ്ടാൽ തുടർ വർഷങ്ങളിൽ ശബരിമല തീർത്ഥാടനത്തിന്റെ രീതികളെ തന്നെ അയ്യപ്പ ദർശനയാത്ര മാറ്റി മറിക്കും.

നെടുമ്പാശ്ശേരിയിൽ നിന്നുള്ള ബസ് നിരക്ക് തന്നെ പമ്പയിലേക്ക് 1100 രൂപയോളം വരും. ഇതിനൊപ്പം അരവണ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ക്ലോക്ക് റൂമുമെല്ലാം ഭക്തർക്ക് ഒരുക്കുന്നുണ്ട്. വലിയ ലാഭേച്ഛ ഇല്ലാതെയാണ് അയ്യപ്പദർശനം പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും തച്ചങ്കരി മറുനാടനോട് പറഞ്ഞു.