- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ മുതൽ ശമ്പള വിതരണം; മാനേജ്മെന്റ് വിചാരിച്ചാൽ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സർക്കാർ ഇടപെടുന്നതെന്നും മന്ത്രി; സിഐടിയു അനിശ്ചിതകാല സമരഭീഷണിയുമായി രംഗത്തുവന്നതോടെ ശമ്പളകാര്യത്തിൽ തീരുമാനമെടുത്തു സർക്കാർ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് നാളെ മുതൽ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയെ നിലനിർത്തേണ്ടത് സർക്കാരിന്റെ ആവശ്യമാണ്. മാനേജ്മെന്റ് വിചാരിച്ചാൽ മാത്രം ശമ്പളം കൊടുക്കാനാവില്ലെന്നും, അതുകൊണ്ടാണ് സർക്കാർ ഇടപെടുന്നതെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ധനമന്ത്രിയുമായി ഇന്നും ചർച്ച നടത്തി. അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നൽകി. ഹൈദരാബാദിലുള്ള ധനമന്ത്രി ഇന്ന് തിരികെയെത്തിയാലുടൻ ഇക്കാര്യത്തിൽ താൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
അഡീഷണൽ തുക അനുവദിക്കുന്നത് കടമാണോ ധനസഹായമാണോ വേണ്ടതെന്ന് ധനവകുപ്പ് തീരുമാനിക്കും. ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ശമ്പളം ആവശ്യപ്പെട്ട് ഈ മാസം അഞ്ചിന് സൂചനപണിമുടക്ക് നടത്തിയ സാഹചര്യത്തിൽ ശമ്പളക്കാര്യം സമരക്കാരും മാനേജ്മെന്റും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കാനായിരുന്നു മന്ത്രി മുമ്പ് നിലപാടെടുത്തിരുന്നത്.
ഇതിനെതിരെ എഐടിയുസി, സിഐടിയു തുടങ്ങിയ തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിരുന്നു. ശമ്പളം ഇനിയും വൈകിയാൽ കടുത്ത സമരത്തിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് ഗതാഗതമന്ത്രി മുൻ നിലപാടിൽ നിന്നും അയഞ്ഞത്.
ശമ്പള വിതരണത്തിനായി 82 കോടി രൂപയാണ് ആവശ്യമായുള്ളത്. നിലവിൽ സർക്കാർ അനുവദിച്ച 30 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കൈയില്ലുള്ളത്. ബാക്കി തുക കെടിഡിഎഫ്സിയിൽ നിന്നടക്കം വായ്പയായി കണ്ടെത്താനാണ് ശ്രമം. ഇതിൽ സർക്കാർ ഗ്യാരന്റി നൽകണം. അധിക ധനസഹായം കണ്ടെത്തുന്നതും, വായ്പയ്ക്ക് ഈട് നിൽക്കുന്നതുമടക്കമുള്ള കാര്യങ്ങൾ ധനമന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നാണ് വിവരം.
അതേസമയം ശമ്പളം വൈകുന്നത്തിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് സിഐടിയു. ജീവനക്കാരുടെ ശമ്പളം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന ഗതാഗതന്ത്രിയുടെ പ്രസ്താവന അപക്വവും അനവസരത്തിൽ ഉള്ളത്താണെന്നും സിഐടിയു വിമർശിച്ചു. വെള്ളിയാഴ്ച ചീഫ് ഓഫീസിന് മുന്നിൽ സിഐടിയു പ്രതിഷേധ സംഗമവും, അനിശ്ചിതകാല പ്രക്ഷോഭ പ്രഖ്യാപനവും നടത്തും. ശനിയാഴ്ച മന്ത്രിമാരുടെ വീടുകളിലേക്ക് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പട്ടിണി മാർച്ച് സംഘടിപ്പിക്കാൻ ബിഎംഎസും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, 700 സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് സിഎംഡി നാളെ തിരിച്ചെത്തുന്നതോടെ എല്ലാം ശകിയാകുമെന്ന് വീണ്ടും പ്രതീക്ഷ. എന്നാൽ, കെഎസ്ആർടിസിയുടെ ശമ്പള പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭായോഗത്തിലും ചർച്ചയായില്ല. പക്ഷേ, സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്.
ഇതുവരെയും ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. എന്ന് കൊടുക്കുമെന്ന കാര്യത്തിൽ തീരുമാനം ഇനിയും ആയിട്ടുമില്ല. പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചർച്ച കെഎസ്ആർടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകൾ വാങ്ങാൻ 455 കോടി രൂപയുടെ സർക്കാർ സഹായം. കിഫ്ബി വഴിയാണ് സഹായം എത്തിക്കുക. പത്ത് മാസത്തിനകം ബസുകൾ വാങ്ങാനാണ് പദ്ധതി. ആയിരം സിഎൻജി ബസ് വാങ്ങാൻ 2016 ലെ ബജറ്റിൽ തീരുമാനം ഉണ്ടായിരുന്നെങ്കിലും അത് നടപ്പായില്ല.
മറുനാടന് മലയാളി ബ്യൂറോ