തിരുവനന്തപുരം: കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം സ്‌കാനിയ എന്നു പറഞ്ഞാൽ നഷ്ടത്തിനു തുല്യം എന്നെ പറയാൻ പറ്റു. വാടയ്ക്കെടുത്ത് നിരത്തിലിറക്കിയിരിക്കുന്ന ബസിന് ആദ്യമാസം നഷ്ടം 21.5ലക്ഷം. അത് രണ്ടുമാസമായപ്പോൾ 67ലക്ഷം തികഞ്ഞ് റെക്കോർഡടടിച്ചു. അതോടെ പരിഷ്‌കാരമെന്നു പറഞ്ഞ് നടപ്പിലാക്കിയ വിഢിത്തനത്തിന് എട്ടിന്റെ പണികിട്ടി. കേട്ടുകേൾവിയില്ലാത്ത കഴുത്തറപ്പൻ വാടക നൽകിയാണ് ബസുകൾ നിരത്തിലിറക്കിയിരുന്നത്. കൂടാത പല തവണ ബസുകൾ അപകടത്തിൽപ്പെട്ടതും കെഎസ്ആർടിസിക്ക് തിരിച്ചടിക്ക് മേൽ തിരിച്ചടിയായിരുന്നു

കടംവാങ്ങി ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകിയ സാഹചര്യത്തിലാണ് ഈ അനാവശ്യ ദൂർത്തെന്ന് അധികാരികൾ ഓർത്താൽ നന്ന്. അതേ ശമ്പളവും പെൻഷനും തന്നെ പല തവണ മുടങ്ങുകയും ചെയ്തു. പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കി കെഎസ്ആർടിക്ക് പുതിയ മുഖം നൽകാനെത്തിയ എംഡി ടോമിൻ തച്ചങ്കരി ഈ കരാർ റദ്ദാക്കാൻ തന്റേടം കാണിക്കുമോയെന്ന് കണ്ടു തന്നെ അറിയണം.

ഈ സാഹചര്യത്തിൽ, വാടകവണ്ടി കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂനിയൻ (എഐടിയുസി) സിഎംഡി ടോമിൻ ജെ തച്ചങ്കരിക്ക് കത്ത് നൽകി. കോർപറേഷന്റെ കൈവശമുള്ള ബസ്സുകൾ ഒഴിവാക്കി വൻ ലാഭം ലക്ഷ്യമിട്ടാണ് വാടക നൽകി സ്‌കാനിയ ബസ്സുകൾ സർവീസിന് ഉപയോഗിച്ചത്.

2017 നവംബർ 1 മുതൽ 10 സ്വകാര്യ സ്‌കാനിയ ബസ്സുകൾ വാടകയ്ക്ക് ഏറ്റെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തിവരുകയാണ്. ഈ സർവീസുകളെല്ലാം കനത്ത നഷ്ടമാണ് നാളിതുവരെ കോർപറേഷനു വരുത്തിവച്ചിട്ടുള്ളത്. 2017 നവംബർ മുതൽ 2018 മാർച്ച് വരെയുള്ള അഞ്ചുമാസത്തിനിടെ ആകെ നഷ്ടം 66,76,002 രൂപയാണ്. സർവീസ് ആരംഭിച്ച നവംബറിലെ നഷ്ടം 21.50 ലക്ഷം രൂപയാണ്. ഡിസംബർ- 5.23 ലക്ഷം, 2018 ജനുവരി- 8.78 ലക്ഷം, ഫെബ്രുവരി- 19.24 ലക്ഷം, മാർച്ച്- 11.98 ലക്ഷം എന്നിങ്ങനെയാണ് നഷ്ടത്തിന്റെ തോത്.

ഏപ്രിലിലെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ നഷ്ടം ഇനിയുമുയരും. നഷ്ടത്തിന്റെ തോത് ഉയരുന്നതല്ലാതെ ലാഭത്തേെിലക്കത്തുമെന്ന ഒരു സൂചനപോലും ഈ കണക്കുകൾ നൽകുന്നില്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. അമിത വാടകയാണ് നഷ്ടത്തിന്റെ പ്രധാന കാരണം. ദീർഘദൂര സർവീസിന് കിലോമീറ്ററിന് 23 രൂപയും ഹ്രസ്വദൂര സർവീസിന് 27 രൂപയും കോർപറേഷൻ സ്‌കാനിയ കമ്പനിക്കു നൽകണം.

നിലവിലെ സർവീസുകളിൽനിന്നു ലഭിക്കുന്ന വരുമാനം വാടകയ്ക്കുപോലും തികയുന്നില്ലെന്നതാണു വസ്തുത. സാധാരണ ബസ്സുകൾ ഓടിക്കിട്ടുന്ന തുകയിൽ നിന്നു ലക്ഷങ്ങൾ സ്വകാര്യ ബസ്സുകൾക്ക് നൽകി നിലനിർത്തിപ്പോരേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നു യൂണിയൻ കത്തിൽ പറയുന്നുണ്ട്.

ഇടിക്ക് മുട്ടില്ലാത്ത ഇടി വണ്ടി
അന്തസ്സംസ്ഥാന പാതകളിലേക്ക് കെ.എസ്.ആർ.ടി.സി. വാങ്ങിയ 18 സ്‌കാനിയ ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെട്ടപ്പോൾ ചോർന്നത് നാലുകോടി രൂപ. തകർന്ന ബസുകൾ നേരെയാക്കാൻ 84.34 ലക്ഷം രൂപ ചെലവിടേണ്ടിവന്നു. വീണ്ടും പാഴ് ചെലവ് .

അപകടത്തെത്തുടർന്ന് 314 ദിവസം ബസുകൾ ഓടിക്കാൻ കഴിഞ്ഞില്ല. ഇതുവഴി ദിവസം 80,000 രൂപയുടെ നഷ്ടമുണ്ടായി. ഒന്നരക്കോടി രൂപവരുന്ന ഒരു ബസ് അപകടത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവർ ഉറങ്ങിയതുകാരണം ബെംഗളൂരുവിൽ ഡിവൈഡറിൽ ഇടിച്ചുകയറി തകർന്ന ബസ് നന്നാക്കിയെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

കോർപ്പറേഷന്റെ മറ്റു അന്തസ്സംസ്ഥാന ബസുകൾകൂടി കണക്കിലെടുത്താൽ മൂന്നു ദിവസത്തിലൊരിക്കൽ ഒരു അപകടമുണ്ടാകുന്നു. ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങൾക്ക് കാരണമെന്ന് കെ.എസ്.ആർ.ടി.സി. നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കുറ്റക്കാരായ ഡ്രൈവർമാർക്കെതിരേ കാര്യമായ ശിക്ഷാനടപടികൾ എടുക്കാറില്ല. മൂന്നു സ്‌കാനിയ ഡ്രൈവർമാരിൽനിന്നു മാത്രമാണ് പിഴ ഈടാക്കിയത്.

നിർത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളുടെ പിന്നിൽ ഇടിച്ചവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മൂന്നു സംഭവങ്ങളിൽനിന്നായി 44,263 രൂപ നഷ്ടപരിഹാരം ഈടാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുമെങ്കിലും കുറ്റക്കാർക്കെതിരെയുള്ള ശിക്ഷ ഒതുക്കും. ഡ്രൈവർമാർക്ക് ഡബിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയിരുന്നപ്പോഴാണ് അപകടനിരക്ക് കാര്യമായി ഉയർന്നത്.

 സ്‌കാനിയയിൽനിന്നും 18 ബസുകൾ ഒരുമിച്ചു വാങ്ങിയെങ്കിലും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയിട്ടില്ല. ഇതുമൂലം കമ്പനി ആവശ്യപ്പെടുന്ന തുക നൽകേണ്ട അവസ്ഥയിലാണ്. സ്‌കാനിയയിൽനിന്നും കൂടുതൽ ബസ് വാങ്ങാൻ സ്ഥാപനം തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ബസുകളുടെ അറ്റകുറ്റപ്പണിക്കുവേണ്ടിയും മെച്ചപ്പെട്ട ഒരു കരാർ ഉണ്ടാക്കാൻ കഴിയുമായിരുന്നു. എന്നാൽ, മാനേജ്മെന്റ് അതിന് തായാറായിട്ടില്ല.

വോൾവോ ബസുകൾക്ക് പകരമാണ് സ്‌കാനിയയിലേക്ക് കെ.എസ്.ആർ.ടി.സി. മാറിയത്. എന്നാൽ, ഇന്ധനക്ഷമതയിൽ സ്‌കാനിയ പിന്നിലാണ്. വോൾവോ ബസുകൾക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്‌കാനിയയുടേത് 2.31 കിലോമീറ്ററും.