തിരുവനന്തപുരം: ഇങ്ങനെ പോയാൽ കെഎസ്ആർടിസിയുടെ കഷ്ടകാലം ഒരു കാലത്തും അവസാനിക്കില്ല. ജീവനക്കാർക്ക് ശമ്പളം നൽകാനും പെൻഷൻ വിതരണം ചെയ്യാനും ഒക്കെ സർക്കാർ നെട്ടോട്ടം ഓടുമ്പോൾ ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടും കെഎസ്ആർടിസിക്ക് നഷ്ടമാകുന്നത് കോടികൾ. ഒരു ശത്തു കൂടി കെഎസ്ആർടിസിയെ രക്ഷിക്കാൻ ശ്രമം നടക്കുമ്പോഴാണ് മറുവശത്ത് കൂടി ജീവനക്കാർ തന്നെ അന്ധകരായി മാറുന്നത്.

കേരള സർക്കാർ സ്വീഡനിൽ നിന്നും വാങ്ങിയ സ്‌കാനിയ ബസുകൾ തുടർച്ചയായി അപകടത്തിൽപ്പെട്ടത് മൂലും സർക്കാരിനുണ്ടായത് നാലു കോടി രൂപയുടെ നഷ്ടം. അന്തസ്സംസ്ഥാന പാതകളിലേക്ക് കെ.എസ്.ആർ.ടി.സി. വാങ്ങിയ 18 സ്‌കാനിയ ബസുകളാണ് തുടർച്ചയായി അപകടത്തിൽപ്പെട്ട് കോടികളുടെ നഷ്ടം ഉണ്ടാക്കി വെച്ചത്. ബസുകൾ നന്നാക്കുന്നതിനും കട്ടപ്പുറത്ത് കയറിയപ്പോൾ സർവ്വീസ് നടത്താതെ വന്നതിലൂടെയുമാണ് ഇത്രയും വലിയ നഷ്ടം സർക്കാരിനുണ്ടായത്.

തകർന്ന ബസുകൾ നേരെയാക്കാൻ 84.34 ലക്ഷം രൂപ ചെലവിടേണ്ടിവന്നു. അപകടത്തെത്തുടർന്ന് 314 ദിവസം ബസുകൾ ഓടിക്കാൻ കഴിഞ്ഞില്ല. ഇതുവഴി ദിവസം 80,000 രൂപയുടെ നഷ്ടമുണ്ടായപ്പോൾ ഒന്നരക്കോടി രൂപവരുന്ന ഒരു ബസ് അപകടത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. ഡ്രൈവർ ഉറങ്ങിയതുകാരണം ബെംഗളൂരുവിൽ ഡിവൈഡറിൽ ഇടിച്ചുകയറി തകർന്ന ബസ് നന്നാക്കിയെടുക്കാൻ കഴിയാത്ത അവസ്ഥയിലായതോടെയാണ് ബസ് നന്നാക്കാൻ പോലും കഴിയാത്ത അവസ്ഥയിലായത്.

സ്‌കാമിയയ്ക്ക് പുറമേ മറ്റു അന്തസ്സംസ്ഥാന ബസുകൾകൂടി കണക്കിലെടുത്താൽ മൂന്നു ദിവസത്തിലൊരിക്കൽ ഒരു അപകടമുണ്ടാകുന്നു. എന്നാൽ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ കാര്യമായ ശിക്ഷാ നടപടി എടുക്കാറില്ല. മൂന്നു സ്‌കാനിയ ഡ്രൈവർമാരിൽനിന്നു മാത്രമാണ് പിഴ ഈടാക്കിയത്. അതും നിസ്സാരമായ പഴ മാത്രം.

നിർത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളുടെ പിന്നിൽ ഇടിച്ചവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. മൂന്നു സംഭവങ്ങളിൽനിന്നായി 44,263 രൂപ നഷ്ടപരിഹാരം ഈടാക്കി. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുമെങ്കിലും കുറ്റക്കാർക്കെതിരെയുള്ള ശിക്ഷ ഒതുക്കും. ഡ്രൈവർമാർക്ക് ഡബിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തിയിരുന്നപ്പോഴാണ് അപകടനിരക്ക് കാര്യമായി ഉയർന്നത്.

ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങൾക്ക് കാരണമെന്ന് കെ.എസ്.ആർ.ടി.സി. നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, കുറ്റക്കാരായ ഡ്രൈവർമാർക്കെതിരേ കാര്യമായ ശിക്ഷാനടപടികൾ എടുക്കാറില്ല. കെ.എസ്.ആർ.ടി.സി. ഡ്രൈവർമാർ അലക്ഷ്യമായി വാഹനമോടിക്കുന്നത് അപകടനിരക്ക് ഉയർത്തുന്നുണ്ടെന്ന് ദക്ഷിണമേഖലാ എ.ഡി.ജി.പി.യുടെ സർക്കുലർ വ്യക്തമാക്കുന്നു. തുടർച്ചയായി അപകടങ്ങളുണ്ടാക്കുന്ന ഡ്രൈവർമാരെക്കുറിച്ചുള്ള വിശദവിവരങ്ങൾ എഫ്.ഐ.ആറിന്റെ പകർപ്പുസഹിതം കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് അയച്ചുകൊടുക്കണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

അതേസമയം വിദേശത്ത് നിന്നും വാങ്ങിയ സ്‌കാനിയ റിപ്പയർ ചെയ്യാൻ ഇവിടുത്തെ ജീവനക്കാർക്ക് അറിയാത്തതും കൂടുതൽ കുഴപ്പത്തിലാക്കുന്നു. സ്‌കാനിയയിൽനിന്നും 18 ബസുകൾ ഒരുമിച്ചു വാങ്ങിയെങ്കിലും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയിട്ടില്ല. ഇതുമൂലം കമ്പനി ആവശ്യപ്പെടുന്ന തുക നൽകേണ്ട അവസ്ഥയിലാണ്. സ്‌കാനിയയിൽനിന്നും കൂടുതൽ ബസ് വാങ്ങാൻ സ്ഥാപനം തയ്യാറെടുക്കുന്നുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ബസുകളുടെ അറ്റകുറ്റപ്പണിക്കുവേണ്ടിയും മെച്ചപ്പെട്ട ഒരു കരാർ ഉണ്ടാക്കാൻ കഴിയുമായിരുന്നു. എന്നാൽ, മാനേജ്മെന്റ് അതിന് ശ്രമിച്ചിട്ടില്ല.

വോൾവോ ബസുകൾക്ക് പകരമാണ് സ്‌കാനിയയിലേക്ക് കെ.എസ്.ആർ.ടി.സി. മാറിയത്. എന്നാൽ, ഇന്ധനക്ഷമതയിൽ സ്‌കാനിയ പിന്നിലാണ്. വോൾവോ ബസുകൾക്ക് ലിറ്ററിന് 2.79 കിലോമീറ്ററാണ് ഇന്ധനക്ഷമത. സ്‌കാനിയയുടേത് 2.31 കിലോമീറ്ററും.