കണ്ണൂർ: ഡീസൽ ക്ഷാമത്തെ തുടർന്ന് കണ്ണൂരിൽ കെ.എസ്.ആർ.ടി.സി സർവീസ് മുടങ്ങി. കണ്ണൂർ ഡിപ്പോയിൽ നിന്നും ഇന്ന് രാവിലെ സർവീസ് നടത്താനിരുന്ന ഭൂരിഭാഗം സർവീസുകളും ഡീസൽ ക്ഷാമം കാരണം മുടങ്ങി. എഴുപതോളം സർവീസുകളാണ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ നിന്നും മുടങ്ങിയത്. പത്തോളം സർവീസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ഡീസൽ ക്ഷാമത്തെ തുടർന്ന് കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകളാണ് താറുമാറായത്.

ഇന്നലെ തൃശ്ശൂർ ഭാഗത്തേക്കുള്ള 12 സർവ്വീസുകളിൽ ഒന്നു മാത്രമാണ് നടത്താനായത്. അതുപോലെ കാസർേകാട്ടെക്കുള്ള 15 സർവ്വീസിൽ രണ്ടുഎണ്ണമാണ് സർവ്വീസ് നടത്തിയത്. കുടിയാന്മല ദേശ സാൽകൃത റൂട്ടിൽ കാലത്ത് നടക്കുന്ന നാല് സർവവീസിൽ ഒന്നുമാത്രമാണ് നടത്തിയത്. മാനന്തവാടി സർവ്വീസും കോഴിക്കോട് സർവ്വീസും മുടങ്ങിയവയിൽ പെടുന്നു.

അതേ സമയം കെഎസ്ആർടിസിക്ക് ഡീസൽ നൽകാൻ അധികൃതർ മടിക്കുമ്പോൾ സിഫ്റ്റ് ബസ്സിന് എണ്ണ നൽകുന്നുണ്ട്. ഇത് വിരോധാഭാസമാണെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാർക്ക് പത്താം തീയതിക്ക് ഉള്ളിൽ ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന അവസരത്തിൽ ഡീസലടിക്കാൻ പോലും പണമില്ലെന്ന് വരുത്തി തീർത്ത് പത്തിന് ഉള്ളിൽ ശമ്പളം നൽകാൻ സാധിക്കില്ലെന്ന് വരുത്തി തീർക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. കെ എസ്ആർടിസിയെ നശിപ്പിക്കാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കരങ്ങളുണ്ടെന്ന് സംശയിക്കുന്നതായി കോൺഗ്രസ് അനുകൂല സംഘടനാനേതാക്കൾ ആരോപിച്ചു.

കാലത്തെ സർവീസ് മുടങ്ങിയതിനെ തുടർന്ന് നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കെ എസ് ആർടിസിക്കുണ്ടായത്.ഉച്ചയോടെ നാലായിരം ലിറ്റർ ഡീസൽ എടക്കാട് പമ്പിൽ നിന്നുമെത്തിയപ്പോഴാണ് ഷെഡ്യൂൾ പുനരാരംഭിച്ചത്. പ്രതിദിനം 12000 ലിറ്ററാണ് എടക്കാട് പെട്രോൾ പമ്പിൽ നിന്നും കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് എത്തിക്കേണ്ടത്.സർവീസ് മുടങ്ങിയതു കാരണം ദീർഘദൂരയാത്രക്കാർ ഉൾപ്പെടെ പലരും ദുരിതത്തിലായി. എന്നാൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നടക്കുന്ന സമരം കാരണമാണ് കെ. എസ്. ആർ. ടി.സിക്ക് ഇന്ധനം ലഭിക്കുന്നതിൽ തടസം നേരിട്ടതെന്നാണ് ഡിപ്പോ അധികൃതർ പറയുന്നത്.